രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് പറ്റുന്ന നാക്കുപിഴ സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറുന്നത് പതിവാണ്. മുന്‍ മന്ത്രിയും ഇപ്പോഴത്തെ സ്പീക്കറുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍മന്ത്രി ഇ.പി.ജയരാജന്‍ തുടങ്ങി നാക്കുപിഴയില്‍ കുരുങ്ങി എയറിലായവര്‍ ഏറെയാണ്.

ഇപ്പോഴിതാ ഈവര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ നാക്കുപിഴ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ‘രണ്ടുലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടുപേർ’ ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് മന്ത്രി പറഞ്ഞതാണ് ട്രോളായത്. രണ്ടു ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ടു പേർ എന്ന് വായിക്കേണ്ട സ്ഥലത്താണ് മന്ത്രിക്ക് നാക്കുപിഴ പറ്റിയത്. ഇത്രവലിയ അക്കം വായിക്കുമ്പോള്‍ ആര്‍ക്കും പറ്റാവുന്ന പിഴവാണെങ്കിലും ഈ ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ് ട്രോളന്മാര്‍.

ഈവര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍, 77.97% പേരാണ് വിജയിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 0.16 ശതമാനം അധികം. കഴിഞ്ഞവര്‍ഷം 77.81% ആയിരുന്നു വിജയം. 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം കൂടിയിട്ടുണ്ട്. 86.69 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടേത് 68.41 ശതമാനം മാത്രമാണ്.

സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും 'നമ്മുടെ കേരളം' ആപ്പിലൂടെയുമാണ് പരീക്ഷാഫലം ലഭിക്കുക. നാലുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി നാനൂറ്റി മുപ്പത്തിയേഴ് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. അടുത്തമാസം സേ പരീക്ഷ എഴുതാൻ അവസരം ഉണ്ടാകും. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ജൂൺ പത്തിന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

ENGLISH SUMMARY:

Kerala education minister's slip of tongue during the Plus Two exam results announcement has gone viral on social media. The minister mispronounced the number of students eligible for higher studies, leading to widespread trolling and memes.