malappuram-exit-poll-1

മലബാറില്‍ യുഡിഎഫ് തരംഗമെന്ന മനോരമ ന്യൂസ്– സി വോട്ടര്‍ പ്രീ–പോള്‍ സര്‍വേ ഫലം ശരിവച്ച് എക്സിറ്റ് പോളും. പൊന്നാനിയൊഴികെ മലപ്പുറം ജില്ലയിലെ എല്ലാ സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നാണ് മനോരമന്യൂസ് – സി വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചനം. 2021ല്‍ എല്‍ഡിഎഫ് ജില്ലയിലുണ്ടാക്കിയ മുന്നേറ്റം ഇക്കുറി നഷ്ടപ്പെടുമെന്നും ഒറ്റ സീറ്റിലേക്ക് ചുരുങ്ങിയേക്കുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലം. 

 

ജില്ലയില്‍, പൊന്നാനിയൊഴികെ ഒരിടത്തും എന്‍ഡിഎയ്ക്ക് 10 ശതമാനത്തിന് മേല്‍ വോട്ട് ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫിനെ തുണയ്ക്കുമെന്ന് കരുതുന്ന പൊന്നാനിയിലും നേരിയ മേല്‍ക്കൈ മാത്രമേ അവര്‍ക്കുള്ളു.

 

മലപ്പുറം ജില്ലയില്‍ പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ് എക്സിറ്റ് പോള്‍ എല്‍ഡിഎഫിന് പ്രവചിക്കുന്നത്. യുഡിഎഫ് 14 മുതല്‍ 16 വരെ സീറ്റ് നേടിയേക്കാമെന്നും എക്സിറ്റ് പോള്‍ ഡേറ്റ പറയുന്നു. എക്സിറ്റ് പോളില്‍ പങ്കെടുത്ത 52 ശതമാനം യുഡിഎഫിന് വോട്ട് ചെയ്തുവെന്നാണ് വ്യക്തമാക്കിയത്. എല്‍ഡിഎഫ് വോട്ട് വിഹിതം 37 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും ഫലം സൂചിപ്പിക്കുന്നു. 

 

താനൂരും തവനൂരുമാണ് മലപ്പുറം ജില്ലയിലെ ഹോട്ട് സീറ്റുകള്‍.   മുന്‍മന്ത്രി കെ.ടി.ജലീലും ഡിസിസി പ്രസിഡന്‍റ് വി.എസ്.ജോയിയും ഏറ്റുമുട്ടുന്ന തവനൂരില്‍ ജോയിക്കാണ് മേല്‍കൈ.  ബിജെപിയിലെ രവി തേലത്ത് ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. 2021ല്‍ ജലീല്‍ കോണ്‍ഗ്രസിലെ ഫിറോസ് കുന്നുംപറമ്പിലിനെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ്  കീഴടക്കിയത്. 2564 വോട്ടായിരുന്നു ഭൂരിപക്ഷം. ഇക്കുറി ഇവിടെ ജലീലിന് അടിപതറുമെന്നാണ് പ്രീപോള്‍ സര്‍വേ ഫലവും.

 

 പൊരിഞ്ഞ പോരാട്ടം നടന്ന മലപ്പുറത്തെ രണ്ടാമത്തെ മണ്ഡലമായ താനൂരില്‍ മുസ്‌ലിം ലീഗിലെ പി.കെ.നവാസിനാണ് എക്സിറ്റ് പോളില്‍ ജയസാധ്യത.  മ മുഹമ്മദ് ഷമീര്‍ ആണ് ഇവിടെ  എല്‍ഡിഎഫ് സ്ഥാനാര്‍ഥി.   ദീപ പുഴയ്ക്കലിനെയാണ് ബിജെപി രംഗത്തിറക്കിയത്.

ENGLISH SUMMARY:

The Manorama News-C Voter Exit Poll 2026 predicts a massive UDF wave in Malappuram district, with the alliance likely to dominate almost all constituencies except Ponnani. Key battlegrounds like Thavanur and Tanur witnessed intense political contests, with the exit poll indicating an edge for UDF candidates V.S. Joy and P.K. Navas. The survey also points to a decline in LDF’s vote share compared to the 2021 Assembly elections, while the NDA is expected to remain weak across most constituencies. Get the latest seat projections, vote share trends, and detailed election analysis from Malappuram district.