abdul-rahim-life

നഷ്ടപ്പെട്ടുവെന്ന കരുതിയ ജീവിതം തിരിച്ചുപിടിച്ച് അബ്ദുള്‍ റഹീം നാടണയുമ്പോള്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് മനോരമ ന്യൂസും. കൊല്ലപ്പെട്ട സൗദി ബാലന്റ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ കണ്ടെത്താനാകാതെ പകച്ച് നിന്ന കുടുംബത്തിന്റ അവസ്ഥ ആദ്യം പുറത്തുവിട്ടത് മനോരമ ന്യൂസാണ്. വാര്‍ത്ത ഏറ്റെടുത്ത പൊതുസമൂഹം ഒന്നര മാസത്തിനുള്ളില്‍ പിരിച്ചെടുത്തത് 46 കോടി രൂപ.  

2024 ഏപ്രില്‍ 14 നായിരുന്നു റഹീമിന്റ വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നത്. 34 കോടി രൂപ ദയാധനം നല്‍കിയാല്‍ റഹീമിനെ രക്ഷപെടുത്താം. 34 കോടി പോയിട്ട് ഒരു ലക്ഷം രൂപ പോലും കണ്ടെത്താന്‍ വഴിയില്ലാത്തവ അവസ്ഥയിലായിരുന്നു അന്ന് ഉമ്മയ്ക്കും സഹോദരനും. വധശിക്ഷയ്ക്ക് ഒരു മാസം മാത്രം ശേഷിക്കെയാണ് മാര്‍ച്ച് 9 ന് മനോരമ ന്യൂസ് ഇവരുടെ നിസഹായവസ്ഥ പൊതുസമൂഹത്തെ അറിയിച്ചത്. 

വാര്‍ത്ത കണ്ട പലരും സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നു. ഒരു കോടി രൂപ സംഭാവന ചെയ്ത് ബോബി ചെമ്മണ്ണൂര്‍ പണം കണ്ടെത്താനുള്ള ഉദ്യമത്തിന് കരുത്ത് പകര്‍ന്നു. പിന്നെ കണ്ടത് ഒരു റിയല്‍ കേരള സ്റ്റോറിയായിരുന്നു. ആ ഉമ്മയുടെ കണ്ണീരിന് മുന്നില്‍ കേരളം ഒറ്റക്കെട്ടായി. ഒരു മനസായി. ദിവസങ്ങള്‍ക്കുള്ളില്‍ അക്കൗണ്ടിലേക്ക് പണം ഒഴുകിയെത്തി. ലക്ഷ്യമിട്ട 34 കോടിയും കടന്നു. പണം കൈമാറിയതോടെ വധശിക്ഷ ഒഴിവായി. മാസങ്ങള്‍ നീണ്ട  നിയമനടപടികള്‍ക്കൊടുവില്‍ ജയില്‍ ജീവിതവും. 

ENGLISH SUMMARY:

Manorama News played a significant role in helping Abdul Raheem, a Kerala man facing a death sentence in Saudi Arabia, get his life back. The news channel's initial broadcast of the family's desperate situation and the substantial blood money required led to a massive public outpouring of support, ultimately saving Raheem's life.