പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് 81–ാം പിറന്നാള്‍. അനുഭവങ്ങള്‍ പാകപ്പെടുത്തിയ രാഷ്ട്രീയ കരുത്തിന്‍റെ മറുപേരാണ് പിണറായി വിജയന്‍. രാഷ്ട്രീയവും അരാഷ്ട്രീയവും തമ്മിലുള്ള അകലം കുറയുന്നകാലത്തും ആ പേര് ഒരു പ്രസ്ഥാനത്തിന്‍റെ പോരാട്ട ചരിത്രം ഓര്‍മപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
പത്തുവര്‍ഷം പഴക്കമുള്ള ഒരു പിണറായിപ്പിറന്നാള്‍ കാഴ്ച. മുഖ്യമന്ത്രിപദമേറാന്‍ പാര്‍ട്ടി നിയോഗിച്ചതിലെ ആത്മഹര്‍ഷം ആ മുഖത്തുണ്ട്, ചിരിയിലുണ്ട്, പതിവില്ലാത്ത കുശലംപറച്ചിലിലുണ്ട്. മാധ്യമങ്ങള്‍ക്ക് പിന്നെ മധുരം നല്‍കിയില്ലെങ്കിലും കഴിഞ്ഞതവണവരെ മേയ് 24 മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിറന്നാളായിരുന്നു. പ്രതിച്ഛായാ നിര്‍മിതിയും അതിന്‍റെ അപനിര്‍മിതിയുമായി അയ്യഞ്ചാണ്ട് പകുത്തെടുത്തു കാലം. ജനഹിതപരീക്ഷയില്‍ പരാജയമേറ്റുവാങ്ങി അധികാരത്തിന്‍റെ പടിക്കെട്ടിറങ്ങി. ആ പതനത്തിന്‍റെ കാരണങ്ങള്‍ തേടി പലതലങ്ങളില്‍ പാര്‍ട്ടി തലപുകയ്ക്കുന്ന വേളയിലാണ് ഇത്തവണത്തെ പിറന്നാള്‍.
തന്‍റെ പിറന്നാളുകള്‍ ഒരിക്കലും സാഘോഷം കൊണ്ടാടിയിട്ടില്ല പിണറായി വിജയന്‍. ഇല്ലായ്മയുടെ കയ്പുനീര്‍ കുടിച്ച ബാല്യകാല ഓര്‍മകളുടെ നിഴലുണ്ടായിരുന്നു കൂടെ. വിജയന്‍ വിജയേട്ടനും പിണറായി വിജയനുമായെല്ലാം പരിണമിച്ചപ്പോഴും ഒപ്പം വളര്‍ന്നു ആ ഓര്‍മനിഴല്‍. ചെങ്കൊടിച്ചോട്ടില്‍ മുഷ്ടിചുരുട്ടി ഉറക്കെവിളിച്ച മുദ്രാവാക്യങ്ങള്‍, അവശരും ആര്‍ത്തരുമായൊരു ജനതയുടെ വിമോചനസ്വപ്നങ്ങള്‍, പ്രസ്ഥാനം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുടെ പൂര്‍ത്തീകരണങ്ങള്‍... പിണറായി വിജയന്‍ അതിലേക്ക് സ്വയം പാകപ്പെട്ടു, തന്മയീഭവിച്ചു.
ജനവിശ്വാസമാര്‍ജിച്ച സാമാജികനായി, രാഷ്ട്രീയവിരോധം പൊലീസ് മര്‍ദനത്തിന്‍റെ രൂപത്തില്‍ മെല്ലിച്ച ശരീരത്തില്‍ ഏറ്റുവാങ്ങുമ്പോള്‍ പൊടിഞ്ഞ ചോരപുരണ്ട ഷര്‍ട്ടുമായി നിയമസഭയുടെ പടിക്കെട്ടുകയറിയ പോരാളി. അതികായര്‍ കൈമാറിയ ചെങ്കൊടിയേന്തി അടുത്തതലമുറയുടെ മുന്‍നിരയില്‍ മുന്‍പേ നടന്ന പതിറ്റാണ്ടുകള്‍. അതിനിടയിലെ അഗ്നിപരീക്ഷകള്‍, പലവഴി ചിതറിത്തെറിക്കുമായിരുന്ന പ്രസ്ഥാനത്തെ ചേര്‍ത്തുകെട്ടി അധികാരത്തിലേക്ക് നടത്തിച്ച ചതുരനായ നായകന്‍. മാറ്റുരച്ചാല്‍ ചെമ്പുതെളിയാത്ത, എണ്ണംപറഞ്ഞ ജനക്ഷേമങ്ങള്‍ വാരിവിതറിയ ഭരണാധികാരി. പിണറായി വിജയന്‍ ഇതെല്ലാമായി. വിയോജിപ്പുകള്‍ ഏറെയുണ്ടാവാം.. വിമര്‍ശിക്കാന്‍ ഒരുപാടുണ്ടാവാം.. പക്ഷെ, കേരളരാഷ്ട്രീയത്തിലെ ഒരു പരിവര്‍ത്തനഘട്ടത്തിലെ തലയെടുപ്പിന്‍റെ പേരാണ് പിണറായി വിജയന്‍. കാലം അതിനുകീഴേ എന്നേ കയ്യൊപ്പു ചാര്‍ത്തിക്കഴിഞ്ഞു. പിറന്നാള്‍ ആശംസകള്‍.