ഓട്ടോറിക്ഷയില്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് എംവിഡി. ഇത്തരം നിര്‍ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും നിയമം അനുശാസിക്കുന്ന രീതിയില്‍ സര്‍വീസ് തുടരാമെന്നും ഫെയ്സ്ബുക്കില്‍ പങ്കുവച്ച 'പൊതുജന ശ്രദ്ധയ്ക്ക്' എന്ന കുറിപ്പില്‍ വകുപ്പ് വ്യക്തമാക്കി.
കുറിപ്പിങ്ങനെ: ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഓട്ടോറിക്ഷയില്‍ കുട്ടികളെ സ്കൂളില്‍ അയയ്ക്കരുത് എന്ന രീതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഇത്തരത്തില്‍ യാതൊരുവിധ നിര്‍ദേശങ്ങളും നല്‍കിയിട്ടില്ല എന്നുള്ള വിവരവും അറിയിക്കുന്നു. നിലവിലെ നിയമങ്ങള്‍ക്ക് അനുസൃതമായി അനുവദനീയമായ എണ്ണം കുട്ടികളുമായി സുരക്ഷിതമായി സര്‍വീസ് നടത്തുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് യാതൊരുവിധ തടസങ്ങളും ഇല്ല എന്നുള്ള വിവരം അറിയിക്കുന്നു'.