abdul-rahim-saudi-return

ലോകമെമ്പാടുമുള്ള മലയാളി സമൂഹം നെഞ്ചുരുകി പ്രാർത്ഥിച്ചും കൈകോർത്തും കാത്തിരുന്ന ആ നിമിഷം ഒടുവിൽ യാഥാർത്ഥ്യമായി. സൗദി അറേബ്യയിലെ രണ്ട് പതിറ്റാണ്ടിന്റെ നീണ്ട ജയിൽവാസവും നിയമക്കുരുക്കുകളും പൂർത്തിയാക്കി കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. സൗദി സമയം ഇന്നലെ രാത്രി 11:55-ന് റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്ന് രാവിലെ 7:35-ന് റഹീം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.

2006 നവംബർ 28-നാണ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി റഹീം ഗൾഫിലേക്ക് വണ്ടി കയറുന്നത്. കൃത്യം 20 വർഷങ്ങൾക്കിപ്പുറം, മറ്റൊരു മെയ് 28-ന് റഹീം സ്വന്തം മണ്ണിലേക്ക് തിരികെ കാൽകുത്തുമ്പോൾ അത് ഒരു കുടുംബത്തിന്റെ മാത്രമല്ല, മലയാളി സമൂഹത്തിന്റെ തന്നെ കണ്ണീരും പ്രാർത്ഥനയും സഫലമാകുന്ന നിമിഷമാണ്.

ഈ വലിയ പെരുന്നാൾ ദിനത്തിൽ ഉമ്മ ഫാത്തിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പെരുന്നാൾ സമ്മാനമാണിത്. പലതവണ കോടതികൾ കേസ് മാറ്റിവെച്ചപ്പോൾ നിരാശയിലായ ഉമ്മ, മകൻ എത്തിയ ശേഷം മാത്രമേ ഇനി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കൂ എന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. ആറ് മക്കളിൽ ഏറ്റവും ഇളയവനായ റഹീമിനെ വരവേൽക്കാൻ ബന്ധുക്കളും നാട്ടുകാരും സഹായസമിതി അംഗങ്ങളും ഫറോക്കിലെ വീട്ടിൽ പുലർച്ചെ മുതൽ തടിച്ചുകൂടിയിട്ടുണ്ട്.

"ദൈവാനുഗ്രഹം കൊണ്ട് പെരുന്നാളും ആഘോഷവും റഹീമിന്റെ തിരിച്ചുവരവും എല്ലാം കൂടെ ഒത്തുചേർന്നു. കേരള ജനത ഈ കേസ് ഏറ്റെടുത്തതുകൊണ്ടാണ് അവൻ ഇന്ന് ഈ മണ്ണിൽ നിൽക്കുന്നത്. 34 കോടി രൂപ ചോദിച്ചപ്പോൾ മലയാളികൾ അത് സമാഹരിച്ചു നൽകി. ഈ സ്നേഹത്തിന്റെ വിജയകഥ ലോകത്തിന് മുന്നിലെത്തിച്ച മാധ്യമങ്ങൾക്കും വലിയ നന്ദി." - റഹീമിന്റെ സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിമാനത്താവള കവാടത്തിന് പുറത്ത് റഹീമിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് കാത്തുനിന്നത്. റഹീമിന്റെ മോചനത്തിനായി ദയാധന സമാഹരണത്തിന് മുൻകൈ എടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും കരിപ്പൂരിൽ നേരിട്ടെത്തിയിട്ടുണ്ട്. ലോകത്ത് കേരളം എന്ന ഒരൊറ്റ സ്റ്റേറ്റ് മാത്രമേ ഇങ്ങനെ ഒരു ജീവൻ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കൂവെന്ന് ബോബി പറഞ്ഞു. വധശിക്ഷ ഒഴിവാക്കിയെങ്കിലും ജനറൽ കേസ് ബാക്കി നിന്നതിനാലാണ് ഇത്രയും കാലതാമസം ഉണ്ടായത്. അബ്ദുൽ റഹീമിന് താല്പര്യമുണ്ടെങ്കിൽ തങ്ങളുടെ ജ്വല്ലറിയിൽ നല്ലൊരു ജോലി നൽകാൻ തയ്യാറാണ്. ഒപ്പം, 20 വർഷം ജയിലിൽ കഴിഞ്ഞ റഹീമിന് ഇനി നല്ലൊരു ജീവിതം വേണമെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

2006-ൽ സൗദിയിലെത്തി ദിവസങ്ങൾക്കകം തന്നെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കുന്നതിനിടെയുണ്ടായ അവിചാരിത അപകടത്തെ തുടർന്നാണ് റഹീം കൊലക്കുറ്റത്തിന് ജയിലിലാകുന്നത്. തുടർന്ന് 2011-ൽ സൗദി കോടതി റഹീമിന് വധശിക്ഷ വിധിച്ചു.

എന്നാൽ, മലയാളികൾ ഒറ്റക്കെട്ടായി ഒത്തുചേർന്ന് 34 കോടി രൂപ ദിയാധനം (മോചനദ്രവ്യം) റെക്കോർഡ് വേഗതയിൽ സമാഹരിക്കുകയായിരുന്നു. തുടർന്ന് 2024 ജൂലൈ 22-നാണ് സൗദി കോടതി റഹീമിന്റെ വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കിയത്.  റഹീമിനെ ഫറോക്ക് പേട്ടയിൽ നിന്ന് തുറന്ന ജീപ്പിൽ വൻ ജനവലിയുടെ അകമ്പടിയോടെയാകും വീട്ടിലേക്ക് ആനയിക്കുക. രണ്ടു പതിറ്റാണ്ടിന്റെ ഇരുളടഞ്ഞ ഓർമ്മകളെ മറന്ന് അബ്ദുൽ റഹീം ഇനി സ്വന്തം നാട്ടില്‍ സ്വതന്ത്രനായി ജീവിക്കാം.

ENGLISH SUMMARY:

Abdul Rahim has finally returned to his homeland after two decades of imprisonment and legal battles in Saudi Arabia. This momentous occasion fulfills the prayers and collective efforts of the Malayali community worldwide.