കോട്ടയം പാലാ നഗരസഭയിൽ യുഡിഎഫ് ഭരണത്തെ പ്രതിസന്ധിയിലാക്കിയ കോൺഗ്രസ് കൗൺസിലർമാരെ അവഗണിച്ച് യുഡിഎഫ് നേതൃത്വം. നഗരസഭാ ഭരണത്തിനുളള പിന്തുണ പിൻവലിച്ചെന്ന് പാലായിലെ കോൺഗ്രസുകാർ പറഞ്ഞെങ്കിലും ജില്ലാ സംസ്ഥാന നേതാക്കള്‍ ഗൗരവമായെടുത്തിട്ടില്ല.
നഗരസഭാധ്യക്ഷ ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര മുന്നണിയുമായി ചേർന്നുള്ള യുഡിഎഫ് ഭരണം വേണ്ടെന്ന് പാലായിലെ കോൺഗ്രസുകാർ
പ്രമേയമൊക്കെ പാസാക്കിയെങ്കിലും കോൺഗ്രസ് ജില്ലാ നേതൃത്വവും യുഡിഎഫ് നേതൃത്വവും മൗനം പാലിക്കുകയാണ്. കോൺഗ്രസിലെ രണ്ടു കൗൺസിലർമാര്‍ തുടര്‍ച്ചയായി സൃഷ്ടിക്കുന്ന തര്‍ക്കത്തെ അവഗണിക്കുകയാണ് നേതാക്കള്‍. സ്വതന്ത്രമുന്നണിയുമായി ചേര്‍ന്ന് ഭരണം നടത്താന്‍ കെപിസിസി, ഡിസിസി തലത്തില്‍ ഉണ്ടാക്കിയ ധാരണയാണ്. പിന്തുണ പിൻവലിച്ചെന്ന് പറയാൻ പാലായിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയെ ആര് ചുമതലപ്പെടുത്തിയെന്ന ചോദ്യമാണ് യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്നത്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ യുഡിഎഫിൽ ചർച്ച ചെയ്യണമായിരുന്നു. മാണിസി കാപ്പൻ എംഎൽഎയ്ക്കും, കേരള കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ട്. തല്‍ക്കാലം അവിശ്വാസം കൊണ്ടുവരില്ലെന്നാണ് കേരള കോൺഗ്രസ് എം നിലപാട്.
ഭരണം വേണ്ടെന്ന് കോണ്‍ഗ്രസിന്‍റെയോ യുഡിഎഫിന്‍റെയോ ജില്ലാ നേതൃത്വം ഔദ്യോഗിക തീരുമാനം പറയട്ടെ എന്നാണ് സ്വതന്ത്രമുന്നണിയുടെ നിലപാട്.