മേയർ കെയർ പദ്ധതിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ വയ്ക്കാത്തതിൽ പരിഭവം പറഞ്ഞ കൗൺസിലര്‍ക്ക് മറുപടിയുമായി ഡെപ്യൂട്ടി മേയർ ആശ നാഥ്. മേയർ കെയർ പദ്ധതിയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍റെ ഫോട്ടോ വെയ്ക്കാത്തത് മനപ്പൂര്‍വമല്ലെന്ന് ആശ നാഥ് പ്രതികരിച്ചു. 'മേയർ കെയർ പദ്ധതി കോര്‍പ്പറേഷന്‍റെ തനത് ഫണ്ടോ പ്ലാന്‍ ഫണ്ടോ ഒന്നുമല്ല. കോര്‍പ്പറേഷന്‍റെ ഇനി വരുന്ന എല്ലാ പരിപാടികളിലും മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ചിട്ടുണ്ട്. കേരള മുഖ്യമന്ത്രി നമ്മുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തോട് എനിക്ക് യാതൊരുവിധ വിരോധവുമില്ല. തിരുവനന്തപുരം നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചുള്ള പരിപാടി അല്ലാത്തത് കൊണ്ട് മാത്രമാണ് ഫോട്ടോ ഇല്ലാത്തത്. മറ്റ് എല്ലാ ഔദ്യോഗിക പരിപാടികള്‍ക്കും മുഖ്യമന്ത്രിയുടെ ഫോട്ടോയുണ്ട്'. – ആശ നാഥ് വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ നടപ്പിലാക്കുന്ന ഒരു പുതിയ ജനക്ഷേമ പദ്ധതിയാണ് മേയർ കെയർ. കിടപ്പുരോഗികൾ, വയോധികർ, അഗതികൾ എന്നിവർക്ക് ആവശ്യമായ വൈദ്യസഹായവും പരിചരണവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമായി 5,050 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകും. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. കോർപറേഷന്റെ തനത് ഫണ്ട് വിനിയോഗിക്കാതെ, വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴിയാണ് പദ്ധതി നടത്തുന്നത്.

ENGLISH SUMMARY:

The Mayor Care project has sparked a debate regarding the absence of Kerala Chief Minister VD Satheesan's photo. Deputy Mayor Asha Nath clarified that it was not intentional and due to the project not being funded by the corporation's own funds, while assuring his photo will be present in future events.