കനത്ത തോല്‍വി ഏറ്റുവാങ്ങി എല്‍ ഡി എഫ് സര്‍ക്കാര്‍ പുറത്തായെങ്കിലും സര്‍ക്കാര്‍ ഇറക്കിയ നവകേരള ബസ് ഇപ്പോഴും നിരത്തിലൂടെ വിജയകരമായി ഓട്ടം തുടരുകയാണ്. യഥാസമയം പോരായ്മകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ കഴിഞ്ഞതാണ് ബസിന്‍റെ വിജയത്തിന് കാരണം.
എന്തായാലും ബസ് മ്യൂസിയത്തില്‍ വയ്ക്കേണ്ട ഗതി കേട് വന്നില്ല. കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ഇപ്പോഴും ലാഭത്തില്‍ ഓട്ടം തുടരുകയാണ് നവകേരള ബസ്. നവകേരള യാത്രയ്ക്കായി ഇറക്കിയ ബസ് പൊതുസര്‍വീസിനായി കെ എസ് ആര്‍ ടി സി ക്ക് കൈമാറുമ്പോള്‍ പലതായിരുന്നു പ്രശ്നം, മന്ത്രിമാര്‍ക്കായി തയാറാക്കിയ ലിഫ്റ്റ്, വാഷ് റൂം തുടങ്ങിയവയൊക്കെ അധികപ്പറ്റായി. ബെംഗളൂരുവിലെ വര്‍ക്ഷോപ്പിലെത്തിച്ച് അനാവശ്യ ഘടകങ്ങളെല്ലാം ഒഴിവാക്കിയും സീറ്റുകള്‍ വര്‍ധിപ്പിച്ചും വീണ്ടും നിരത്തിലിറങ്ങിയതോടെ ബസ് കളം പിടിച്ചു .
85000 – 90000 രൂപ വരെയാണ് ഒരു ദിവസത്തെ കളക്ഷന്‍. രാവിലെ 8.25 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5.30 ഓടെ ബെംഗളൂരുവിലെത്തും.രാത്രി 10 25ന് അവിടെ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5 20 ഓടെ കോഴിക്കോടെത്തും.2024 മെയ് 5 നായിരുന്നു ആദ്യ സര്‍വീസ്.തുടക്കത്തില്‍ 26 സീറ്റായിരുന്നത് പിന്നീട് 37 ആക്കി ഉയര്‍ത്തി.