sandeep-surendran

വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നടത്തിയ വര്‍ഗീയ പ്രചാരണത്തിന് മറുപടിയുമായി തൃക്കരിപ്പൂരിലെ നിയുക്ത കോൺഗ്രസ് എംഎല്‍എ സന്ദീപ് വാര്യര്‍. കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് സഖ്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ബിജെപി സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി പഴയ ജിന്നയുടെ ലീഗുമായി സഖ്യത്തില്‍ മന്ത്രി ആയിരുന്നു എന്നത് നിഷേധിക്കാന്‍ കെ. സുരേന്ദ്രന് സാധിക്കുമോയെന്ന് സന്ദീപ് വാരിയര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു

'മഞ്ചേശ്വരത്ത് വട്ടത്തിലും നീളത്തിലും തോറ്റ് തുന്നം പാടിയ സുരേന്ദ്രൻ ലീഗിനെതിരെ വർഗീയ ആരോപണം ഉന്നയിച്ച് വരുമ്പോൾ ഒരു കാര്യം മറക്കുന്നു, മഞ്ചേശ്വരത്തെ ഹിന്ദുക്കൾ കൂടി ചെയ്ത വോട്ടാണ് അഷറഫിന്റെ 29000 ഭൂരിപക്ഷം. ഗുരുവായൂരിൽ മതം പറഞ്ഞ ഗോപാലകൃഷ്ണന് ഗുരുവായൂർ അമ്പലത്തിൽ നിത്യവും പോകുന്ന ഹിന്ദുക്കളുടെ വോട്ട് പോലും കിട്ടിയില്ല. ഷൊർണൂരിൽ 2021 ൽ താൻ നേടിയ വോട്ടിൽ നിന്നും 3000 വോട്ട് കുറഞ്ഞു ബിജെപി സൈബർ സംഘികളുടെ സോ കോൾഡ് ആത്മീയാചാര്യനെന്നും' സന്ദീപ് വാര്യർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ഓർമ്മിപ്പിച്ചു.  

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലടക്കം മുസ്​ലിം ലീഗിനെതിരെ വര്‍ഗീയ പ്രചാരണം ആരംഭിച്ചിരുന്നു. യഥാര്‍ഥ ഹൈക്കമാന്‍ഡ് പാണക്കാട് തങ്ങളാണെന്നും ഖാര്‍ഗെയും രാഹുലും തങ്ങളുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങിയാണ് തീരുമാനമെടുക്കുന്നത് എന്ന രീതിയിലായിരുന്നു ബിജെപിയുടെ പോസ്റ്റുകൾ. തങ്ങളുടെയും ജമാഅത്തെ ഇസ്‌ലാമി നേതാവ് പി. മുജീബുറഹ്‌മാന്റെയും ഫോട്ടോ പങ്കുവെച്ചയിരുന്നു കെ. സുരേന്ദ്രന്റെ പരിഹാസ പോസ്റ്റ്. ഇതിനാണ് സന്ദീപ് വാരിയര്‍ മറുപടി നല്‍കിയത്. 

ENGLISH SUMMARY:

Responding to communal propaganda following the announcement of V. D. Satheesan as Chief Minister, Sandeep Warrier, the newly elected Congress MLA from Trikaripur, challenged K. Surendran's claims. Sandeep Warrier questioned the BJP's stance on alliances, referencing historical partnerships.