രാജ്യതലസ്ഥാനത്തെ ചരിത്രപ്രധാനമായ ഡൽഹി ജിംഖാന ക്ലബിന് പൂട്ടുവീഴുന്നു. ജൂൺ അഞ്ചിന് മുൻപ് സ്ഥലം ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ക്ലബ് അധികൃതർക്ക് നോട്ടീസ് നൽകി. അതീവ തന്ത്രപ്രധാനമായ മേഖലയിലാണെന്നതും പ്രതിരോധ ആവശ്യങ്ങൾ മുൻനിർത്തിയുമാണ് സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള കേന്ദ്ര സർക്കാർ ഭൂമിയിലാണ് ജിംഖാന ക്ലബ് സ്ഥിതിചെയ്യുന്നത്.

1913-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് 'ഇംപീരിയൽ ഡൽഹി ജിംഖാന ക്ലബ്' സ്ഥാപിതമാകുന്നത്. അക്കാലത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് വിനോദത്തിനായുള്ള ഇടമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം പേരിൽ നിന്ന് 'ഇംപീരിയൽ' എന്ന വാക്ക് ഒഴിവാക്കിയെങ്കിലും ക്ലബിന്റെ വരേണ്യ ശൈലികളിൽ കാര്യമായ മാറ്റമുണ്ടായില്ല. പ്രമുഖ രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, സൈനിക മേധാവിമാർ, സുപ്രീംകോടതി ജഡ്ജിമാർ, മുൻനിര വ്യവസായികൾ എന്നിവർക്ക് മാത്രമാണ് ഇവിടെ അംഗത്വമുള്ളത്. ലക്ഷങ്ങൾ ഫീസ് നൽകണം എന്നതിന് പുറമെ കുടുംബ പാരമ്പര്യവും പ്രൗഢിയും തെളിയിച്ചാൽ മാത്രമേ ഇവിടെ അംഗത്വം ലഭിക്കൂ. വർഷത്തിൽ പരമാവധി 100 പേർക്ക് മാത്രമാണ് പുതുതായി അംഗത്വം നൽകുക. ഇരുപതും മുപ്പതും വർഷമായി ഇവിടെ അംഗത്വത്തിനായി കാത്തിരിക്കുന്നവർ ഡൽഹിയിലുണ്ട്.

ടെന്നിസിനായി 26 പുൽക്കോർട്ടുകൾ, ഏഴ് കളിമൺ കോർട്ടുകൾ, മൂന്ന് സ്ക്വാഷ് കോർട്ടുകൾ, ബാഡ്മിന്റൻ കോർട്ട്, സ്വിമ്മിങ് പൂൾ, മൂന്ന് ബാറുകൾ, ജിംനേഷ്യം എന്നിങ്ങനെ ആഡംബരത്തിന്റെ അവസാന വാക്കാണ് ജിംഖാന ക്ലബ്. ക്ലബിനുള്ളിൽ അംഗങ്ങളുടെ വസ്ത്രധാരണത്തിന് അടക്കം കർശന മാനദണ്ഡങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗ്, വ്യോമസേനാ താവളം, സഫ്ദർജംഗ് വിമാനത്താവളം, വിദേശ നയതന്ത്ര കാര്യാലയങ്ങളുള്ള ചാണക്യപുരി എന്നിവയ്ക്കൊക്കെ തൊട്ടടുത്തായി സഫ്ദർജംഗ് റോഡിൽ 27.3 ഏക്കറിലാണ് ക്ലബ് വ്യാപിച്ചുകിടക്കുന്നത്. ഈ തന്ത്രപ്രധാനമായ ലൊക്കേഷൻ തന്നെയാണ് ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്നിൽ.

അതേസമയം, സർക്കാരിന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിനെതിരെ വരേണ്യവർഗത്തിലെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര തീരുമാനം അങ്ങേയറ്റം വേദനാജനകമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും പുതുച്ചേരി മുൻ ലഫ്. ഗവർണർ കിരൺ ബേദി ആവശ്യപ്പെട്ടു. റോ (RAW) മുൻ മേധാവി എ.എസ്. ദൗലത്, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ കെ.സി. സിങ് തുടങ്ങിയവരും കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നോട്ടീസിനെതിരെ കോടതിയെ സമീപിക്കാനാണ് ക്ലബ് അംഗങ്ങളുടെ നീക്കം.

ENGLISH SUMMARY:

Delhi Gymkhana Club is facing closure as the Indian government has issued a notice to vacate the premises by June 5th. This decision is attributed to the strategically vital location and defense requirements of the land, which is situated near the Prime Minister's official residence.