ഭൂട്ടാന്‍ വാഹന കടത്തില്‍ അറസ്റ്റിലായ കോഴിക്കോട് റോഡ് വെയ്സ് ഉടമ സെയിന്‍ മര്‍വ റിമാന്‍ഡില്‍. ഒന്നരകോടി രൂപയ്ക്ക് എത്തിച്ച ഏഴ് വാഹനങ്ങള്‍ ഇവര്‍ നാലിരട്ടി വിലയ്ക്ക് വില്പന നടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് ആ‍ഢംബര കാര്‍വില്‍പ്പനക്കാരായ റോഡ് വെയ്സിന്‍റെ വാദം. 

ഭൂട്ടാനില്‍ നിന്ന് അനധികൃതമായി വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ പ്രധാന ഇടനിലക്കാരായി നിന്നതിന്‍റെ പേരിലാണ് കോഴിക്കോട് റോഡ് വെയ്സ് ഉടമ സെയിന്‍ മര്‍വിന്‍റെ അറസ്റ്റ്. കള്ളക്കടത്ത് സംഘവുമായി സെയിന്‍ മര്‍വക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. എന്നാല്‍ കസ്റ്റംസിന്‍റെ ഈ വാദം തള്ളുന്ന റോഡ് വെയ്സ് അധികൃതര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. 

അന്വേഷണസംഘവുമായി സെയിന്‍ സഹകരിക്കുന്നതിനാല്‍ ജാമ്യാപേക്ഷയെ അന്വേഷണസംഘം എതിര്‍ക്കില്ലെന്നാണ് സൂചന. ഏഴ് വാഹനങ്ങള്‍ ഒന്നരകോടി രൂപയ്ക്കാണ് ഡല്‍ഹിയിലെ ഒരു ഡീലര്‍ മുഖേന കോഴിക്കോട് റോഡ് വെയ്സ് ഇന്ത്യയിലെത്തിച്ചത്. അത് പിന്നീട് പല സംസ്ഥാനങ്ങളിലായി നാലിരട്ടി ലാഭത്തിന് വിറ്റു. 

കേരളത്തില്‍ ഈ വാഹനങ്ങള്‍ വിറ്റത് ആര്‍ക്കൊക്കെ എന്നതിനെക്കുറിച്ച് കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചു. അടുത്ത ദിവസം ഇവരിലേയ്ക്കും അന്വേഷണമെത്തും. ഇതിന് സമാന്തരമായി നടന്ന അന്വേഷണത്തിലാണ്  ലക്കി ഭാസ്ക്കര്‍ സിനിമയില്‍ ഉപയോഗിച്ച വാഹനം  കഴിഞ്ഞ ദിവസം പിടികൂടിയത്. 

ENGLISH SUMMARY:

Malayala Manorama Online News reports the arrest and remand of Sain Marwa, owner of Kozhikode's Roadways, for alleged Bhutan car smuggling. Customs claims seven vehicles imported for ₹1.5 crore were sold at four times the price, a charge denied by the luxury car seller.