biriyani-sanku-ministry-troll-news

അംഗണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ‘ബിര്‍ണാണി ശങ്കു’വിനെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാക്കിയ മന്ത്രി ബിന്ദു കൃഷ്ണ ‘എയറിലായിട്ട്’ നാളുകളായി. മന്ത്രിയെ സംബന്ധിച്ചുള്ള ഏത് വാര്‍ത്തയ്ക്ക് താഴെയും ഇപ്പോള്‍ കമന്‍റുകളുടെ പൂരമാണ്. കമന്‍റുകള്‍ മാത്രമല്ല ധാരാളം ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇപ്പോളിതാ അത്തരമൊരു ട്രോളില്‍ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്സനൽ സ്‌റ്റാഫ്.

ശങ്കു വിഷയത്തില്‍ ബിന്ദു കൃഷ്ണയെ പരിഹസിച്ച് പ്രശംസിച്ച ട്രോളുകളിലൊന്ന് ഇപ്രകാരമായിരുന്നു... ‘മന്ത്രിയെ ട്രോളിയ ശങ്കുവിനെ അംഗണവാടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു’. ഈ ട്രോളിനെതിരെയാണ് മന്ത്രിയുടെ പഴ്സനൽ സ്‌റ്റാഫംഗം അഡ്വ. ത്രിദീപ് കുമാർ പരാതി നല്‍കിയിരിക്കുന്നത്. ട്രോളെന്ന പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയിലുള്ളത്. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ് ബി. ത്രിദീപ് കുമാർ.

‘അംഗണവാടിയിലെ ഭക്ഷണ മെനുവുമായി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രിയായ ബിന്ദു കൃഷ്ണ‌യെ ഒരു കൊച്ചുകുട്ടി ട്രോളി എന്ന പേരിൽ വാർത്തകളും വന്നു. പിന്നാലെ വകുപ്പ് മന്ത്രിയായ ബിന്ദു കൃഷ്‌ണ ആ കുട്ടിയെ അംഗണവാടിയില്‍ നിന്നും സസ്പെൻഡ് ചെയ്തു എന്ന തരത്തിൽ വ്യാജവാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇത് വ്യാജ വാർത്തയും അടിസ്ഥാന രഹിതമായ കാര്യവുമാണ്. കൊച്ചുകുട്ടിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു എന്ന തരത്തിലും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ആയതിനാൽ ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു’– ത്രിദീപ് കുമാറിന്‍റെ പരാതിയില്‍ പറയുന്നു. 

‘അംഗണവാടിയില്‍ ബിര്‍ണാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിന്‍റെ വിഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണാ ജോര്‍ജ് അംണവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് ഒരു പ്രസംഗത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത്. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്കരിക്കുമെന്നും ബിന്ദു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ 'അവനെ എനിക്ക് ഇഷ്ടാ... ബിര്‍ണാണി ചോദിച്ച കുഞ്ഞുണ്ടല്ലോ, അവന്‍ ചവറയിലെ നമ്മുടെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചീടെ കൊച്ചുമകനാണ്' എന്നും മന്ത്രി പറയുകയുണ്ടായി.

എന്നാല്‍ പിന്നാലെ മന്ത്രിയെ ട്രോളി ബിര്‍ണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ തന്നെ രംഗത്തെത്തി. 'പുതിയ മന്ത്രി ആന്‍റി പറഞ്ഞു ഞാന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാന്‍ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല, എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം' എന്നായിരുന്നു ശങ്കുവിന്‍റെ ട്രോള്‍ വിഡിയോ.

ENGLISH SUMMARY:

The personal staff of Kerala Minister Bindu Krishna has filed an official complaint with the Director General of Police (DGP) over a viral social media troll. The legal petition, submitted by Assistant Private Secretary Adv. B. Thrideep Kumar, flags a satirical post claiming that the viral internet sensation 'Biryani Shanku' (Trijal S. Sundar) was structurally suspended from his Anganwadi. This cyber conflict erupted after Minister Bindu Krishna wrongly claimed in a speech that the young boy was the grandson of local Mahila Congress leader Radhamani Chechi. Shanku dynamically countered the corporate narrative by releasing a clarification video stating his grandmothers' actual names, which instantly triggered an avalanche of online trolls against the minister. While government representatives strongly condemn the dynamic spread of misinformation under the guise of online satire, cyber cell authorities have reportedly initiated a digital investigation.