സിപിഎം പിണറായിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ടി.പി.ചന്ദ്രശഖരന്‍റെ മരണവും അദ്ദേഹം ഉയര്‍ത്തിയ നിലപാടുകളും വീണ്ടും ചര്‍ച്ചയാകുന്നു. പരാജയത്തിന്‍റെ പടുകുഴിയിലുള്ള സിപിഎമ്മിനുനേരെ ചോദ്യശരങ്ങളുയര്‍ത്തുന്നു കെ.കെ.രമയുടെ ഫെയ്സ് ബുക് പോസ്റ്റ്.
2012 മേയ് 4. 51 വെട്ടേറ്റ് കൂരമായി കൊല്ലപ്പെട്ട ഭര്‍ത്താവിന്‍റെ ചേതനയറ്റ ശരീരത്തിന് മുന്നില്‍ മകനേയും ചേര്‍ത്തുപിടിച്ച് പകച്ചുനിന്ന കെ.കെ.രമയെ കണ്ട് കേരളത്തിന്‍റെ നെഞ്ചുപൊട്ടി. കൊല്ലാനേ കഴിഞ്ഞുള്ളൂ, തോല്‍പ്പിക്കാനായില്ല എന്ന ഏണസ്റ്റ് ഹെമിങ്‌വേയുടെ വാക്കുകള്‍ പറഞ്ഞ് പതറാതെ നിന്ന രമ പൊട്ടിക്കരഞ്ഞത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ മുന്നില്‍. വോട്ടെടുപ്പ് ദിവസം ടിപിയുടെ വീട് സന്ദര്‍ശിച്ച വിഎസിന്‍റേത് രാഷ്ട്രീയ നീക്കമെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ആ നിമിഷത്തിന്‍റെ വൈകാരികത ഇന്നും കേരളം മറന്നിട്ടില്ല.
ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം മറ്റൊരു മേയ് 4.... രമയുടെ നെഞ്ചിലെ അണയാത്ത കനല്‍ ഫെയ്സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. 'കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊള്ളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരന് കഴിഞ്ഞു' . വോട്ടെണ്ണലിന്‍റെ ചില ഘട്ടങ്ങളില്‍ പിണറായി വിജയന്‍ ധര്‍മടത്ത് പിന്നിലായപ്പോഴായിരുന്നു ഈ പോസ്റ്റ്. കുലംകുത്തിയെന്ന് ടി.പി.ചന്ദ്രശേഖരനെ വിളിച്ച പിണറായി വിജയന്‍. ആ പിണറായിക്കെതിരെ നടത്തിയ സമരമായിരുന്നു കെ.കെ.രമയുടെ ടി.പിയുടെ മരണശേഷമുള്ള ജീവിതം. ബാങ്ക് ഉദ്യോഗസ്ഥയായി കുടുംബകാര്യങ്ങള്‍ മാത്രം നോക്കി ജീവിച്ചിരുന്ന കെ.കെ.രമയെ പിണറായിക്കുനേരെ ചോദ്യശരങ്ങളുയര്‍ത്തുന്ന എംഎല്‍എയാക്കി മാറ്റിയത് ആ സമരവീര്യം തന്നെ.
പിണറായിയുടെ നേതൃത്വത്തില്‍ സിപിഎമ്മിനേറ്റ ഈ ദയനീയ പരാജയം കെ.കെ.രമ എന്ന സ്ത്രീക്ക്, ടി.പിയുടെ വിധവയ്ക്ക് കാലം കാത്തുവച്ച നീതിയാണോ? കാലത്തിന്‍റെ കാവ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെ വ്യാഖ്യാനിക്കേണ്ടിവരും? കാരണം ടി.പി.ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി അതിക്രൂരമായി ഈ ഭൂമിയില്‍നിന്ന് പറഞ്ഞയച്ചത് മറ്റൊരു മേയ് 4ന് ആയിരുന്നല്ലോ? അതിലെ ഗൂഢാലോചനയ്ക്ക് പ്രതികളായവരെല്ലാം സിപിഎം നേതാക്കളായിരുന്നല്ലോ? ടി.പി ചെയ്ത കുറ്റം പാര്‍ട്ടിയിലെ അപചയത്തെപ്പറ്റി വിളിച്ചുപറഞ്ഞതായിരുന്നല്ലോ? പാര്‍ട്ടി കോട്ടയില്‍ ടി.പി പറഞ്ഞത് കേള്‍ക്കാനും ശരി വയ്ക്കാനും ആളുണ്ടായിരുന്നതാണല്ലോ? പിന്നെ അവരെയൊക്കെ നിശബ്ദരാക്കിയത് ആരാണ്? ആ നിശബ്ദതയ്ക്കാണോ ഇപ്പോള്‍ ശബ്ദം വച്ചത്?