അന്തരിച്ച നടന്‍ സലിം കുമാറിന്‍റെ മരണാനന്തര ചടങ്ങിലെ വിവാദസംഭവങ്ങളില്‍ പ്രതികരിച്ച് സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. പൊതുദർശന വേദിയിൽ മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചു കയറി തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യൽ മീഡിയക്കാർക്കും ഓൺലൈൻ ചാനലുകൾക്കുമെതിരെയാണ് കടുത്ത ഭാഷയിൽ ആലപ്പി അഷ്റഫ് പ്രതികരിച്ചത്. കയ്യിൽ മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. മരണവീട്ടില്‍ ഔചത്യബോധം കാണിക്കണമെന്നും ആലപ്പി അഷ്റഫ് പറഞ്ഞു. 

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍

സലിം കുമാറിന്റെ മരണവാർത്ത അറിഞ്ഞ ഞാൻ അതിരാവിലെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 10 മണിയോടുകൂടി പറവൂരിലെ ടൗൺ ഹാളിൽ എത്തുകയുണ്ടായി. സലിം കുമാറിന്റെ ചേതനയറ്റ ആ ഭൗതിക ശരീരത്തിനരികിലായി ഒരു കസേരയിൽ സാംസ്കാരിക സിനിമാമന്ത്രി വിഷ്ണുനാഥ് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എതിർവശത്തായി സലിം കുമാറിന്റെ ഭാര്യയും മക്കളും ബന്ധുക്കളും ഇരിപ്പുണ്ടായിരുന്നു. നൂറുകണക്കിന് ക്യാമറകളുമായി ചാനലുകാരും നിലയുറപ്പിച്ചിരുന്നു. ഇത്തരം വലിയ സെലിബ്രിറ്റികൾ മരണപ്പെടുമ്പോൾ അത് ഷൂട്ട് ചെയ്ത് അപ്പോഴപ്പോൾ കാണിക്കുക എന്നത് ഒരു പതിവാണല്ലോ. ഇത്തരം വലിയ ചാനലുകാർ മറ്റുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിൽ അകലം പാലിച്ച് ക്യാമറകൾ സെറ്റ് ചെയ്തുകൊണ്ടാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കയ്യിൽ മൊബൈൽ ഫോൺ ഉള്ളവരൊക്കെ ക്യാമറാമാന്മാരായ കാലഘട്ടത്തിൽ അവരുടെ കടന്നുകയറ്റം യാതൊരു ഔചിത്യ ബോധവുമില്ലാത്തതായി മാറിയിരിക്കുകയാണ്. 

ഇത്തരക്കാർ പലപ്പോഴും ഒരു മരണവീടിനെ ഒരു ഉത്സവ പറമ്പ് പോലെയാണ് കാണുന്നതും പെരുമാറുന്നതും. സെൽഫി എടുക്കലും വിഡിയോ ഷൂട്ട് ചെയ്യലും എന്ന് വേണ്ട, മറ്റുള്ളവരുടെ സങ്കടങ്ങളെ ഒപ്പിയെടുത്ത് പ്രദർശിപ്പിക്കാനുള്ള മത്സരമാണ് അവിടെ നടന്നത്. വലിയ ആൾക്കൂട്ടത്തിനിടയിൽ വലിയ സങ്കടാവസ്ഥയിൽ ഇത്തരക്കാർ കാണിക്കുന്ന ഈ പ്രവർത്തി പൊതുജനത്തിനിടയിൽ വലിയ അവമതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ സലിം കുമാറിനും മക്കൾക്കും അദ്ദേഹത്തിന് അന്ത്യചുംബനം നൽകി യാത്രയപ്പ് കൊടുക്കാൻ പോലും അനുവദിക്കാതെ, അവരുടെ സ്വകാര്യതയിൽ കടന്നുകയറി തിക്കും തിരക്കും സൃഷ്ടിച്ച് വിഡിയോയും ഫോട്ടോയും ഒക്കെ എടുക്കാൻ ശ്രമിച്ചപ്പോൾ, തന്റെ പിതാവിന്റെ വേർപാടിൽ ആകെ തകർന്ന് തളർന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന ചന്തുവിന് ശബ്ദമുയർത്തി പ്രതികരിക്കേണ്ടി വന്ന ഗതികേട് ഒന്ന് ചിന്തിച്ചു നോക്കുക.

മരണവീട്ടിൽ കാണിക്കേണ്ട മാന്യത മറന്നു പെരുമാറുന്ന ഇക്കൂട്ടർ തീർച്ചയായും മരണത്തിൽ അവരുടെ ദുഃഖത്തിലും വേദനയിലും പങ്കുചേരാൻ വന്നവരല്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം പ്രവർത്തികൾക്കെതിരെ സമൂഹത്തിലെ പല ഉന്നതരും പ്രതികരിക്കുകയുണ്ടായി. ഇതിനെതിരെ ശക്തമായ ഭാഷയിൽ വളരെ വ്യക്തമായി പ്രതികരിച്ചിരിക്കുന്നു മാധ്യമ പ്രവർത്തകയും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ പൃഥ്വിരാജ്. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം; എന്നാൽ ഇവിടെ ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ, ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്താൻ ശ്രമിക്കുന്ന കഴുകന്മാരെ പോലെ തിരക്കുകൂട്ടുന്നു. 'കുറച്ചു സ്ഥലം തരൂ' എന്നും 'പിന്നോട്ട് മാറൂ' എന്നും 'സമാധാനത്തോടെ കരയണം' എന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു. നാം എന്തായി തീർന്നിരിക്കുന്നു? എല്ലാം അറിയുവാനുള്ള ഈ ആർത്തി എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനകളുണ്ട്, സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം.

മരണവീട്ടിൽ പരിസരബോധമില്ലാതെ പെരുമാറുന്ന ഇത്തരക്കാരോട് വേറെ എന്താ പറയുക? കവിയും സംവിധായകനും നിർമാതാവും ഒക്കെയായ ശ്രീകുമാരൻ തമ്പിസാർ ഇതിനെതിരെ പ്രതികരിച്ചത്, 'എന്റെ സംസ്കാരം നടക്കുന്ന സ്ഥലത്തും ഈ ക്രൂരന്മാരായ സാഡിസ്റ്റുകൾ വരുമെന്ന് എനിക്കറിയാം; അന്ന് എനിക്ക് എഴുന്നേറ്റു നിന്ന് പോയില്ലെടാ നാറികളെ, പോയി മാന്യമായി ജോലി ചെയ്തു ജീവിക്കണമെടാ എന്ന് പറയാൻ കഴിയില്ലല്ലോ, അതുകൊണ്ട് ഇന്ന് തന്നെ ഈ വാചകം അവരോട് പറയുന്നു' എന്നാണ്. മരണവീട്ടിൽ കാണിക്കേണ്ട മര്യാദയുടെ കാര്യത്തിൽ വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും സെലിബ്രിറ്റികളും സാധാരണക്കാരും ഒക്കെ കണക്കാണ്.

ഇക്കഴിഞ്ഞ നാളുകളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്ന ഒരു സ്ത്രീ, മരണവീട്ടിൽ നിന്നുകൊണ്ട് 32 പല്ലും കാണിച്ചു ചിരിച്ചു സംസാരിക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. അതിന്റെ അടിയിൽ വന്ന കമന്റുകൾ കണ്ടാൽ അവരുടെ ഈ പ്രവർത്തിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം മനസ്സിലാക്കാം. 'നിന്റെ കുഞ്ഞമ്മയുടെ മകളുടെ കല്യാണം അല്ലടി അവിടെ നടക്കുന്നത്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഇനിയുള്ള കമന്റുകൾ ഒന്നും പറയാൻ കൊള്ളില്ല, അത്രയ്ക്കും മോശമായിട്ടാണ് ജനം പ്രതികരിച്ചിരിക്കുന്നത്. 

മറ്റൊരു അറിയപ്പെടുന്ന സെലിബ്രിറ്റി നിന്ന് സെൽഫി എടുക്കുന്നു, അതിനെതിരെ ഭാഗ്യലക്ഷ്മി ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഒരു സെലിബ്രിറ്റി അല്ലെങ്കിൽ അറിയപ്പെടുന്ന ഒരാൾ മരണപ്പെടുമ്പോൾ ആ മരണത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എന്നോണം എത്തുന്നവരുടെ എന്തെല്ലാം നാടകങ്ങളും അഭിനയവും ഒക്കെയാണ് നാം കാണേണ്ടത്. സലീം കുമാറിന്റെ മരണത്തിൽ പങ്കെടുക്കാൻ വിഷമത്തോടെ എത്തിയ മുഖ്യമന്ത്രിയെ ഒരു ഇന്റർനാഷ്നൽ വിവരദോഷി ഷാൾ അണിയിക്കാൻ ശ്രമിക്കുന്നതും, അദ്ദേഹം ദേഷ്യത്തോടെ അവന്റെ കൈതട്ടി മാറ്റുന്നതും ഇന്ന് സോഷ്യൽ മീഡിയയിൽ ഒട്ടാകെ പ്രചരിക്കുന്നത് കണ്ടില്ലേ? ഇവനെയൊക്കെ പിടിച്ച് രക്ഷാദൗത്യം നടത്തിയ പിണറായിയുടെ ഗൺമാന്റെ മുന്നിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്.

ടൗൺ ഹാളിൽ കണ്ട മറ്റൊരു കാഴ്ച, ഓരോ വിഐപികൾ വരുമ്പോഴും അവിടെ നിന്നിരുന്ന 10-12 സിനിമാക്കാർ അവരെ ആനയിച്ച് സ്വീകരിച്ച് മൃതദേഹത്തിന്റെ അരികിലേക്ക് കൊണ്ടുപോകുന്നത് കാണാമായിരുന്നു. മരണവീട്ടിൽ അങ്ങനെ ഒരു ആനയിപ്പിന്റെ ആവശ്യമുണ്ടോ? അപ്പോഴെല്ലാം അവിടെ വലിയ തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതിലും വലിയ കോമഡി എന്താണെന്ന് വച്ചാൽ, കണ്ണാടി എടുക്കാതെ കണ്ണുപൊത്തി കരയുന്ന ഒരു നടന്റെ വിഡിയോയും ഫോട്ടോയും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ, 'സ്വന്തം അമ്മയെ അനാഥാലയത്തിൽ ഉപേക്ഷിച്ച മകൻ സലീം കുമാറിന്റെ വേർപാടിൽ കണ്ണുപൊത്തി കളിക്കുന്നു' എന്നാണ്. ഇത്തരത്തിലുള്ള പല കോപ്രായങ്ങളും അവിടെ അരങ്ങേറി എന്നുള്ളത് ഒരു സത്യമാണ്. 

ഇത്തരം ഇടങ്ങളിലും സന്ദർഭങ്ങളിലും സിനിമാക്കാരെങ്കിലും കുറച്ചുകൂടി ഉത്തരവാദിത്വവും ജാഗ്രതയും പുലർത്തേണ്ടതല്ലേ?ജാതിയും മതവുമില്ലാത്ത, സ്വന്തം ഇഷ്ടങ്ങൾക്കും അഭിപ്രായങ്ങൾക്കും വില നൽകി, സ്വന്തം നിലപാടിൽ അടിയുറച്ചു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സലിം കുമാർ. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു മരണാനന്തരമുള്ള മതപരമായ ആചാര അനുഷ്ഠാനങ്ങൾ ഒഴിവാക്കണമെന്നത്. ആ ആഗ്രഹം കുടുംബം അക്ഷരംപ്രതി അനുസരിച്ചു. സലീം കുമാർ ഇവിടം വിട്ടു പോയെങ്കിലും അദ്ദേഹം കലാമേഖലയ്ക്ക് നൽകിയ മഹത്തായ സംഭാവനകളിലൂടെ മരണമില്ലാത്തവനായി നമ്മുടെയൊക്കെ മനസ്സിൽ എന്നും ജീവിക്കും

ENGLISH SUMMARY:

Alappey Ashraf's comments on the controversial events at the funeral of the late actor Salim Kumar highlight the inappropriate behavior of social media users and online channels. He strongly criticized their intrusion, creating chaos and a lack of decorum at a solemn occasion, emphasizing the need for respect and sensitivity during times of mourning.