വിശന്നിരിക്കുമ്പോള്‍ ഇഷ്ടപ്പെട്ട ഹോട്ടലിലെ ഭക്ഷണം കുറഞ്ഞ വിലയില്‍ കിട്ടിയാലോ. അതിന് പ്ലെന്‍റി ആപ്പുണ്ട്. പക്ഷേ ഒരു കാര്യം, അന്നേ ദിവസം കച്ചവടം കുറവായതിനാല്‍ ആഹാരം ബാക്കിയുണ്ടെങ്കില്‍ മാത്രമേ ആ ഹോട്ടലില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കൂ.
നാഗ്പൂര്‍ ഐഐഎമ്മിലും, ഐഐടിയിലും, ചെന്നൈ ഐഐഎച്ച്എമ്മിലും പഠിച്ചിറങ്ങിയ നാല് കൂട്ടുകാരുടെ ഐഡിയയാണ് പ്ലെന്‍റിആപ്പിന് രൂപം നല്‍കിയത്. വേളി സ്വദേശികളായ മാത്യൂസ് മാര്‍ട്ടിന്‍, സഹോദരന്‍ സിറിയക് മാര്‍ട്ടിന്‍, സുഹൃത്തുക്കളായ ശാസ്തമംഗലം സ്വദേശി ഭരത് മോഹന്‍, കഴക്കൂട്ടം സ്വദേശി മുഹമ്മദ് ഷൈന്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍.
നാഗ്പൂര്‍ ഐഐഎമ്മില്‍ പഠിക്കുമ്പോഴാണ് മാത്യൂസ് മാര്‍ട്ടിന്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. അന്ന് കോളജ് ഹോസ്റ്റലിലെ മെസ്സില്‍ ബാക്കി വരുന്ന ഭക്ഷണം ദിവസവും കളയുകയാണ് പതിവ്. കോളജിന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബാക്കി ഭക്ഷണം കൊടുത്തൂടെ എന്ന് മാത്യൂസ് മെസ് ജീവനക്കാരോട് ചോദിച്ചു. പക്ഷേ മെസിന്‍റെ നിബന്ധനപ്രകാരം ബാക്കി ഭക്ഷണം നശിപ്പിച്ചുകളയണം.
പഠനശേഷം വീണ്ടും അതേചിന്ത മനസില്‍ വന്നതോടെ നാലുസുഹൃത്തുക്കുളും ചേര്‍ന്നൊരു ആപ്പ് തുടങ്ങി. അങ്ങനെ ആറുമാസം മുന്‍പാണ് പ്ലെന്‍റി ആപ്പ് രൂപപ്പെടുന്നത്. ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍ എന്നിവടങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പ്ലെന്‍റി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം... കൊച്ചിയിലും തിരുവനന്തപുരത്തുമായി ഒന്നരലക്ഷത്തോളം ആളുകളാണ് പ്ലെന്‍റി ആപ്പിലൂടെ ഭക്ഷണം വാങ്ങുന്നത്. കോഴിക്കോടും ആപ്പ് സജീവമായി തുടങ്ങി. ഇതിലൂടെ ഹോട്ടലുകളില്‍ നിശ്ചിത സമയത്തിനകത്ത് ബാക്കിവരുന്ന ഭക്ഷണം കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഹോട്ടലിന്‍റെ വിവരം, ആഹാരം, വില എന്നീ വിവരങ്ങള്‍ ആപ്പിലൂടെ അറിയാം.. കുറഞ്ഞ പൈസ നല്‍കി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഭക്ഷണവും പാഴാവില്ല.. വിശക്കുന്ന വയറ് നിറയ്ക്കാനുമാവും..