poet-biji-sajeev

ജൂണ്‍ പതിനഞ്ച് മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇതിന് മാനദണ്ഡങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതുവരെയുള്ള പ്രസ്താവനകളും സൂചനകളും വച്ച് എല്ലാ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും യാത്ര സൗജന്യമായിരിക്കും എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സാര്‍വത്രികമായി യാത്രാസൗജന്യം നല്‍കുന്നതിനോട് വിയോജിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുകയാണ്. കവയത്രി ബിജി സജീവിന്‍റെ ഫെയ്സ്ബുക് പോസ്റ്റുകളാണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 

പതിനായിരം രൂപ വരുമാനമുള്ളവരെയും അന്‍പതിനായിരം രൂപ വരുമാനമുള്ളവരെയും ‘സ്ത്രീകൾ’ എന്ന ഒരേ കാറ്റഗറിയിൽപ്പെടുത്തി ഇളവ് കൊടുക്കേണ്ട ആവശ്യമെന്തെന്നാണ് ബിജി സജീവിന്‍റെ ചോദ്യം. ‘ജീവിക്കാനും ആഹാരത്തിനും ചികില്‍സയ്ക്കുമൊന്നും പണമില്ലാതെ നെട്ടോട്ടമോടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്കിടയിലുണ്ട്. അതില്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവര്‍ ആ സൗജന്യം വേണ്ടെന്നുവച്ചാലോ? ആ പണം ഒരു പാവം രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ മാറ്റിവച്ചാലോ? പിങ്ക് ബസിൽ മാത്രമല്ല, കെ.എസ്.ആര്‍ടിസിയുടെ എല്ലാ ബസിലും സൗജന്യം വേണം. പക്ഷെ അത് ശരിക്കും അർഹതയുള്ള, ആശുപത്രിയിൽ പോകാൻ പോലും നിവൃത്തിയില്ലാത്ത നമ്മുടെ സഹോദരിമാർക്ക് മാത്രം മതി. അർഹതയില്ലാത്തത് കൈപ്പറ്റുമ്പോൾ, നമ്മുടെ മുന്നിൽ കൈകൂപ്പി യാചിക്കുന്ന ഒരമ്മയുടെ മുഖം ഓർമ്മ വരില്ലേ? തെല്ലും കുറ്റബോധം തോന്നില്ലേ?’ – ബിജി ചോദിക്കുന്നു.

‘ഈ പറയുന്നതിൽ രാഷ്ട്രീയമോ മറ്റെന്തെങ്കിലും താല്‍പര്യമോ ഇല്ല. മാറ്റം എല്ലാത്തിനും നല്ലതാണ്. അവകാശങ്ങൾ അർഹതയുള്ള കൈകളിൽ തന്നെ എത്തട്ടെ. പാത്രം അറിഞ്ഞ് വിളമ്പുക. വിശക്കുന്നവന് മാത്രം ഭക്ഷണം നൽകുക. ജനങ്ങൾ ചോദിക്കാത്തത് കൊടുക്കുമ്പോൾ, ചോദിച്ചത് കിട്ടാതെ പോകും. കൂലി കുറഞ്ഞ ജോലി ചെയ്യുന്നവർക്ക് ഈ ആനുകൂല്യം കൊടുത്തോളൂ. പക്ഷേ മാനദണ്ഡം ‘സ്ത്രീ’ എന്നതാവരുത്, ‘ആവശ്യം’ എന്നതാവണം. എല്ലാവർക്കും ഒരുപോലെ എന്നതല്ല, മറിച്ച് അർഹിക്കുന്നവന് അർഹിക്കുന്നത് എന്നതാണ് നീതി.’ – ബിജി ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം: ‘പ്രിയപ്പെട്ട കേരളത്തിലെ പെണ്ണുങ്ങളോട്, - ആദ്യമേ പറയട്ടെ.ഇത് സോഷ്യൽമീഡിയയിലെ തട്ടിപ്പുകാരെക്കുറിച്ചല്ല. ജീവൻ നിലനിർത്താൻ ചികിത്സിച്ച് ചികിത്സിച്ച് കിടപ്പാടം വരെ നഷ്ടപ്പെട്ട്, നിവൃത്തിയില്ലാതെ  ചങ്കുപൊട്ടി നമ്മുടെ മുന്നിൽ കൈകൂപ്പി യാചിക്കുന്ന യഥാർത്ഥ മനുഷ്യരേക്കുറിച്ചാണ്.  ഈ കൊച്ചു കേരളത്തിൽ ദിവസവും നമ്മൾ കാണുന്നില്ലേ ആ ഹൃദയം തകർക്കുന്ന കാഴ്ചകൾ ? എൻ്റെ ഒരു അപേക്ഷയുണ്ട്. സ്ത്രീകൾക്ക് കിട്ടുന്ന ഈ സൗജന്യ ബസ് യാത്ര.നല്ല കാര്യം.പക്ഷെ നമ്മൾ പെണ്ണുങ്ങൾ ഒന്ന് ചിന്തിച്ചാലോ? നമുക്കെന്തിനാണ്  ഈ സൗജന്യയാത്ര?  ഉള്ളവരും ഇല്ലാത്തവരും നമ്മളിലുണ്ട്.സാമ്പത്തികമായി ബുദ്ധിമുട്ട് ഇല്ലാത്തവർ ആ സൗജന്യം വേണ്ടെന്ന് വച്ചാലോ? ആ കാശ് ഒരു പാവം രോഗിയുടെ ജീവൻ രക്ഷിക്കാൻ മാറ്റിവച്ചാലോ?  ഇതേ വഴിയിലൂടെ കടന്നുപോയ ഒരു സ്ത്രീ എന്ന നിലയിൽ, ആ  യാചനയുടെ വേദന എനിക്കറിയാം.എൻ്റെ കൈയിൽ കൊടുക്കാൻ പണമില്ല.പക്ഷെ മനസ്സുണ്ട്. അതുകൊണ്ട് നമുക്ക് ഒന്നിച്ചു തീരുമാനിക്കാം: "എനിക്ക് ഈ സൗജന്യം വേണ്ട,ഈ തുക ഒരു ജീവനുവേണ്ടി മാറ്റിവക്കൂ". 

പിങ്ക് ബസിൽ മാത്രമല്ല, KSRTC യുടെ എല്ലാ ബസിലും സൗജന്യം വേണം.പക്ഷെ അത് ശരിക്കും അർഹതയുള്ള, ആശുപത്രിയിൽ പോകാൻ പോലും നിവൃത്തിയില്ലാത്ത നമ്മുടെ സഹോദരിമാർക്ക് മാത്രം മതി. അർഹതയില്ലാത്തത് കൈപ്പറ്റുമ്പോൾ, നമ്മുടെ മുന്നിൽ കൈകൂപ്പി യാചിക്കുന്ന ഒരമ്മയുടെ മുഖം ഓർമ്മ വരില്ലേ? തെല്ലും കുറ്റബോധം തോന്നില്ലേ ? ഇതിൽ രാഷ്ട്രീയമൊ  മറ്റു വിരോധമൊ ഒന്നുമില്ല. മാറ്റം എല്ലാത്തിനും നല്ലതാണ്.അവകാശങ്ങൾ അർഹതയുള്ള കൈകളിൽ തന്നെ എത്തട്ടെ.’