നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിൽ വിഡി സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിൽ രാഹുൽ ഗാന്ധിയെയാണ് അഭിനന്ദിക്കേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ബഷീർ വള്ളിക്കുന്ന്. വിഡി സതീശനെന്ന കൂടുതൽ ജനകീയമായ ഒരു തീരുമാനത്തിലേക്ക് എത്തുന്നതിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിച്ചിട്ടുണ്ടാകുക രാഹുൽ ഗാന്ധി ആയിരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'പതിറ്റാണ്ടുകളായി തന്റെ നിഴലായി നടക്കുന്ന, തനിക്ക് ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന കെസി വേണുഗോപാലെന്ന ചോയ്സിലേക്ക് എത്തുവാൻ അദ്ദേഹത്തിൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടാകും. അത് മാത്രമല്ല, കൂടുതൽ അടുത്തിടപഴകുന്ന ആളുകളോട് സ്വാഭാവികമായുണ്ടാവുന്ന ഇഷ്ടവും അടുപ്പവും തികച്ചും മാനുഷികമാണ്.
കൂടുതൽ എം എൽ എ മാരുടെ പിന്തുണയും കെസിക്കായിരുന്നു. മുതിർന്ന പത്ത് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചപ്പോൾ അവരിൽ കൂടുതൽ പേരുടെ പിന്തുണയും അദ്ദേഹത്തിനായിരുന്നു. അതിനെയൊക്കെ മറികടന്ന് യുഡിഎഫിന് വോട്ട് ചെയ്ത മനുഷ്യരുടെ ചോയ്‌സിനെ തിരിച്ചറിയാനും തീരുമാനമെടുക്കാനും രാഹുലിന് കഴിഞ്ഞു. അതൊരു ചെറിയ കാര്യമല്ല'.- ബഷീർ വള്ളിക്കുന്ന് കുറിച്ചു.
കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി. സതീശന്‍. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്‍റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.