ഇന്ദിരാ ഗാന്ധിയെ ഏറ്റവും കൂടുതല്‍ തവണ വിഡിയോയില്‍ പകര്‍ത്തിയവരിലൊരാള്‍ ഒരു മലയാളിയായിരിക്കും. ഇന്ന് പുലര്‍ച്ചെ ജീവിതത്തിന്‍റെ ക്യാമറയ്ക്ക് ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ മരണം ലെന്‍സ് ക്യാപ്പിട്ട കൊച്ചിക്കാരന്‍ വി.ജി.ജോസഫ് (77). ബ്രഷ്നേവ്, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി ലോക നേതാക്കള്‍ പലരേയും തന്‍റെ ക്യാമറക്കണ്ണിലൂടെ അടുത്തു കണ്ടു ജോസഫ്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ദിരാഗാന്ധി വത്തിക്കാനിലേക്ക് പോയപ്പോള്‍ ദൂരദര്‍ശന്‍ ക്യാമറാമാനായി തിരഞ്ഞെടുത്തത് ജോസഫിനെ. പക്ഷേ മാര്‍പ്പാപ്പയുടെ മുറിയിലേക്ക് ഇന്ദിരയ്ക്ക് മാത്രമായിരുന്നു പ്രവേശനാനുമതി. അതിയായ പ്രതീക്ഷയോടെ വത്തിക്കാനിലെത്തിയ ജോസഫിന് പറഞ്ഞറിയിക്കാനാവാത്ത വിഷമം. അപ്പോഴാണ് വത്തിക്കാനിലെ ഇന്ത്യന്‍ അംബാസഡര്‍ നരേന്ദര്‍ സിങ് മാലാഖയായി അവതരിച്ചത്.
നരേന്ദര്‍ സിങ് മാര്‍പ്പാപ്പയുടെ സെക്രട്ടറിയുടെ അടുത്തേക്ക് ഓടി. പ്രധാനമന്ത്രിയുടെ സംഘത്തില്‍ ഒരു കത്തോലിക്കനുണ്ടെന്നും മാര്‍പ്പാപ്പയെ കാണാന്‍ സാധിച്ചാല്‍ അദ്ദേഹത്തിന് ജന്‍മസാഫല്യമാകുമെന്നും അറിയിച്ചു. നരേന്ദര്‍ സിങ്ങിന്‍റെ വാക്കുകള്‍ കേട്ട മാര്‍പ്പാപ്പ ജോസഫിനെ അകത്തേക്ക് കടത്തിവിടാന്‍ പറഞ്ഞു. അങ്ങനെ മാര്‍പ്പാപ്പയെ കണ്ടതിന്‍റെയും അദ്ദേഹത്തില്‍ നിന്ന് കൊന്ത കിട്ടിയതിന്‍റെയും ആത്മീയാഹ്ളാദവും അനുഭവിക്കാനായി.
1983ല്‍ ഇന്ദിരാഗാന്ധി പങ്കെടുത്ത പരിപാടി ഡല്‍ഹിയില്‍ ചിത്രീകരിക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായ കഥ ഓര്‍ക്കുന്നു ജോസഫിന്‍റെ ഭാര്യാ സഹോദരന്‍ സേവ്യര്‍ ആദപ്പിള്ളി. സുരക്ഷാ ഭടന്‍മാര്‍ കാര്‍പ്പറ്റിട്ട് മൂടിയതുകൊണ്ടുമാത്രമാണ് കടന്നല്‍കുത്തേറ്റ് വീര്‍ത്തമുഖവുമായിട്ടെങ്കിലും അന്ന് ദൂരദര്‍ശന്‍ ക്യാമറാമാനായിരുന്ന വി.ജി.ജോസഫിന് വീട്ടില്‍ മടങ്ങിയെത്താന്‍ സാധിച്ചത്.
വേളി ടൂറിസ്റ്റ് സെന്ററിന്റെ ഇന്നത്തെ മനോഹാരിതയ്ക്ക് പിന്നിൽ വീഡിയോ ജേർണലിസ്റ്റായ ജോസഫിന്റെ സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന് ഓർക്കുന്നു തിരുവനന്തപുരം ദൂരദർശന്റെ പ്രഥമ ഡയറക്ടറായിരുന്ന കെ.കുഞ്ഞികൃഷ്ണൻ. ദൂരദർശന്റെ തിരുവനന്തപുരം കേന്ദ്രം പ്രവർത്തനമാരംഭിച്ച് ഏറെയായില്ല. ചുമതലക്കാരൻ കെ. കുഞ്ഞികൃഷ്ണന്റെ മുന്നിൽ ജോസഫ് എത്തി. 'സർ, ഞാൻ കഴിഞ്ഞ ദിവസം കുടുംബവുമായി വെളിയിൽ പോയിരുന്നു. വളരെ മോശം സാഹചര്യമാണ് അവിടെ. ഞാൻ പോയി കുറച്ച് വിഷ്വൽ എടുത്തു വന്നാൽ സാർ ഒരു സ്റ്റോറി കൊടുപ്പിക്കാമോ' ഒന്നാലോചിച്ച ശേഷം ശരിയെന്നു പറഞ്ഞു കുഞ്ഞികൃഷ്ണൻ. പക്ഷേ ഒരു പ്രശ്നമുണ്ട്. ദൂരദർശൻ സർക്കാരിനെതിരെ വാർത്ത നൽകിയാൽ പ്രശ്നമാകും. സാർ ഉത്തരവാദിത്വമേൽക്കേണ്ടി വരും എന്നായി ജോസഫ്. അതും കുഞ്ഞികൃഷ്ണൻ സമ്മതിച്ചു. അടുത്ത ദിവസം ജോസഫിന്റെ വിഷ്വൽസ് വച്ച് ദൂരദർശൻ ബുള്ളറ്റിനിൽ വേളി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദുരവസ്ഥയെ പറ്റി ഒന്നര മിനിറ്റ് സ്റ്റോറി സംപ്രേഷണം ചെയ്തു.
കുഞ്ഞികൃഷ്ണൻ കാത്തിരുന്ന വിളി വൈകാതെയെത്തി. ടൂറിസം വകുപ്പ് ചുമതലയുണ്ടായിരുന്ന മന്ത്രി വക്കം പുരുഷോത്തമൻ. 'സർക്കാർ നയത്തിനെതിരെ ദൂരദർശനിൽ വാർത്ത നൽകാൻ തനിക്ക് എങ്ങനെ ധൈര്യം വന്നു' വക്കം പൊട്ടിത്തെറിച്ചു. സർക്കാർ നയത്തിനെതിരെയല്ലല്ലോ സർ, നടത്തിപ്പിലുണ്ടായ പ്രശ്നങ്ങളല്ലേ ചൂണ്ടിക്കാണിച്ചതെന്ന കുഞ്ഞികൃഷ്ണന്റെ അനുനയ വാക്കുകളിൽ വക്കം തണുത്തു. നോക്കാമെന്ന് ചിരിയോടെ ഫോൺ വച്ചു. വൈകാതെ വേളിയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നത് ചരിത്രം.
പ്രീഡിഗ്രി പഠനത്തിനുശേഷം വെറുതെ നടക്കുന്ന കാലത്താണ് ഒരു സുഹൃത്ത് ക്യാമറ നല്‍കിയത്. അതോടെ ഫോട്ടോഗ്രഫി ഭ്രമമായി മാറി. അച്ഛന്‍ ഗ്രിഗറിക്കും അമ്മ കര്‍മ്മേലിക്കും മകന്‍റെ ഈ ഭ്രമത്തോട് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അഭിമുഖ പരീക്ഷ ജയിച്ച് ഫിലിം ഡിവിഷനില്‍ ജോലിക്ക് കയറിയതോടെ സാധ്യതകളുടെ വലിയ വാതായനങ്ങള്‍ ജോസഫിന് മുന്നില്‍ തുറന്നു. 1973ല്‍ ദൂരദര്‍ശനില്‍ ഗ്രേഡ് ക്യാമറാമാനായി. ഇക്കാലത്താണ് ഇന്ദിരാ ഗാന്ധിയേയും ലോക നേതാക്കളെയും എല്ലാം കാണാനും അറിയാനും സാധിച്ചത്. നിരവധി ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയാകാനുള്ള ഭാഗ്യം കിട്ടി അക്കാലത്ത് ജോസഫിന്.
മികച്ച ക്യാമറാമാനൊപ്പം മികച്ച മനുഷ്യനുമായിരുന്നു വി.ജി.ജോസഫെന്ന് സഹപ്രവര്‍ത്തകനായിരുന്ന ക്യാമറാമാന്‍ അഴഗപ്പന്‍ ഓര്‍ക്കുന്നു. ഏതു സാഹചര്യത്തിലും വികാരങ്ങള്‍ക്ക് വഴിപ്പെടാത്ത പ്രൊഫഷണല്‍. പിതാവിന്‍റെ പാത പിന്തുടര്‍ന്ന് മൂത്ത മകന്‍ ആന്‍റണി ഗ്രിഗറി മാതൃഭൂമി ന്യൂസിലും രണ്ടാമത്തെ മകന്‍ ബോണി ജോസഫ് മനോരമ ന്യൂസിലും ക്യാമറാമാന്‍മാരായി.