യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. ബിജെപി കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധ പ്രകടനവും ടിക്കറ്റില്ലാ യാത്രയും സംഘടിപ്പിക്കുന്നത്. കാസർഗോഡ് കെസിആർടിസി സ്റ്റാൻഡിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അശ്വിനി എംഎൽ ആണ് ഉദ്‌ഘാടക.

'നാളെയാണ് മെയ് 15. എംപി കെസി വേണുഗോപാലും നിയുക്ത എംഎൽഎ രമേശ് പിഷാരടിയും കേരളത്തിലെ എല്ലാ സ്ത്രീകൾക്കും ഉറപ്പ് നൽകിയ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം നടപ്പിലാക്കുന്ന ദിനം. അവരായി പ്രഖ്യാപിച്ച തീയതി. അപ്പോ എങ്ങനെയാ … യാത്ര തുടങ്ങുകയല്ലേ ഗേൾസ്..??' എന്നാണ് ബിജെപി നേതാവ് നവ്യ ഹരിദാസ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. 

അതേസമയം കാസർഗോഡ് ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്കിൽ ഉൾപ്പെടെ പങ്കുവെച്ച പ്രതിഷേധ പ്രകടനത്തിന്‍റെ പോസ്റ്ററിൽ ട്രോൾ പൂരമാണ്.  സമരം ഒരുപാട് വൈകിപ്പോയി, അല്പം കൂടി നേരത്തെ ആക്കാമായിരുന്നില്ലേ എന്ന രീതിയിലുള്ള പരിഹാസ കമന്റുകളാണ് പ്രചരിക്കുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിയട്ടെ, മന്ത്രിസഭാ രൂപീകരിക്കട്ടെ എന്നിട്ടാവാം പ്രതിഷേധമെന്നും പ്രതികരണങ്ങളുണ്ട്. 

സർക്കാർ വരും മുൻപ് ഫ്രീ യാത്ര വേണം എന്നൊക്കെ മണ്ടത്തരം പറയുന്ന നിങ്ങളൊക്കെ ആണല്ലോ ഒരു രാഷ്ട്രീയപാർട്ടി. മോദി പറഞ്ഞ 15 ലക്ഷവും 69  രൂപയ്ക്ക് പെട്രോളുമൊക്കെ കൊടുത്ത് കഴിഞ്ഞോ എന്നും കമന്റുകളുണ്ട്. 

 

ENGLISH SUMMARY:

KSRTC free travel was promised in the UDF manifesto, and the BJP is protesting its non-implementation. The BJP Kasaragod district committee is organizing a protest march and ticketless travel.