വയനാട് നായ്ക്കട്ടി ടൗണിൽ തണൽ വിരിച്ചും മധുരം നിറച്ചും ഒരു ഞാവൽമരമുണ്ട്. എന്നാൽ, ഈ മരത്തിന് കേവലമൊരു തണലിന്റെയോ ഫലത്തിന്റെയോ കഥ മാത്രമല്ല പറയാനുള്ളത്. മറിച്ച് ഇന്നും നാട്ടുകാരുടെ മനസ്സിന്റെ തണലോരത്തു ജീവിക്കുന്ന ഒരു മനുഷ്യന്റെ അധ്വാനത്തിന്റെ ഓർമ്മകളുടെ കഥയാണ്.

കറുപ്പഴകിനുള്ളിൽ ഒളിച്ചിരുന്ന് നാവിൽ വയലറ്റ് നിറവും മധുരവും ചവർപ്പും നിറച്ചു കായ്ച്ചുനിൽക്കുന്ന ഒരു ഞാവൽമരം. നായ്ക്കട്ടി ടൗണിലൂടെ കടന്നുപോകുന്നവരുടെയെല്ലാം കണ്ണ് ഇപ്പോൾ ഈ മരത്തിലേക്കാണ് നീളുന്നത്. എന്നാൽ, വെറുമൊരു മധുരത്തിന്റെ രുചി മാത്രമല്ല ഈ ഫലത്തിനുള്ളത്; അതിനപ്പുറം ഒരു വലിയ സ്നേഹത്തിന്റെ കഥ കൂടിയുണ്ട് ഇതിന് പറയാൻ.

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ്, അതായത് 2013-ലെ ഒരു പരിസ്ഥിതി ദിനത്തിലാണ് നായ്ക്കട്ടിയിലെ വ്യാപാരിയായിരുന്ന കൈനാട്ടിക്കൽ ഉസ്മാൻ തന്റെ കെട്ടിടത്തിന് മുന്നിൽ ഒരു ഹൈബ്രിഡ് ഞാവൽതൈ നട്ടുപിടിപ്പിച്ചത്. മനംനിറഞ്ഞ പരിചരണത്തിലൂടെ അദ്ദേഹം അതിനെ വളർത്തി വലുതാക്കി. എന്നാൽ, താൻ നട്ട മരം പൂവിട്ടു കായ്ക്കുന്നത് കാണാൻ നിൽക്കാതെ 2019-ൽ ഉസ്മാൻക്ക ഈ ലോകത്തോട് വിടപറഞ്ഞു.

ഉസ്മാൻക്ക പോയെങ്കിലും അദ്ദേഹം കരുതിവെച്ച സ്നേഹം ഇന്ന് ഈ മരത്തിലൂടെ നാട്ടുകാർക്ക് മധുരമായി പൊഴിയുകയാണ്. യാത്രക്കാരും നാട്ടുകാരും ഒരുപോലെ ഈ പഴങ്ങൾ പറിച്ചു കഴിക്കുന്നു. നാവിലൂറുന്ന ആ മധുരത്തിനൊപ്പം അവരിലേക്ക് ഓടിയെത്തുന്നത് ഉസ്മാൻക്കയുടെ സുന്ദരമായ ഓർമ്മകൾ കൂടിയാണ്. ചില മനുഷ്യർ അങ്ങനെയാണ്... അവർ ഭൂമിയിൽ നിന്ന് കടന്നുപോകുമ്പോഴും തങ്ങൾ ജീവിച്ചിരുന്നു എന്നതിന്റെ അടയാളങ്ങൾ ശേഷിപ്പിക്കും. അത് വാക്കുകളായോ വരികളായോ അല്ല, വരുംതലമുറയ്ക്ക് തണലായും മധുരമായും മാറുന്ന പച്ചപ്പുകളായാണ്. അവർ കൊണ്ട വെയിലാണ് തലമുറകൾക്ക് തണലേകുന്നത്.

ENGLISH SUMMARY:

The Jambul tree in Wayanad's Naiikkatti town offers more than just shade and sweet fruit; it's a living memorial to a local merchant's dedication. Planted years ago by Kainakattil Usman, the tree now provides a sweet legacy and a reminder of his enduring love for the community and nature.