Untitled design - 1

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ പെട്ട 51 കുടുംബങ്ങൾക്ക്  വീട് നിർമിച്ച് നല്‍കിയതിന് മുസ്‌ലിം ലീഗിനെ പുകഴ്ത്തി ഇടത് സഹയാത്രികന്‍ പ്രേംകുമാര്‍. സ്നേഹത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും നന്മകളാണ് തൃക്കൈപ്പറ്റയിലെ അൻപത്തൊന്ന് വീടുകളിൽ ഇന്നലെ തിളച്ചു തൂവിയതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'അഭിമാനിക്കാം മുസ്‌ലിം ലീഗിന്. പെരുമഴയായി പെയ്തിറങ്ങിയൊരു ദുരന്തത്തെ അതിജീവിച്ചവർക്കൊപ്പം നിൽക്കാനായതിന്. പ്രഖ്യാപിച്ച നൂറു വീടുകളിൽ പകുതിയിലധികം പണികഴിച്ച്, പാലുകാച്ചൽ നടത്താനായതിന്. ബാക്കിയുള്ളവ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നേരുള്ളുറപ്പ് പറയാനാവുന്നതിന്. സർക്കാർ ടൌൺഷിപ്പിനെക്കാൾ മുന്നെ പകുതി ഗുണഭോക്താക്കൾക്ക് താമസം തുടങ്ങാൻ സാധിച്ചതിൽ. 

ഗുണഭോക്താക്കളായ് എല്ലാ സമുദായത്തിലും പെട്ടവരെ ഉൾപ്പെടുത്തായായെന്നതിൽ. ഓരോരുത്തരുടെയും വിശ്വാസവും ആചാരവും ആവോളം ചെയ്തുകൊണ്ടു തന്നെയാണ് അവരവിടെ താമസമാരംഭിച്ചതും. ഒരർത്ഥത്തിൽ, റിയല്‍ കേരള സ്റ്റോറി ഇതാണ്. 

ഇതുതന്നെയാണ് മനുഷ്യരോടുത്തരവാദിത്തമുള്ള, പറഞ്ഞ വാക്കുപാലിക്കുന്ന ഏതൊരു സംഘടനയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത്. 

സർക്കാർ സംവിധാനങ്ങളെക്കാൾ ചടുലമായി പ്രവർത്തിക്കാൻ പറ്റുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത്. 

ഈ നല്ല വാർത്ത പങ്കുവെച്ചുകൊണ്ട് വീട് നിർമാണ പദ്ധതിയുടെ ചുമതലയുള്ള പി.കെ.ബഷീർ എം.എൽ.എ. എഫ്ബിയിലെഴുതിയതിങ്ങനെ: 

'നമ്മൾക്ക് നാം തന്നെയല്ലേ'. ആ നമ്മളെന്നത് തങ്ങളുടെ പാർട്ടിക്കാർ എന്നു മാത്രമല്ലെന്നറിയുന്നു ഞാനും. 

തൃക്കൈപ്പറ്റയിൽ ലീഗ് വിലയ്ക്കുവാങ്ങിയതിൽ ഒരു ഭാഗം തോട്ടഭൂമിയായിരുന്നു എന്ന വാർത്തകൾ പുറത്തുവന്ന നേരത്ത്, നിലവിലുള്ള നിയമപ്രകാരം തോട്ടഭൂമിയിൽ വീടുവെയ്ക്കാനാവില്ലെന്ന കാര്യം പറഞ്ഞുകൊണ്ട് ഇതേ വോളിലെഴുതിയിരുന്നു. ഇതേ ഭൂമിയിൽത്തന്നെ വീടുകളുയരുമെന്ന് നിറഞ്ഞ ധൈര്യത്തിൽ അന്ന് ലീഗ് നേതൃത്വം പറഞ്ഞിരുന്നു.  

തോട്ടഭൂമി/പുരയിടം എന്നിങ്ങനെയുള്ള സാങ്കേതികത്വങ്ങളെ പരിഹരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. ഉത്തരവാദിത്തത്തോടെ, ലീഗിന്റെ ആവശ്യത്തിനൊപ്പം നിന്നു സർക്കാരുമെന്നറിയുന്നതിൽ സന്തോഷമുണ്ട്. മനുഷ്യരോടുത്തരവാദിത്തമുള്ള, പറഞ്ഞ വാക്കുപാലിക്കുന്ന ഏതൊരു സംഘടനയോടും സർക്കാർ സ്വീകരിക്കേണ്ട നിലപാടിതായിരിക്കണം.

സർക്കാരിന് നന്ദിയറിയിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മടിയൊന്നുമുണ്ടായിരുന്നില്ലെന്നതും പ്രതീക്ഷ നൽകുന്ന കാര്യം.  എടുത്തുപറയേണ്ടുന്ന മറ്റൊരു കാര്യം, ആർക്കിടെക്റ്റ് ടോണി ജോസഫും അദ്ദേഹത്തിന്റെ സ്ഥാപനമായ സ്ഥപതിയും ഈ പുനരധിവാസ പ്രവർത്തനങ്ങളിൽ കാണിച്ച സമർപ്പണവും ഉത്സാഹവുമാണ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ്, ഒരു ദിവസം പോലും വൈകാതെയാണവർ വീടുകൾ പണിതുയർത്തിയത്. ടോണിയും സ്ഥപതിയിലെ മിടുക്കരും അഭിമാനമാവുന്നു.  

കുറഞ്ഞ സമയം കൊണ്ടാണ് ലീഗിന്റെ ഭൂമിയുടെ നിയമക്കുരുക്ക് സർക്കാർ അഴിച്ചുകൊടുത്തത്. DMA ആക്റ്റ് പ്രകാരം സർക്കാർ കൽപ്പറ്റയിൽ ഏറ്റെടുത്ത ഭൂമിയുടെ നിയമക്കുരുക്കഴിക്കാൻ കാത്തിരിക്കേണ്ടി വന്നത് ഏഴു മാസത്തിലധികവും.  അതും അൻപതു കോടിയോളം രൂപ കോടതിയിൽ കെട്ടിവെച്ചിട്ട്. 150 ഏക്കറിൽ, മൂന്നു നിലകൾ വരെ ഉയർത്താൻ കരുത്തുള്ള 400 ലധികം വീടുകളുള്ള ടൗൺഷിപ്പാണ് സർക്കാർ നിർമാണം പൂർത്തിയാക്കുന്നത്. ഏഴര ഏക്കറിൽ 51 വീടുകളാണ് മുസ്‌ലിംലീഗ് പൂർത്തിയാക്കിയിരിക്കുന്നത്. ഒന്നൊരു രാഷ്ട്രീയ പാർട്ടിയാണ്; മറ്റത് സർക്കാർ സംവിധാനവും.  അതുകൊണ്ടു തന്നെ മുസ്‌ലിം ലീഗ് അഭിനന്ദനമർഹിക്കുന്നുണ്ട്. അർഹിക്കുന്ന അഭിനന്ദനം നിറഞ്ഞ മനസ്സോടെ അറിയിക്കുന്നതിൽ അഭിമാനം മാത്രമേയുള്ളൂ.

മരിച്ചു കിടക്കുന്ന മനുഷ്യരുടെ കീശയിലുള്ളത് കൈയിലാക്കി കൊഞ്ഞനം കുത്തി നടക്കുന്ന വേറൊരു കൂട്ടരുണ്ട് നമ്മുടെ നാട്ടില്‍

അവരെപ്പറ്റി ഈ പോസ്റ്റിൽ ഒന്നും പറയാതിരുന്നത് മനഃപൂർവമാണെന്ന് മനസ്സിലാക്കുമല്ലോ. ഇങ്ങനെയുള്ള ചില ജന്മങ്ങൾ എല്ലാ നാട്ടിലുമെല്ലാകാലത്തും കാണുമെന്ന് മാത്രം വിചാരിക്കാം നമുക്ക്'. – പ്രേംകുമാര്‍ കുറിച്ചു

ENGLISH SUMMARY:

Muslim League rehabilitation efforts in Thrikkaippatta are being praised for their swift and effective response to the Mundakkai Chooral Mala disaster. They have successfully built and inaugurated over 25 houses, with the remaining ones expected to be completed within five months, showcasing their commitment to disaster relief and community support.