2015 ല്‍ മന്ത്രിയായിരിക്കേ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുണ്ടായ നാക്കുപിഴ സോഷ്യല്‍മീഡിയയില്‍ വലിയ തരത്തില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അവിടെ നിന്നിങ്ങോട്ട് ട്രോളന്‍മാര്‍ വിടാതെ പിന്തുടര്‍ന്ന വ്യക്തിയായിരുന്നു അദ്ദേഹം. പിന്നീട് കോട്ടയത്തു സിനിമാ അവാർഡ് വേദിയിൽ മോഹൻലാലിനെക്കുറിച്ചു പറയുമ്പോൾ കണ്ണിലുണ്ണി എന്നത് കണ്ണുണ്ണിയായപ്പോളും ട്രോളുകള്‍ ഒഴുകി. സഭയിലുണ്ടായ അക്ഷരപ്പിശകുകളും ട്രോളന്‍മാര്‍ വിട്ടില്ല. സമൂഹമാധ്യമങ്ങളിലെ ഈ ട്രോളുകള്‍ക്ക് ഒടുവില്‍ മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. നാക്കുപിഴയ്ക്കാത്തവരുണ്ടോ എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.

‘പൊന്നുമോളേ, ഒരു നാക്കുപിഴ പോലും സംഭവിക്കാത്ത ഒരാളിനെ പറയാന്‍ പറ്റുമോ? മാധ്യമപ്രവര്‍ത്തകരുണ്ടോ? ജുഡീഷ്യറിയിലുണ്ടോ? പൊതുപ്രവര്‍ത്തനത്തിലുണ്ടോ? എവിടെയെങ്കിലുമുണ്ടോ? ഞാനും അക്കൂട്ടത്തില്‍ സമൂഹത്തിന്‍റെ ഒരാളാണെന്ന് കരുതിയാല്‍ മതി. എന്നേയും ആ പരിച്ഛേദത്തിനകത്ത് ചേര്‍ത്താല്‍ മതി’– മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിനോട് തിരുവഞ്ചൂര്‍ പറഞ്ഞു. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഭയിലെത്തുമ്പോളായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

സ്പീക്കറാകുന്നതിന്‍റെ ത്രില്ലിലാണ് താനെന്നും തിരുവഞ്ചൂര്‍ മനോരമന്യൂസിനോട് പറയുകയുണ്ടായി. സഭയില്‍ താന്‍ നിഷ്പക്ഷനായിരിക്കുമെന്നും അരാഷ്ട്രീയവാദിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവുമായി താരതമ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാലറ്റ് പേപ്പറിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ 101 വോട്ടുകളാണ് തിരുവഞ്ചൂര്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി.മൊയ്തീന്‍ 35 വോട്ടും എന്‍ഡിഎയുടെ ബി.ബി.ഗോപകുമാര്‍ മൂന്ന് വോട്ടും നേടി. തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

ENGLISH SUMMARY:

Just before being elected as the Speaker of the 16th Kerala Legislative Assembly, veteran leader Thiruvanchoor Radhakrishnan delivered a witty response to social media trolls regarding his historical on-screen tongue-slips. Speaking to a reporter, he pragmatically asked if there was a single individual in journalism, the judiciary, or public life who had never made a verbal error, stating that he is merely a human representation of that same society. His viral slip-ups date back to 2015 when he mispronounced names during the State Film Awards announcement as a minister, followed by another incident in Kottayam where he mistakenly called actor Mohanlal "Kannunni" instead of "Kannilunni". Brushing aside the online mockery, Radhakrishnan expressed excitement about his new role as Speaker, emphasizing that while he will maintain absolute neutrality inside the house, he will never adopt an apolitical stance. Ultimately, he secured a resounding victory in the house with 101 votes against LDF’s A.C. Moideen and NDA’s B.B. Gopakumar, after which Chief Minister V.D. Satheesan and Opposition Leader Pinarayi Vijayan escorted him to the chair.