തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎല്‍എ ബിന്ദുകൃഷ്ണയെ ചെറിയാന്‍ ഫിലിപ്പ് ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ച വിഷയത്തില്‍ വൈറല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. ആലിംഗനത്തിന്റെ മനശ്ശാസ്ത്രത്തെപ്പറ്റിയാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. 

'ചെറിയാൻ ഫിലിപ്പിന് വിജയാവേശം മൂത്ത് ഒരു നിമിഷം ഒരു നട്ടിളകി, അമിത ആത്മവിശ്വാസവും അമിത ബോധ്യവും ആവേശിച്ചു  എന്നാണ് തോന്നുന്നത്. പരിചയമുള്ള ഒരു സ്ത്രീ നമ്മളെക്കാണുമ്പോൾ, ആദ്യമേ ഇങ്ങോട്ട് കൈ തരികയാണെങ്കിൽ, നമ്മൾ അങ്ങോട്ട് ആലിംഗനം ചെയ്യാൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ച് തിരിച്ചു കൈ കൊടുക്കുകയാണ്. 

അത് ഏതു സംസ്കാരത്തിലായാലും. ശ്രീമതി ബിന്ദു കൃഷ്ണ ആദ്യം അങ്ങോട്ട് കൈ കൊടുക്കുമ്പോൾ അതു പോര, എനിക്ക് ആലിംഗനം ചെയ്തേ തീരൂ എന്ന വാശി പോലെയാണ് ചെറിയാൻ ആദ്യാലിംഗനത്തിന് മുതിർന്നത്. വീഡിയോ കാണുന്നവർക്ക് അങ്ങനെയേ അതു മനസ്സിലാവുകയുള്ളൂ. ആദ്യത്തെ ആലിംഗനം അവർ തടയുമ്പോൾ, രണ്ടാമത് പൂർവ്വാധികം ബലത്തോടു കൂടി അവരുടെ കൈകളിൽ പിടിച്ച്,

എനിക്ക് ആലിംഗനം ചെയ്തേ പറ്റൂ എന്ന വാശിയിൽ അവരുടെ ചുമരിലേക്ക് മുഖമമർത്താൻ ശ്രമിക്കുന്ന ചെറിയാനെയാണ് പിന്നെക്കാണുന്നത്.

അതൊരു വൃത്തികെട്ട കാഴ്ച തന്നെയാണ്. ആദ്യം ഉണ്ടായ ജാള്യത മറയ്ക്കാൻ വേണ്ടിയാകണം രണ്ടാമതും അദ്ദേഹം ഒരു ബലപ്രയോഗത്തിന് അങ്ങനെ മുതിർന്നത്. പക്ഷേ അത് അപഹാസ്യമായിപ്പോയി,തീർത്തും തെറ്റായിപ്പോയി.

ഒരു സ്ത്രീക്ക് താല്പര്യമില്ലാത്ത ഒരു കാര്യത്തിൽ ബലപ്രയോഗം എന്നത് അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. അതിന് ചെറിയാൻ മാപ്പ് പറയേണ്ടതുണ്ട്. ബിന്ദു കൃഷ്ണ അത് ഗൗരവമായി എടുത്തു കാണാൻ വഴിയില്ല. നിറഞ്ഞ ചിരിയോടെ ആ ശ്രമം തള്ളിക്കളഞ്ഞു കൊണ്ടാണ് അവർ മുന്നിലേക്ക് പോകുന്നത്. പക്ഷേ ആ പ്രവൃത്തി  ഗൗരവമായി എടുത്ത് ശ്രീമതി ബിന്ദു കൃഷ്ണ പരാതിപ്പെടുകയാണെങ്കിൽ സംഭവത്തിന്റെ 

ഗതി മാറും. അവരുടെ പ്രതികരണം നൂറു ശതമാനം അഭിനന്ദനം അർഹിക്കുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് വാക്കിലൂടെയായാലും പ്രവൃത്തിയിലൂടെ ആയാലും പ്രകടിപ്പിക്കുക എന്നതും അത്തരം ശരികൾക്കെതിരെ വരുന്ന എന്തിനെയും അപ്പോൾത്തന്നെ എതിർക്കുക എന്നതും ഒരു മാതൃക എന്നോണം അവർ കാട്ടിക്കൊടുക്കുന്നു.

കേരളത്തിന്റെ ഒരു കപട സദാചാര പശ്ചാത്തലത്തിൽ അല്ലെങ്കിൽ ചില ഭാഗങ്ങളിലെ കടുത്ത സദാചാര പശ്ചാത്തലത്തിൽ പുണരാൻ ശ്രമിക്കുമ്പോഴും പുണരൽ സ്വീകരിക്കുമ്പോഴും ഒരു ശ്രദ്ധയും ജാഗ്രതയും തീർച്ചയായും വേണം. ആ ശ്രദ്ധയും ജാഗ്രതയുമാണ്   ശ്രീമതി ബിന്ദു കൃഷ്ണ കൃത്യമായി പാലിച്ചതും ശ്രീ ചെറിയാൻ ഫിലിപ്പ് മറന്നു പോയതും.

അല്ലാതെ ചെറിയാന് മറ്റൊരുദ്ദേശവും ചുറ്റും ക്യാമറകൾ നിൽക്കുമ്പോഴും ചുറ്റും പ്രവർത്തകർ നിറഞ്ഞു നിൽക്കുമ്പോഴും ഒരിക്കലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതാനും വയ്യ. വ്യക്തികളുടെ സവിശേഷതകൾ, പ്രത്യേകതകൾ തുടങ്ങിയവ അറിഞ്ഞു പെരുമാറുക എന്നതും നമ്മുടെ സാംസ്കാരിക ഭൂമികയിൽ പ്രധാനമാണ്. അതിന് ചെറിയാന് കഴിഞ്ഞില്ല. സോഷ്യൽ മീഡിയയ്ക്ക് ഇത്രയും മതിയല്ലോ!

അവർ ആഘോഷിച്ചുകൊണ്ടേയിരിക്കുന്നു.

ആലിംഗനത്തിന്റെ മനശ്ശാസ്ത്രം നമുക്ക് നോക്കാം.1979 ൽ ഇന്ദിരാഗാന്ധി ഫിഡൽ കാസ്ട്രോയെ പുണർന്നത് ചരിത്രത്തിലെ അവിസ്മരണീയമായ ആലിംഗനങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. ആശ്വസിപ്പിക്കുക, ആനന്ദിപ്പിക്കുക എന്നർത്ഥം വരുന്ന hugga എന്ന സ്കാൻഡിനേവിയൻ പദത്തിൽ നിന്നാണ് hug എന്ന പദം ഉത്ഭവിക്കുന്നത്. Biological Psychology  എന്ന സയന്റിഫിക് ജേണൽ നടത്തിയ ഒരു പഠനത്തിൽ  പുണരേണ്ടതെങ്ങനെയെന്നതിൽ ചില കണ്ടെത്തലുകൾ നടത്തിയിരുന്നു!. 

തീരെ നേർത്ത  ആലിംഗനം നമ്മളർത്ഥമാക്കുന്ന ഊഷ്മളത പകരാൻ പര്യാപ്തമല്ല എന്നത് തന്നെയാണ് കണ്ടെത്തലിൽ പ്രധാനം.

പുണരുമ്പോൾ ഒന്നമർത്തി പുണരുക. എന്നാൽ ധൃതരാഷ്ട്രാലിംഗനം വേണ്ട !.  2021ൽ ലണ്ടനിൽ നടത്തിയ ഒരു പഠനത്തിൽ , അതിൽ പങ്കെടുത്തവർക്ക് അഞ്ച് സെക്കൻഡ് മുതൽ  10 സെക്കൻഡ് വരെയുള്ള ആലിംഗനമാണ് ആനന്ദദായകമായി കണ്ടെത്തിയത്.

പക്ഷേ ആലിംഗനത്തിന്റെ ദൈർഘ്യം എന്നത് പരസ്പരം പുണരുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.

പരസ്പരം നന്നായി അറിയാവുന്ന, സ്നേഹിക്കുന്ന, പ്രണയിക്കുന്ന രണ്ടു വ്യക്തികൾ തമ്മിൽ ആലിംഗനം ചെയ്യുമ്പോൾ ദൈർഘ്യം കൂടും.

പരസ്പരം ഒരു കൈ ചുമലിലും  ഒരു കൈ അരയിലും ആയുള്ള ആലിംഗനവും (criss-cross ) ഒരാൾ കഴുത്തിലൂടെയും മറ്റേയാൾ അരയിലൂടെയും ആലിംഗനം ചെയ്യുന്നതും ( neck -waste) ആണ് ഏറ്റവും ഉദാത്തമെന്ന് കണ്ടെത്തിയിരിക്കുന്നത്!. 

ആലിംഗനത്തിലെ അകലം എന്നതും പ്രധാനം. Neuroticism എന്ന അവസ്ഥയുള്ള , അഥവാ ഉത്കണയും ചെറിയ കാര്യങ്ങളിൽ പോലും അസ്വസ്ഥരാകുന്ന, മൂഡ് സ്വിങ്സ് ഉള്ള വ്യക്തികൾ ആലിംഗനത്തിൽ ഒരു അകലം ആഗ്രഹിക്കുന്നു. എന്നാൽ സാമൂഹിക ബന്ധങ്ങൾക്ക് അതീവ പ്രാധാന്യം നൽകുന്ന വ്യക്തികൾ ആലിംഗനത്തിൽ ഒട്ടും അകലമാഗ്രഹിക്കുന്നില്ല. നമ്മുടെ തലച്ചോറിന്റെ വലതു ഭാഗമാണ് ശരീരത്തിന്റെ ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് എന്നതിനാൽ പുണരുമ്പോൾ ആദ്യം ഇടതു കൈകൊണ്ട് പുണരുക എന്നാണ് 2019 ലെ ഒരു പഠനം കണ്ടെത്തിയിരിക്കുന്നത് !. എന്നാൽ നമ്മൾ സാധാരണ പുണരുന്നത് ആദ്യം വലതുകൈ കൊണ്ടാണല്ലോ !. സെൻഗുരു ടിക് ന്യാത് ഹാനെ ഒരിക്കൽ അറ്റ്ലാൻ്റ എയർപോർട്ടിൽ യാത്രയയക്കാൻ ചെന്ന  വനിത അദ്ദേഹത്തോട് ചോദിച്ചു,

 "അങ്ങ് ഒരു ബുദ്ധസന്യാസി അല്ലേ? . എനിക്ക് അങ്ങയെ ഒന്ന് ഹഗ് ചെയ്യാൻ കഴിയുമോ? ". വിയറ്റ്നാമിൽ അദ്ദേഹത്തിന് പരിചിതമുള്ള ഒരു ശീലമായിരുന്നില്ല അത്. എങ്കിലും അദ്ദേഹം അതിന് സമ്മതിച്ചു. പക്ഷേ ആ ആലിംഗന വേളയിൽ അദ്ദേഹം വെറും വടി പോലെ നിന്നു !. 

അങ്ങനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശീലങ്ങളെ സമന്വയിപ്പിക്കാൻ അദ്ദേഹം കണ്ടെത്തിയതാണ്

Hugging Meditation അഥവാ 'ആലിംഗന ധ്യാനം!'. അതെ മൈൻഡ്ഫുൾ ധ്യാനം തന്നെ ! അച്ഛൻ മകളെ പുണരുമ്പോഴും , ഭാര്യ ഭർത്താവിനെ പുണരുമ്പോഴും , സുഹൃത്ത് സുഹൃത്തിനെ പുണരുമ്പോഴും കാമുകൻ കാമുകിയെ പുണരുമ്പോഴുമൊക്കെ എപ്പോഴെങ്കിലും പരീക്ഷിക്കാവുന്നതാണ് ഹഗ്ഗിങ് മെഡിറ്റേഷൻ. ശരീരം കൊണ്ടു മാത്രമല്ല, ആത്മാവും ഹൃദയവും കൊണ്ടു കൂടി 

ആലിംഗനം ചെയ്യുക. ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ, "പ്രിയപ്പെട്ടവളേ , ജീവൻ്റെ സ്പന്ദനവുമായി നീ എൻ്റെ കൈകളിലുണ്ട് " എന്ന് ഉള്ളിൽ പറയുക. ശ്വാസം പുറത്തേക്ക് വിടുമ്പോൾ, " നീ എനിക്ക് വളരെ വിലപ്പെട്ടതാണ്. " എന്നും പറയുക.

പെട്ടെന്ന് നമ്മൾ ഒരാളെ കാണുമ്പോൾ, പെട്ടെന്ന് ചെയ്യുന്ന ആലിംഗനമാവില്ല ഹഗ്ഗിങ് മെഡിറ്റേഷൻ. അത് ബോധപൂർവ്വം ചെയ്യേണ്ട ഒന്നാണ്.

അതിന് നമ്മൾ തയ്യാറായിരിക്കണം. ആദ്യം പരസ്പരം നോക്കി നിന്ന് പരസ്പര സാന്നിദ്ധ്യം ഉറപ്പാക്കുക.പിന്നെ ആലിംഗനം ചെയ്യുക.

ആദ്യത്തെ ശ്വാസ - ഉച്ഛ്വാസങ്ങളിൽ ഇരുവരിലും തുടിക്കുന്ന ജീവനെക്കുറിച്ച് ചിന്തിക്കുക.രണ്ടാമത്തേതിൽ ഒരു 300 വർഷങ്ങൾക്കപ്പുറം നിങ്ങളെവിടെയായിരിക്കും എന്ന് ചിന്തിക്കുക!. മൂന്നാമത്തേതിൽ നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എത്ര വിലപ്പെട്ട 

കാര്യമാണെന്ന് ചിന്തിക്കുക. ബുദ്ധിസ്റ്റ് ചിന്തകളും പ്രവൃത്തികളും ജീവിതത്തിൽ നടപ്പിലാക്കാൻ അത്ര എളുപ്പമല്ല. അതിന് സ്ഥൈര്യം വേണം.

മലയാളിയെ ആലിംഗനം  ചെയ്യാൻ, ഹഗ് ചെയ്യാൻ, ശരിക്കും പഠിപ്പിച്ചത് വർഷങ്ങൾക്കു മുമ്പ് ശ്വേത മേനോൻ ആണ്. 

റിയാലിറ്റി ഷോയിൽ ഭാര്യമാരുടെ മുമ്പിൽ വച്ച് ഭർത്താക്കന്മാർ ആലിംഗനം ചെയ്യപ്പെട്ടപ്പോളാണ് ആലിംഗനം എന്നത് ലൈംഗികത അല്ല എന്ന് കേരളീയ സമൂഹത്തിലെ പല സ്ത്രീകൾക്കും ഒന്നു മനസ്സിലായത്. അപ്പോൾ കേരളത്തിൻ്റെ സാംസ്കാരിക പശ്ചാത്തലത്തിൽ, ആലിംഗനത്തിന്റെ കാര്യത്തിൽ നമുക്ക് ശ്രദ്ധയും ജാഗ്രതയും പാലിക്കാം. എത്ര പരിചയം ഉള്ള ഒരാളെ നാം കാണുമ്പോഴും,അഭിവാദ്യത്തിന്റെ രീതി എന്നത് അയാൾ ഒരു സൂചന തരുന്നുവെങ്കിൽ അതിനനുസരിച്ചായിരിക്കണം.

അല്ലെങ്കിൽ നമുക്ക് അത്ര ഉറപ്പുള്ള വ്യക്തി ആയിരിക്കണം. എന്തായാലും ആലിംഗനം എന്നത് ലൈംഗികതയല്ല.അത് സ്നേഹ പ്രകടനത്തിന്റെ ഉദാത്തമായ ഒരു ഭാഷയാണ്. അതു ബലപ്രയോഗം ആകുമ്പോൾ ചിത്രം മാറുന്നു!. ഈയൊരു സംഭവം കൊണ്ട് നമ്മൾ ആലിംഗനത്തെ ദയവായി പഴിക്കരുത്'.– പ്രശാന്ത് വാസുദേവ് വിശദീകരിക്കുന്നു. 

ENGLISH SUMMARY:

Cheriyan Philip's forceful attempt to hug Bindu Krishna at the KPCCHQ meeting has sparked a viral social media post. The post delves into the psychology of hugging and the cultural nuances surrounding such physical expressions in Kerala.