പതിറ്റാണ്ടുകള്‍ക്ക് ശേഷം കോഴിക്കോട്ട് യുഡിഎഫ് വന്‍ തിരിച്ചുവരവ് നടത്തിയതോടെ മന്ത്രിസഭയില്‍ ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കാനുള്ള സാധ്യതയേറി. കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും ഒരാള്‍ വീതം മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്ന് പറയുമ്പോള്‍ അതാരാകുമെന്ന ചര്‍ച്ചകളും മുന്നണിക്കുള്ളില്‍ സജീവമാണ്.
12 സീറ്റുകളാണ് ഇത്തവണ യുഡിഎഫ് സ്വന്തം അക്കൗണ്ടില്‍ എത്തിച്ചത്. അഞ്ചെണ്ണം കോണ്‍ഗ്രസും ആറെണ്ണം ലീഗും. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ നേട്ടം കൈവരിച്ചതോടെ കോഴിക്കോടിന് മന്ത്രിസഭയില്‍ പ്രാതിനിത്യം ലഭിക്കാനുള്ള സാധ്യതയേറി. ഡിസിസി പ്രസിഡന്‍റ് കെ. പ്രവീണ്‍കുമാറാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ഡിസിസിക്ക് പുതിയ കെട്ടിടം ഒരുക്കിയതടക്കമുള്ളവയും പ്രവീണ്‍കുമാറിന്‍റെ പ്ലസ് പോയിന്‍റുകളാണ്.
എന്നാല്‍ സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്തിന് നറുക്കുവീഴാനുള്ള സാധ്യതകളുമുണ്ട്. ലീഗിലാകട്ടെ കെ.എം. ഷാജിയുടേയും പാറക്കല്‍ അബ്ദുല്ലയുടേയും പേരുകള്‍ക്കാണ് മുന്‍തൂക്കം. കഴിഞ്ഞ അഞ്ച് വര്‍ഷം വിഡി സതീശനൊപ്പം സാമുദായിക സംഘടനാ നേതാക്കള്‍ക്കെതിരെ ആക്രമണോല്‍സുക രാഷ്ട്രീയം മുന്നോട്ട് വച്ച കെ. എം. ഷാജിയെ അവഗണിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ വേങ്ങരയില്‍ നിന്ന് ജയിച്ച ഷാജിയെ മലപ്പുറം ജില്ലയുടെ അക്കൗണ്ടില്‍ തന്നെ ഉള്‍പ്പെടുത്തി മുതിര്‍ന്ന നേതാവായ പാറക്കല്‍ അബ്ദുല്ലക്ക് അവസരം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. 12 സീറ്റുകള്‍ നേടിയിട്ടും അര്‍ഹമായ പരിഗണന ജില്ലക്കുണ്ടായില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ അതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.