കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിൽ കഴിയുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി അംഗം ജിതിൻ ഭാസ്കറിനെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ജിതിന്റെ ചോദ്യം ചെയ്യൽ അനിവാര്യമെന്നാണ് എസ്ഐടിയുടെ നിലപാട്. അതിനാൽ അഞ്ചുദിവസത്തെ കസ്റ്റഡി അപേക്ഷയാവും പ്രത്യേക അന്വേഷണസംഘം നൽകുക. ജിതിന്റെ ജാമ്യപേക്ഷയും ഇന്ന് കോടതിയിൽ സമർപ്പിക്കും.  

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനിടയിലാണ് വടകരയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവച്ച വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇതിന് പിന്നില്‍ ജിതിനാണെന്ന് ഒട്ടേറെ പരിശോധനകള്‍ക്കൊടുവിലാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്ക്രീന്‍ഷോട്ട് പങ്കുവച്ചത് റിബേഷ് രാമകൃഷ്ണനെന്ന ഡിവൈഎഫ്ഐ നേതാവായിരുന്നു. റിബേഷിന് ഇത് അയച്ചുകൊടുത്തത് ജിതിനാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

സ്ക്രീന്‍ഷോട്ട് ആദ്യം വന്ന ഗ്രൂപ്പിലും പ്രചരിച്ച ഗ്രൂപ്പിലുമെല്ലാം ജിതിന്‍ അംഗമായിരുന്നുവെന്നും എസ്ഐടി കണ്ടെത്തി. ജിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ വ്യാജമായി നിര്‍മിച്ച സ്ക്രീന്‍ഷോട്ടിന്‍റെ യഥാര്‍ഥ ഉറവിടം കണ്ടെത്താന്‍ കഴിയുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി വ്യക്തമാക്കിയിരുന്നു. കലാപശ്രമം, സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും ലഹളയുമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു, കേസിന് കാരണമായ ഡിജിറ്റല്‍ തെളിവുകളും സന്ദേശങ്ങളും മനപൂര്‍വം നശിപ്പിക്കാന്‍ ശ്രമിച്ചു എന്നീ ഗുരുതര കുറ്റങ്ങളാണ് ജിതിനെതിരെ ചുമത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

The Special Investigation Team (SIT) is set to submit a formal application today seeking five days of police custody for DYFI block committee member Jithin Bhaskar, who is currently remanded in connection with the Vadakara Kafir screenshot case. Investigators maintain that his detailed interrogation is absolutely essential to tracing the original source and creator of the highly controversial fake digital image. The fabricated screenshot circulated widely during the 2024 Lok Sabha election campaign, triggering intense communal polarization and public unrest across the Vadakara constituency. Comprehensive digital forensics revealed that Jithin originally forwarded the malicious image to another local DYFI leader, Ribesh Ramakrishnan, who then disseminated it further inside a WhatsApp group titled 'Vadakara Squad'. Kozhikode Rural police officials confirmed that Jithin maintained active membership in all the key messaging groups where the text first originated and subsequently spread. Consequently, the accused faces grave legal charges, including deliberate attempts to incite rioting, fostering communal hatred between religious communities, and the intentional destruction of vital digital evidence.