തിരഞ്ഞെടുപ്പിലെ ജനവിധി എല്‍ഡിഎഫിന് കനത്ത പ്രഹരമാകുമ്പോള്‍ വൈകാരിക കുറിപ്പുമായി വടകരയില്‍ വിജയിച്ച ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമ. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് അപ്രതീക്ഷിതമായി ആറ് റൗണ്ടുകള്‍ പിന്നിലായപ്പോഴായിരുന്നു രമയുടെ പ്രതികരണം. ചന്ദ്രശേഖരന്‍റെ ചോര സി.പി എമ്മിന്‍റെ കുഴിമാടം വരെ എത്തും എന്ന് പ്രതികരിച്ച കെ.കെ രമ ഫെയ്‌സ്ബുക്കിലും വൈകാരിക കുറിപ്പ് പങ്കുവെച്ചു.
‘കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു...രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു രമയുടെ കുറിപ്പ്. ‘ കാലം കാത്ത് വെച്ച നീതി’ എന്നായിരുന്നു രമയുടെ കുറിപ്പിനോടുള്ള പ്രതികരണങ്ങള്‍. വടകരയില്‍ 14,862 വോട്ടിന് വിജയിച്ചാണ് കെ.കെ.രമ വീണ്ടും നിയമസഭയിലേക്കെത്തുന്നത്. രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥി എം.കെ ഭാസ്‌കരനാണ് വടകരയില്‍ രണ്ടാമതെത്തിയത്.
വോട്ടെണ്ണലിന് മുന്‍പേ തന്നെ വടകര ചന്ദ്രശേഖന്‍റെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് കെ.കെ. രമ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വ ദിനം കൂടിയാണ് മേയ് 4.