മരണാനന്തര ചടങ്ങുകളിൽ ആളുകൾ അനുചിതമായി പെരുമാറുന്നതിൽ പ്രതികരിച്ച് നടി മഞ്ജു വാരിയർ. നടൻ സലിംകുമാറിന്‍റെയും തമിഴ് സംവിധായകനായ ഭാഗ്യരാജിന്‍റെയും മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെടുത്തിയയായിരുന്നു മഞ്ജുവിന്‍റെ പ്രതികരണം. സിവിക് സെൻസ് തീരെ ഇല്ലാത്തൊരു സമൂഹമായി നമ്മൾ മാറിയെന്നും മഞ്ജു അഭിപ്രായപ്പെട്ടു.
ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ഹൈബി ഈഡൻ എം.പിയുടെ അവാർഡുവിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മഞ്ജു. മുഖ്യമന്ത്രി വി.ഡി. സതീശനും ഹൈബി ഈഡനും വേദിയിലിരിക്കെയായിരുന്നു മഞ്ജുവിന്‍റെ ഈ പ്രതികരണം. ഉന്നതവിജയം നേടിയ കുട്ടികളോട് നല്ല ജോലിയെ കുറിച്ചും കരിയാറിനെകുറിച്ചും മാത്രമാണ് ആളുകൾ സംസാരിക്കുന്നത്. എന്നാൽ തനിക്ക് പറയാനുള്ളത് ജീവിതത്തിൽ വേണ്ട മറ്റൊരു കാര്യത്തേക്കുറിച്ചാണ് .
‘‘സിവിക് സെന്‍സ് എന്നൊരു വാക്കുണ്ട്. പാഠ പുസ്തകങ്ങളിലൂടെയും മറ്റും പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ള വാക്കാണിത്. അത് വാക്കില്‍ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തില്‍ എത്ര മാത്രം അത് പ്രായോഗികമായിട്ടുണ്ട് എന്നത് ചില അവസരങ്ങളില്‍ ഞാന്‍ ചിന്തിച്ച് പോകാറുണ്ട്. പറയുന്നതിലും നല്ലത്, ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായിരിക്കും.
സമൂഹ മാധ്യമങ്ങളിലൂടെ ഈ അടുത്ത് നമ്മള്‍ കണ്ട ചില കാഴ്ചകളുണ്ട്. നമ്മുടെ പ്രിയപ്പെട്ട നടന്‍ സലിം കുമാര്‍. അദ്ദേഹം അടുത്തിടെ നമ്മളെ വിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടക്കം, സലീമേട്ടന്‍റെ മകന്‍ ചന്തു അടക്കം അവിടെ ഔചിത്യം ഇല്ലാതെ പെരുമാറിയവരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്ന ഒരു സങ്കടകരമായ കാഴ്ച സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഭാഗ്യരാജ് അന്തരിച്ച സമയം, മൊബൈലില്‍ വീട്ടിലെ കാഴ്ചകൾ പകര്‍ത്താന്‍ വന്നവർ, നടി രാധികയെ തട്ടി താഴെ ഇടുന്നതും അതും മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെ ഞാന്‍ കണ്ടു. ഞാൻ കണ്ടത് വേറാരോ ഫോണില്‍ പകര്‍ത്തിയ കാഴ്ചയാണ് എന്ന സത്യം അവിടെ നിലനില്‍ക്കെ, ചില കാര്യങ്ങൾ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.
നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഏത് അവസരത്തിൽ നിൽക്കുന്നുവെന്നും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെന്തെന്നും ബോധ്യമുണ്ടാകണം. ജോലിയുടെ ഭാഗമായും അല്ലാതെയും പല വിദേശ രാജ്യങ്ങളിലും സഞ്ചരിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. അവിടെയൊക്കെ ഞാൻ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. അനുമതി ചോദിച്ചശേഷമാണ് വിദേശങ്ങളിൽ ഒരാളുടെ ചിത്രം പകർത്തുന്നത്. കുട്ടികളുടെയോ എന്തിന് വളർത്തു മൃഗങ്ങളുടെയോ പോലും ചിത്രമെടുക്കുക, ഒരാളോട് അനുവാദം ചോദിച്ച ശേഷമാകും. എല്ലാവരുടെ സ്വകാര്യതയും മാനിക്കപ്പെടേണ്ടതാണെന്ന അവബോധം വേണം.
അത് നമ്മുടെ സമൂഹത്തിൽ എത്രമാത്രം ഉണ്ടെന്ന് അറിയില്ല. സിവിക് സെൻസ് ഉണർന്നു പ്രവർത്തിക്കേണ്ട പല അടിയന്തരഘട്ടങ്ങളും നമ്മുടെ സമൂഹത്തിലും ജീവിതത്തിലും ഇന്ന് ഉണ്ടാകുന്നുണ്ടെന്ന് ഇവിടെ ഓർമിപ്പിക്കണമെന്ന് തോന്നി. അതിനുള്ള അവസരമായി ഈ വേദി ഉപയോഗിക്കുന്നു’’. പൗരബോധം ജീവിതത്തിൽ പ്രാവർത്തികമാക്കുമെന്ന തീരുമാനം വിദ്യാർഥികളെടുക്കണമെന്നും മഞ്ജു കൂട്ടിച്ചേർത്തു.