കോഴിക്കോട് ജില്ല വിട്ട് ഒന്നു പുറത്തുപോകാത്ത സ്കൂട്ടറിന് ബെംഗളൂരു ട്രാഫിക് പൊലീസിൽ നിന്ന് പിഴ വന്നതെങ്ങനെയെന്ന് കണ്ടെത്തി വാഹന ഉടമ. നിയമലംഘനം നടത്തിയ മറ്റൊരു സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിലെ അക്ഷരപ്പിശക് മൂലമാണ് പിഴ നോട്ടീസ് കോഴിക്കോട് വേങ്ങേരി സ്വദേശി രജിത്തിന് ലഭിച്ചത്. തുടർന്ന് തെളിവുകൾ സഹിതം ബെംഗളൂരു ട്രാഫിക് പൊലീസിന് പരാതി അയച്ചതോടെ ഉടൻ തന്നെ നടപടി സ്വീകരിക്കാമെന്ന മറുപടിയും രജിത്തിന് ലഭിച്ചു.

കോഴിക്കോട് രജിസ്റ്റർ ചെയ്ത KL 58 H 6236 എന്ന നമ്പറിലുള്ള രജിത്തിന്റെ സ്കൂട്ടറിനാണ് ബെംഗളൂരുവിൽ അമിതവേഗതയ്ക്ക് 500 രൂപ ഫൈൻ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് വരുന്നത്. എന്നാൽ ജനുവരി 16-ന് ഈ നിയമലംഘനം നടക്കുന്ന സമയത്ത് സ്കൂട്ടർ കോഴിക്കോടുണ്ടായിരുന്നു. ജില്ല വിട്ട് ഇതുവരെ പുറത്തുപോയിട്ടില്ലാത്ത വണ്ടിക്ക് എങ്ങനെ പിഴ ലഭിച്ചു എന്ന ആശയക്കുഴപ്പത്തിലായതോടെ രജിത് നോട്ടീസിലെ ക്യൂആർ (QR) കോഡ് സ്കാൻ ചെയ്ത് പരിശോധിച്ചു. അപ്പോഴാണ് കളിയിലെ ട്വിസ്റ്റ് പിടികിട്ടുന്നത്.

ബെംഗളൂരുവിലെ ക്യാമറയിൽ പതിഞ്ഞത് രജിത്തിന്റേതിന് സമാനമായ നമ്പറിലുള്ള മറ്റൊരു സ്കൂട്ടറായിരുന്നു. എന്നാൽ അതിന്റെ നമ്പർ പ്ലേറ്റിലെ 'K' അല്ലെങ്കിൽ 'R' എന്ന അക്ഷരം മാഞ്ഞതുമൂലമോ കൃത്രിമം കാണിച്ചതുമൂലമോ കാഴ്ചയിൽ അത് 'H' ആയി തോന്നിപ്പിച്ചതായിരുന്നു. തുടർന്ന് പരിവാഹൻ ആപ്പിൽ സമാന നമ്പറുകൾ മാറ്റി അടിച്ച് നോക്കിയപ്പോഴാണ് KL 58 K 6236 എന്ന കർണാടക രജിസ്ട്രേഷൻ നമ്പറിലുള്ള സ്കൂട്ടറിനാണ് യഥാർത്ഥത്തിൽ പിഴ ചുമത്തേണ്ടിയിരുന്നതെന്ന് രജിത് കണ്ടെത്തിയത്.

ഈ കണ്ടെത്തലുകളും ചിത്രങ്ങളും ചേർത്താണ് രജിത് ബെംഗളൂരു ട്രാഫിക് പൊലീസിന് ഇ-മെയിൽ വഴി പരാതി നൽകിയത്. പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സാങ്കേതിക പിഴവ് തിരുത്തി രജിത്തിന്റെ വാഹനത്തിന്മേലുള്ള കേസ് റദ്ദാക്കാമെന്ന് ബെംഗളൂരു പൊലീസ് മറുപടി നൽകി. അനാവശ്യമായി പിഴ ലഭിക്കുമ്പോൾ ഭയപ്പെടാതെ കൃത്യമായി പരിശോധിച്ചാൽ ഇത്തരം സാങ്കേതിക പിഴവുകൾ കണ്ടെത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വേങ്ങേരി സ്വദേശി.

ENGLISH SUMMARY:

A Kozhikode resident, Rajith, discovered how his scooter, which never leaves the district, received a traffic fine from Bengaluru police. A slight error in the number plate of another scooter, making it appear identical to Rajith's, led to the misidentification and the erroneous fine.