army-pilot-viral-proposal

Image: Social Media

മഹാരാഷ്ട്രയിലെ നാസിക്കിൽ ബിരുദദാന ചടങ്ങിനു പിന്നാലെ സൈനിക യൂണിഫോമില്‍ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവ പൈലറ്റിന്‍റെ വിഡിയോ, വൈറലായതിന് പിന്നാലെ വിവാദമാകുന്നു. സംഭവത്തിൽ പൈലറ്റിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിനും ബിരുദദാന ചടങ്ങിനും പിന്നാലെയാണ് സംഭവം. ആർമി ഏവിയേഷൻ പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. പരേഡ് ഗ്രൗണ്ടിലെ റൺവേയില്‍ സൈനിക ഹെലികോപ്റ്ററിന്‍റെ പശ്ചാത്തലത്തിലായിരുന്നു സംഭവം. യൂണിഫോമിൽ കാമുകിയുമായി ഹെലികോപ്റ്ററിന്‍റെ അടുത്തേക്ക് നടന്നെത്തിയ ഭരത് മുട്ടുകുത്തി നിന്ന് മോതിരം സമ്മാനിച്ച് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. യുവതി വിവാഹാഭ്യർഥന സ്വീകരിക്കുകയും പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുകയും ചെയ്തു.

കുടുംബാംഗങ്ങളും മറ്റ് ഓഫീസർമാരും അതിഥികളും നോക്കിനിൽക്കെയായിരുന്നു വിവാഹാഭ്യർഥന. വേദിയിലുണ്ടായിരുന്നവര്‍ ആര്‍പ്പുവിളിച്ചും കൈയ്യടിച്ചുമാണ് രംഗത്തെ സ്വീകരിച്ചത്. വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പെട്ടെന്ന് വൈറലായി. നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഒരേസമയം വ്യക്തിപരമായ സന്തോഷത്തിന്റെയും പ്രൊഫഷണൽ നേട്ടത്തിന്റെയും നിമിഷമായി പലരും ഇതിനെ വിശേഷിപ്പിച്ചു. ഔപചാരികമായ ഒരു ചടങ്ങിന്‍റെ വേദി ഹൃദയംഗമമായ മറ്റൊരു നിമിഷത്തിന് വഴിയൊരുക്കി എന്നാണ് പലരും പ്രതികരിച്ചത്.

എന്നാല്‍ പിന്നാലെ സംഭവത്തില്‍ ചര്‍ച്ചകളും ആരംഭിച്ചു. സംഭവം സൈനിക പ്രോട്ടോക്കോളിന്‍റെ ലംഘനമാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഔദ്യോഗിക സൈനിക ചടങ്ങിന് തൊട്ടുപിന്നാലെയുള്ള പ്രവൃത്തി എന്നുമാത്രമല്ല, സൈന്യവുമായി ബന്ധപ്പെട്ട പശ്ചാത്തലമായതിനാല്‍ സൈനിക പ്രോട്ടോക്കോളിനും മര്യാദയ്ക്കും വിരുദ്ധമായാണ് ഈ പ്രവൃത്തിയെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ക്യാപ്റ്റന്‍ ക്യാപ്റ്റൻ ഭരത് ഭരദ്വാജിന് കാണിക്കൽ നോട്ടിസ് നൽകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിഷയത്തിൽ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല. സംഭവം പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ENGLISH SUMMARY:

A romantic marriage proposal by a young military pilot in full uniform during a graduation ceremony in Nashik, Maharashtra, has sparked a major protocol controversy after the video went viral. Captain Bharat Bhardwaj, an Army Aviation pilot, proposed to his girlfriend of five years on the runway of the Combat Army Aviation Training School (CATS) right after the passing out parade. Kneeling in front of a military helicopter, the captain presented a ring to his partner in the presence of family members, guests, and fellow officers who initially cheered the gesture. However, military authorities have viewed the act as a serious breach of strict official protocol, arguing that formal defense settings should not be leveraged for personal displays. Consequently, reports suggest that Captain Bhardwaj is highly likely to face a formal show-cause notice, though the Indian Army has not yet issued an official statement regarding the internal probe.