ക്ലാസില്‍ തലകുനിച്ചിരുന്നില്ലെന്ന കാരണത്താല്‍ അഞ്ചുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് ക്ലാസ് ലീഡര്‍. ലഖ്നൗ വൃന്ദാവൻ യോജനയിലെ എ.എൽ.എസ് അക്കാദമിയിലാണ് സംഭവം. ഏകദേശം 12 മിനിറ്റോളം കുട്ടി മര്‍ദനത്തിന് ഇരയായി. ക്ലാസ് ടീച്ചര്‍ പുറത്തുപോയ സമയത്തായിരുന്നു ക്ലാസ് ലീഡറായ കുട്ടിയുടെ ക്രൂരത. കുട്ടിയുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയും മുടിപിടിച്ച് വലിക്കുകയും ചെയ്യുന്നത് സിസിടിവിയില്‍ വ്യക്തമാണ്. അധ്യാപിക പുറത്ത് പോയ സമയത്ത് ക്ലാസിന്‍റെ ചുമതല ക്ലാസ് ലീഡറായിരുന്ന വിദ്യാര്‍ഥിനി ഏറ്റെടുക്കുകയായിരുന്നു.
മര്‍ദനത്തില്‍ കുട്ടിയുടെ മുഖത്ത് ആഴത്തിലുള്ള ക്ഷതങ്ങള്‍ സംഭവിച്ചിച്ചുണ്ട്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് നീര്‍ക്കെട്ടും പാടുകളും കണ്ട മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മര്‍ദനം ഏകദേശം 12 മിനിറ്റോളം നീണ്ടുനിന്നെന്നും എന്നാൽ ഇത് തടയാൻ അധ്യാപകരോ മറ്റ് സ്കൂൾ ജീവനക്കാരോ ഇടപെട്ടില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തിന്റെ 47 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ ക്ലാസ് ലീഡര്‍ മൂന്ന് വിദ്യാർഥികളെ ഒന്നിനുപുറകെ ഒന്നായി മർദിക്കുന്നത് കാണാം. മര്‍ദനത്തിനിരയായ കുട്ടി ഇപ്പോഴും ചികില്‍സയിലാണ്.
സംഭവത്തെത്തുടർന്ന് കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച സ്കൂളിലെത്തിയ രക്ഷിതാക്കള്‍ മര്‍ദനത്തിന് ഉത്തരവാദിയായ കുട്ടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കുട്ടിയെ മർദിച്ച വിദ്യാർഥിനിയെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ കുടുംബത്തിന് ഉറപ്പുനൽകുകയും ചെയ്തു. ഇത് സംബന്ധിച്ച് സ്കൂള്‍ അധികൃതരും കുട്ടിയുടെ കുടുംബവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.