Image credit: facebook/karayirajan

'ചിലയിടത്തൊക്കെ കയറി ചെല്ലുമ്പോള്‍ ആളുകള്‍ക്ക് പേടിയായിരുന്നു, ഭീകരന്‍ വന്നിരിക്കുന്നു എന്ന മട്ടിലാണ് നോക്കുന്നത്', കാരായി രാജന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഫസല്‍ കേസുണ്ടാക്കിയ പോറല്‍ വ്യക്തമാക്കുന്നതാണ് അദ്ദേഹം മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍. കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്നും വിട്ടുനിന്ന എട്ടു വര്‍ഷകാലത്തെ വനവാസത്തെയും അതിജീവിച്ചാണ് കാരായി രാജന്‍ തലശേരിയുടെ എംഎല്‍എയാകുന്നത്. കേസും കൂട്ടവും ഇല്ലായിരുന്നില്ലെങ്കില്‍ ഇതിലും നേരത്തെ തലശേരിയുടെ എംഎല്‍എ ആകുമായിരുന്നു കാരായി രാജന്‍. 

കാരായി രാജന്‍റെ പൊളിറ്റിക്കല്‍ കരിയറില്‍ പ്രചാരണം നടത്തി ജയിച്ച ആദ്യ തിരഞ്ഞെടുപ്പു കൂടിയാണിത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാട്യം ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചത് ഒരു പ്രചാരണത്തിനുമിറങ്ങാതെയാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കാനും വോട്ടു ചെയ്യാനും വന്നത് ഒഴിച്ചാല്‍ പാട്യത്ത് കാരായി രാജനെ പാര്‍ട്ടി ജയിപ്പിച്ചെടുക്കുകയായിരുന്നു. 

ഫസൽ വധ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട് ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്ത് കഴിയുമ്പോഴാണ് കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. 2012 മുതല്‍ ഒന്നര വർഷം ജയിലിലായിരുന്നു കാരായി രാജന്‍. പിന്നീട് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം വിടാന്‍ അനുമതിയുണ്ടായിരുന്നില്ല. ജനപ്രതിനിധിയാക്കി ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാന്‍ സിപിഎം ശ്രമിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കാരായി രാജാനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കി. 

 21,602 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജന്‍ ജയിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷനായതോടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടാന്‍ ശ്രമം നടത്തിയെങ്കിലും കോടതി തള്ളി. അങ്ങനെ ആറു മാസത്തിന് ശേഷം കാരായി രാജന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അന്ന് പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ കെ.വി സുമേഷ് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് നിന്നും എംഎല്‍എയായി.

കതിരൂരെ പാർട്ടി ​ഗ്രാമത്തിൽ നിന്നും ബാലസംഘത്തിലൂടെ വളര്‍ന്നുവന്ന രാജന്‍ ദിനേശ്  ബീഡി തൊഴിലാളിയായ ശേഷമാണ് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാകുന്നത്. കതിരൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി. പിന്നെ ലോക്കല്‍ സെക്രട്ടറിയും തലശ്ശേരി ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായി. 

തലശ്ശേരിയില്‍ നിന്നും മാറി നില്‍ക്കേണ്ട വന്നതോടെ എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു എട്ടു വര്‍ഷകാലം കാരായി രാജന്‍റെ പാര്‍ട്ടി പ്രവര്‍ത്തനം. എറണാകുളം ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. ചിന്ത പബ്ലിക്കേഷന്‍സില്‍ പ്രൂഫ് റീഡറായും ജോലി ചെയ്തു. നാട്ടില്‍ നിന്നും മാറിനിൽക്കേണ്ടി വന്ന എട്ടു വർഷങ്ങൾ കാരായി രാജന്റെ രാഷ്ട്രീയ ജീവിതത്തിലെ പരീക്ഷണഘട്ടമായിരുന്നു. സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയാണെങ്കിലും അതിശക്തമായ യുഡിഎഫ് തരംഗത്തിനിടെയും 20523 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നേടിയ ജയം കാരായി രാജന് കുറച്ചധികം വ്യക്തിപരം കൂടിയാണ്.

ENGLISH SUMMARY:

In a deeply personal victory, CPIM leader Karayi Rajan has been elected as the MLA of Thalassery, a result that many see as a vindication after his years of legal exile. Rajan, who was a key figure in the Fazal murder case and spent eight years outside his home district due to bail conditions, successfully reconnected with the electorate through an active campaign. Although he was elected as the District Panchayat President in 2015 while in Kochi, this was the first time he could lead his own election movement on the ground in Thalassery. Starting his life as a beedi worker and rising through the ranks of the party as a local and area secretary, Rajan’s journey is a narrative of resilience within the CPIM ranks. During his forced stay in Kochi and Thiruvananthapuram, he worked as a proofreader at Chinta Publications, maintaining his intellectual and political engagement. His win in this LDF bastion not only strengthens the party's hold but also marks the return of a seasoned leader to active legislative politics after a decade of trials.