മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡിനും കോൺഗ്രസിനുമെതിരെ അധിക്ഷേപവും പരിഹാസവുമായി ബിജെപി കേരളം. കോൺഗ്രസിന്‍റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, പണക്കാടാണ് എന്നാണ് പരിഹാസം. മുസ്ലിം ലീഗിന്‍റെ സമ്മർദം ഒന്നുമാത്രമാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണമെന്നും ബിജെപി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
'അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്‍റെ ഭരണത്തിലാകുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എംഎൽഎ മാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും, മുസ്ലിം ലീഗിന്‍റെ സമ്മർദം ഒന്നുമാത്രമാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം'.
'തങ്ങളുടെ പുതിയ ഒരു 'മതജില്ല' അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്‍റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്. അടുത്ത അഞ്ചുകൊല്ലം നമ്മൾ കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയിൽ കാണാൻ പോകുന്നത് ലീഗിന്‍റെ പാട്ടിനൊപ്പം തുള്ളുന്ന ഒരു പാവയെ ആയിരിക്കും' തുടങ്ങിയ കുറിപ്പുകൾക്കൊപ്പം പാണക്കാട് സാദിഖലി തങ്ങളുടെ കാലുപിടിക്കുന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖർഗെയുടെ കാർട്ടൂൺ ചിത്രങ്ങളും ബിജെപി പങ്കുവെച്ചിട്ടുണ്ട്.
എന്നാൽ ബിജെപിയുടെ പോസ്റ്റുകൾക്കെതിരെ ശക്തമായ പ്രതികരണങ്ങളും കമന്റുകളാകുന്നുണ്ട്. 'മലയാളികൾ സമാധാനത്തോടെ ജീവിക്കുമ്പോൾ ബിജെപിക്ക് എന്തോ അസ്വസ്ഥത ഉണ്ടാകുന്നുണ്ട്, പ്രബുദ്ധ കേരളം തെരഞ്ഞെടുത്ത ആളാണ് വിഡി അല്ലാതെ വോട്ട് ചോരി യുലടയല്ല, ഇത്തരം തറ നമ്പരുകൾ കാരണമാണ് ബിജെപിയ്ക്ക് ഒരിക്കലും മലയാളികളുടെ മനസ്സിലേക്ക് കടക്കാനാവാത്തത്. വർഗീയതയ്ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന വിഡി സതീശനെ നിങ്ങൾക്ക് പേടിക്കേണ്ടി വരും' .. എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.