vd-satheesan-kc-venugopal-manoram-news-fb-ppage

കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കോണ്‍ഗ്രസ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. പത്തുദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കും ഒടുവിലാണ് സതീശനെ തേടി കേരളത്തിന്റെ ഭരണത്തലവൻ എന്ന പദവി എത്തുന്നത്. 

വി.ഡി.സതീശന്‍റെ മുഖ്യമന്ത്രി പദവി രാഷ്ട്രീയ ചരിത്രത്തിലെ 'കാവ്യനീതി'യായാണ് വിലയിരുത്തപ്പെടുന്നത്. എം.ജി സർവ്വകലാശാല യൂണിയൻ ചെയർമാനായി ജയിച്ചതിന് പിന്നാലെ 1989ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് സതീശൻ പരിഗണിക്കപ്പെട്ടു. എന്നാൽ അന്ന് തിരഞ്ഞെടുപ്പ് നടക്കാതെ വരികയും പിന്നീട് നടന്ന പുനഃസംഘടനയിൽ കെ.സി. വേണുഗോപാലിനെ പ്രസിഡന്‍റായി നിയമിതനാകുകയും ചെയ്തു.

ഭാരവാഹി പട്ടികയിൽ ആദ്യമുണ്ടായിരുന്നിട്ടും അവസാന നിമിഷം സതീശന്‍റെ പേര് വെട്ടിമാറ്റപ്പെട്ടു. അദ്ദേഹത്തെ വെറും എക്സിക്യൂട്ടീവ് അംഗമായി ഒതുക്കുകയും ചെയ്തു. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷമായി അദ്ദേഹം ഇതിനെ മുൻപ് അടയാളപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം, അന്ന് തന്നെ തഴഞ്ഞ കെ.സി. വേണുഗോപാലിനെ സാക്ഷിയാക്കി കേരളത്തിന്‍റെ അമരക്കാരനായി സതീശൻ എത്തുമ്പോൾ ചരിത്രം പൂർണ്ണമാകുകയാണ്.

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോയത് കോൺഗ്രസ് ഹൈക്കമാൻഡിനുള്ളിലെ കടുത്ത ചർച്ചകൾ മൂലമായിരുന്നു. പാർട്ടിക്കുള്ളിൽ കെ.സി. വേണുഗോപാലിനുള്ള ശക്തമായ സ്വാധീനവും സമ്മർദ്ദങ്ങളും നിലനിൽക്കെ തന്നെ, കേരളത്തിലെ അണികളുടെ താല്പര്യവും ജനവികാരവും സതീശന് അനുകൂലമായി. ഗ്രൂപ്പ് സമവാക്യങ്ങൾക്കും ഡൽഹിയിലെ സ്വാധീനശക്തികൾക്കും അപ്പുറം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷയ്ക്കാണ് ഹൈക്കമാൻഡ് ഒടുവിൽ പച്ചക്കൊടി വീശിയത്.

കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശൻ കാഴ്ചവെച്ച മികവാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലേക്ക് നയിച്ച പ്രധാന ഘടകം. ആർജവമുള്ള നിലപാടുകളിലൂടെയും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയുള്ള രാഷ്ട്രീയ നീക്കങ്ങളിലൂടെയും അദ്ദേഹം ജനങ്ങൾക്കിടയിൽ തന്‍റെ സ്വീകാര്യത വർധിപ്പിച്ചു. സതീശന്‍റെ നേതൃത്വം പാർട്ടിക്കും മുന്നണിക്കും ഒരു അനിവാര്യതയാണെന്ന ബോധ്യം ദേശീയ നേതൃത്വത്തെ ഈ തീരുമാനത്തിൽ എത്തിക്കുകയായിരുന്നു. പദവികൾ കൈവിട്ടുപോകുമ്പോഴും നിരാശനാകാതെ നിലപാടുകളിൽ ഉറച്ചുനിന്നാൽ കാലം വലിയ നിയോഗങ്ങൾ കാത്തുവെക്കും എന്നതിന്‍റെ ഉദാഹരണമാണ് സതീശന്‍റെ ഈ സ്ഥാനലബ്ദി.  

ENGLISH SUMMARY:

V.D. Satheesan has been declared the Chief Minister of Kerala, marking a new chapter in the state's political landscape after ten days of uncertainty and high command discussions. His ascent to the position of Kerala's administrative head is being viewed as 'poetic justice' in political history.