രാജ്യത്താദ്യമായി, കടലിന്‍റെ അടിത്തട്ടിലെ സൂക്ഷ്മ ആവാസ വ്യവസ്ഥയുടെ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ജനങ്ങളിലേക്കെത്താന്‍ തയാറാകുന്നു. കന്യാകുമാരി–തിരുവനന്തപുരം ജില്ലകളിലെ പാരുകളുടെ സമഗ്രപഠനമാണ് റോബര്‍ട്ട് പനിപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഫ്രന്‍റ്സ് ഓഫ് മറൈന്‍ ലൈഫ് എന്ന സംഘടനയുടെ നേതൃത്വത്തില്‍  രേഖപ്പെടുത്തുന്നത്. ലോക സമുദ്രദിനമായ ജൂണ്‍ എട്ടിന് വെബ്സൈറ്റ് തുറക്കും.

വിശാല വര്‍ണലോകമാണ് കടലിന്‍റെ അടിത്തട്ട്. ഓരോ പാരുകളും ഓരോ ആവാസയിടം. ജീവിതം തന്നെ കടലറിവുകള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നതിന് മാറ്റിച്ച റോബര്‍ട്ട് പനിപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് എന്ന പ്രസ്ഥാനമാണ്  തീരക്കടല്‍പ്പാരുകളെ ലോകത്തിന് മുന്നിലെത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തീരങ്ങളിലെ പാരുകളാണ് ചിത്രീകരിച്ചത്. വലിയ തുറയില്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച റോര്‍ബര്‍ട്ടിന് വീടുതന്നെ കടലറിവുകളുടെ വിദ്യാലയമായി. കടല്‍പ്പണിക്കാരും തീരവും സര്‍വകലാശാലയും. 2015 ല്‍ അണ്ടര്‍വാട്ടര്‍ ഡൈവിങ് പഠിച്ച് ചിത്രീകരണം തുടങ്ങി. പിന്നെയതൊരു ജീവിതചര്യയായി. നൂറിലേറെ പാരുകളും അവയിലെ ആവാസവ്യവസ്ഥയും പകര്‍ത്തി.

സൗത്ത് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഫിഷര്‍മെന്‍ സൊസൈറ്റീസ്, ആഴി ആര്‍ക്കൈവ്സ്, സ്കൂബ കൊച്ചിന്‍, കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി , ഫിഷറീസ് വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. ലോക സമുദ്ര ദിനമായ ജൂണ്‍ എട്ടിന് ഓണ്‍ലൈന്‍ റജിസ്റ്റര്‍ നിലവില്‍ വരും. സാമൂഹ്യ പ്രതിബദ്ധതോടെയുള്ള സന്നദ്ധപ്രവര്‍ത്തനത്തിന് മനോരമ ന്യൂസ് നല്‍കുന്ന നാട്ടൂസൂത്രം സീസണ്‍ ത്രീ പുരസ്കാരം റോബര്‍ട്ട് പളനിപ്പിള്ള നേതൃത്വം നല്‍കുന്ന സംഘടനയ്ക്കാണ് ലഭിച്ചത്.