Image Credit: facebook/ktjaleel
തിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ കൂറ്റന്‍ജയത്തിന് പിന്നാലെ ആടിന്‍റെ തലയുമേന്തി വീടിന് മുന്നിലൂടെ പ്രകടനം നടത്തിയവരുടെ ദൃശ്യങ്ങള്‍ പങ്കുവച്ച് കെ.ടി.ജലീല്‍. തവനൂരില്‍ തോറ്റുവെങ്കിലും മുസ്ലിം ലീഗിന്‍റെയും ജമാ അത്തെ ഇസ്ലാമിയുടെയും തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാനശ്വാസം വരെ താന്‍ പോരാടുമെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആയിരം തവണ വര്‍ഗീയ കൂട്ടുമുന്നണി തന്നെ പരാജയപ്പെടുത്തിയാലും കീഴടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇടതുപക്ഷ പതാക ഉയര്‍ത്തിപ്പിടിച്ച് മരിച്ച് വീഴുന്നത് വരെ പോരാടുമെന്നും കുറിപ്പില്‍ പറയുന്നു. തലയെടുക്കാന്‍ ധൈര്യമുള്ളവര്‍ക്ക്, വെട്ടി വീഴ്ത്താന്‍ ചങ്കൂറ്റമുള്ളവര്‍ക്ക് മുന്നോട്ട് വരാമെന്നും തല വെട്ടുന്നവരുടേതല്ല, കാക്കുന്നവരുടേതാണ് മലപ്പുറമെന്നും ആ മലപ്പുറത്തിന് വേണ്ടി താന്‍ തുടര്‍ന്നും പോരാടുമെന്നും കുറിപ്പിലുണ്ട്.
'ആട് ജലീല്‍ തോറ്റുപോയേ' എന്ന് മുദ്രാവാക്യമായി വിളിച്ചാണ് ലീഗ് പ്രവര്‍ത്തകര്‍ നടന്നു നീങ്ങുന്നത്. കുട്ടികളടക്കം ജാഥയിലുണ്ട്. ആടിനെ കെട്ടിവലിച്ച് കൊണ്ട് നടക്കുന്നതും അറുത്ത ആടിന്‍റെ തല വടിയില്‍ കെട്ടിത്തൂക്കിയുമാണ് പ്രവര്‍ത്തര്‍ നടന്ന് നീങ്ങുന്നത്.
കെ.ടി.ജലീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിങ്ങനെ: ഇന്ന് ആടിന്‍റെ തല! നാളെ എന്‍റെ തലയോ? മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും "തലയറുപ്പ് രാഷ്ട്രീയ"ത്തിനെതിരെ അവസാന ശ്വാസം വരെയും പൊരുതും. ആയിരം തവണ വർഗ്ഗീയ കൂട്ടുമുന്നണി എന്നെ തോൽപിച്ചാലും നിങ്ങൾക്കു കീഴടങ്ങുന്ന പ്രശ്നമില്ല. മതേതര രാഷ്ട്രീയത്തിന്‍റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം. വെട്ടിവീഴ്ത്താൻ ചങ്കൂറ്റമുള്ളവർക്ക് അങ്കത്തിനിറങ്ങാം. തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം. ഇൻക്വിലാബ് സിന്ദാബാദ്'.
സംസ്ഥാനമൊന്നാകെ ആഞ്ഞടിച്ച തരംഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ജോയിയോട് 14647 വോട്ടുകള്‍ക്കാണ് കെ.ടി.ജലീല്‍ പരാജയപ്പെട്ടത്. മലപ്പുറം ജില്ലയില്‍ ഇന്നേവരെ യുഡിഎഫിന് ലഭിക്കാതിരുന്ന തവനൂരില്‍ നിന്ന് കഴിഞ്ഞ 15 വര്‍ഷമായി കെ.ടി.ജലീലാണ് നിയമസഭയില്‍ എത്തിയിരുന്നത്.