യുഡിഎഫ് ഭരണത്തിലേറിയ ഉടന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ ആരോഗ്യവകുപ്പ് ഇടപാടുകളില്‍ പ്രഖ്യാപിച്ച ഒന്‍പത് അന്വേഷണങ്ങള്‍ ഇഴയുന്നു. ഒരാഴ്ച മുതല്‍ ഒരുമാസം വരെ കാലയളവില്‍ പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ച അന്വേഷണങ്ങളാണ് എങ്ങുമെത്താത്തത്. അന്വേഷണം മുന്‍പോട്ട് നീങ്ങാത്തതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ആരോഗ്യമന്ത്രിയുടെ ഒാഫീസ് പഴിക്കുന്നത്.
അധികാരത്തില്‍ ഏറിയ ഉടന്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യ. വകുപ്പിലെ പല ഇടപാടുകളിലും ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു,. ഇതിലെല്ലാം അപ്പോള്‍ത്തന്നെ കെ മുരളീധരന്‍ അന്വേഷണവും പ്രഖ്യാപിച്ചു.
കെ കെ ശൈലജയും വീണാ ജോര്‍ജും ആരോഗ്യമന്ത്രിമാരായിരുന്ന പത്ത് വര്‍ഷ കാലയളവില്‍ ആരോഗ്യവകുപ്പിലെ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം, ബ്ളീച്ചിങ് പൗഡര്‍ വാങ്ങിയതിലെ അഴിമതി ആരോപണം, ആരോഗ്യസ്ഥാപനങ്ങള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മിച്ചതിലെ അപാകതകള്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ടെന്നീസ് ക്ളബ്ില്‍ അംഗത്വം എടുത്തത്, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 47 ലക്ഷം രൂപ കാണാതായത്, തൃശൂര്‍ മെഡിക്കല്‍ കോളജ് എച്ച് ഡി എസിലെ 1. 10 ലക്ഷം രൂപയുടെ ക്രമക്കേട് തുടങ്ങി 9 കേസുകളിലാണ് തുടരെത്തുടരെ അന്വേഷണം പ്രഖ്യാപിച്ചത്. പ്രധാന ചുമതല പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ഷര്‍മിള മേരി ജോസഫിന് നല്കിയാണ് അന്വേഷണ ഉത്തരവുകളെല്ലാം. പക്ഷേ അന്വേഷണ പ്രഖ്യാപനത്തിന് അപ്പുറം ഒന്നും നടന്നില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലുകള്‍ വേഗത്തില്‍ നീക്കുന്നില്ലെന്ന് മന്ത്രിയുടെ ഒാഫീസ് ആരോപിക്കുന്നു. പരിമിതമായ ജീവനക്കാരെ വച്ചുകൊണ്ട് വിപുലമായ അന്വേഷണങ്ങള്‍ നടത്താനാകില്ലെന്നും കോടതിയിലെത്തുമ്പോള്‍ കുറ്റവാളികള്‍ രക്ഷപെടാനേ ഉപകരിക്കൂ എന്ന് സെക്രട്ടറിയും ചൂണ്ടിക്കാട്ടുന്നു.