പതിനാറാം കേരള നിയമസഭക്ക് ഇന്ന് സ്പീക്കറെ ലഭിക്കും. 140 എം.എല്‍.എമാരെയും വോട്ടിംങ് മെഷിനിലൂടെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെങ്കില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാണ്. മൂന്നു സ്ഥാനാര്‍ഥികളാണ് സ്പീക്കര്‍തിരഞ്ഞെടുപ്പിനുള്ളത്. ഇത് ചരിത്രത്തില്‍ ആദ്യമായാണ്. യുഡിഎഫിന്റെ തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍, എല്‍ഡിഎഫിന് എ.സി മൊയ്തീന്‍, എന്‍ഡിഎക്ക് ബി.ബി ഗോപകുമാര്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ഇവരുടെ പേരുകള്‍അച്ചടിച്ച ബാലറ്റ് പേപ്പര്‍ എം.എല്‍.എമാര്‍ക്ക് നല്‍കും. സ്പീക്കറുടെ ഇരിപ്പടത്തിന് സമീപം ക്രമീകരിച്ച ബൂത്തില്‍ വോട്ടുചെയ്യണം. ഗുണന ചിഹ്നമിട്ടാണ് വോട്ട് രേഖപ്പെടുത്തുക.അതിന് ശേഷം സ്പീക്കറുടെ മേശയില്‍ വെച്ചിട്ടുള്ള പെട്ടിയിലിടണം. മൂന്നു മുന്നണികളുടെയും പോളിംങ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ നിയമസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വോട്ടെണ്ണും. ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും.
തുടര്‍ന്ന് അംഗങ്ങള്‍ സ്പീക്കറെ അനുമോദിച്ച് സംസാരിക്കും. പ്രോടെം സ്പീക്കര്‍ ജി.സുധാകരനാവും വോട്ടെടുപ്പും വോട്ടെണ്ണലും നിയന്ത്രിക്കുക.