ബാലിയിൽ വിനോദ സഞ്ചാരത്തിനായെത്തി, താമസിച്ച ആഡംബര റിസോർട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വിനോദ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ പിടികൂടിയ വാര്‍ത്ത ഇന്ത്യക്കാകെ നാണക്കേടായിരുന്നു. ഇവരുടെ ബാഗ് പരിശോധിക്കുന്ന ഹോട്ടൽ ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.
ഇപ്പോഴിതാ, ഹോട്ടലുകളിൽ പലപ്പോഴും പാലിക്കേണ്ട മര്യാദകൾ എന്താണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് കുറിപ്പുമായെത്തിയിരിക്കുകയാണ് കേരളം ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. ആദ്യപാഠം തന്നെ നമുക്ക് അനുവദിക്കപ്പെട്ടത് മാത്രമേ ചെക്കൗട്ട് ചെയ്യുമ്പോൾ നമ്മൾ എടുത്തുകൊണ്ടു പോകാവൂ എന്നതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഉദാഹരണത്തിന് പല ഹോട്ടലുകളിലും സ്ലിപ്പറുകൾ ഉണ്ടല്ലോ. അവ ഡിസ്പോസബിൾ ആണെങ്കിൽ മാത്രമേ നമ്മൾ എടുക്കാവൂ. അല്ലാത്തപക്ഷം എടുക്കരുത്. ടവ്വലുകളും പുതപ്പുകളും തലയിണകളും ഒന്നും നമുക്ക് എടുത്തുകൊണ്ടുപോകാൻ അനുവദിക്കപ്പെട്ടിട്ടുള്ളതല്ല.
റൂമിൽ ഭക്ഷണം സെർവ് ചെയ്യുമ്പോൾ തരുന്ന ഫോർക്കും സ്പൂണും എടുക്കരുത്. അതേസമയം നമുക്കായി വച്ചിട്ടുള്ള പെൻസിൽ, നോട്ട്പാഡ്, ബാത്റൂമിലെ ബ്രഷ്, പേസ്റ്റ് , ഷാമ്പൂ കണ്ടീഷണർ , സോപ്പ് തുടങ്ങിയവ നമുക്കെടുക്കാം.
എന്നാൽ പല എക്കോ ഫ്രണ്ട്ലി റിസോർട്ടുകളിൽ സെറാമിക് അല്ലെങ്കിൽ മൺപാത്രങ്ങളിൽ ഷാമ്പൂ പോലുള്ള toiletries ഉള്ളത് എടുക്കരുത്. അത് അവർക്ക് റീഫിൽ ചെയ്യാനുള്ളതാണ്. ഹൗസ് കീപ്പിംഗ് അതിഥി എന്ന നിലയിൽ നമ്മളുടെ പണിയല്ല. അതിനർത്ഥം നമ്മൾ ചെക്ക് ഔട്ട് ചെയ്യുമ്പോൾ മുറിയാകെ അലങ്കോലമാക്കി ഇട്ടിട്ടു പോകണം എന്നല്ല. കഴിവതും മുറി വൃത്തിയാക്കിയിട്ടിട്ട് തന്നെ പോവുക.
അത് നമ്മുടെ മര്യാദയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. കാശു കൊടുക്കുന്നു എന്ന് കരുതി ബുഫേകളിൽ അത്യാർത്തി പാടില്ല. എടുക്കുന്ന ഭക്ഷണം കഴിക്കാൻ ആകാതെ ഉപേക്ഷിക്കുന്ന സ്ഥിതി വരരുത്. ഹോട്ടലുകളിലെ ബുഫേയിൽ ക്യൂ നിർബന്ധമായും പാലിച്ചിരിക്കണം. ബുഫെയിലെ ഫുഡ് ആരും കാണാതെ സ്വന്തം ബാഗിലാക്കരുത്. ബുഫേ ഹാളിൽ ബഹളമുണ്ടാക്കരുത്. ഹോട്ടൽ സ്റ്റാഫിനെ നമ്മെപ്പോലുള്ള മനുഷ്യരായിത്തന്നെ കണക്കാക്കുക. അവരോട് ചിരിക്കണം , നന്ദി പറയണം.
പ്ലീസ് പറയുന്നത് ഒരിക്കലും ഒരു കുറവല്ല. നെഗറ്റീവ് ഫീലിംഗ് കഴിവതും ഒഴിവാക്കുക. പരാതികൾ മാന്യമായ രീതിയിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക. പരാതികളിൽ എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിൽ മാന്യമായിത്തന്നെ പ്രതിഷേധിക്കാൻ നമുക്ക് അവകാശമുണ്ട്.
ടിപ്പ് കൊടുക്കേണ്ടിടത്ത് ടിപ്പു കൊടുക്കണം. അവരുടെ പേരുള്ള ബാഡ്ജ് ഉണ്ടെങ്കിൽ ആ പേര് പറഞ്ഞു വിളിച്ചാൽ അത് അവർക്ക് പ്രത്യേക പരിഗണന നൽകുന്നതിന് തുല്യമാണ്. നനഞ്ഞ ടവലുകൾ ഫർണിച്ചറുകളിലും ബെഡിലും ഇടരുത്, ഉപേക്ഷിച്ചിട്ട് പോകരുത്.
ഭക്ഷണ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ഗാർബേജ് ബിന്നിൽ തന്നെ നിക്ഷേപിക്കുക. കുഞ്ഞുങ്ങൾ ബെഡും മുറിയും വൃത്തികേടാക്കാൻ അനുവദിക്കരുത്. അങ്ങനെ വന്നാൽ നമ്മൾ അത് വൃത്തിയാക്കണം. ടിവി വയ്ക്കുന്നത് നമുക്ക് കേൾക്കാൻ വേണ്ടി മാത്രമായിരിക്കണം.
അധികം ഉച്ചത്തിൽ മുറിക്കുള്ളിൽ,റിസപ്ഷനിൽ, റസ്റ്റോറന്റിൽ സംസാരിക്കരുത്. അല്ലെങ്കിൽ ഹോട്ടൽ കോറിഡോറിൽ സംസാരിച്ചു നീങ്ങരുത്. സ്വിമ്മിംഗ് പൂളുകളിൽ അവർ തന്നിരിക്കുന്ന സമയത്ത് മാത്രം, അവർ അനുവദിച്ചിരിക്കുന്ന ഡ്രസ്സ് കോഡിൽ മാത്രം ഇറങ്ങുക. പലരും നമ്മുടെ ഡ്രസ്സ് അനുവദിക്കാറുണ്ട് എങ്കിലും മിക്ക പൂളുകളിലും ഡ്രസ്സ് കോഡ് ഉണ്ട്. പല ഹോട്ടലുകളും നമ്മൾ അഭ്യർത്ഥിക്കുകയാണെങ്കിൽ ചിലപ്പോൾ ചെക്ക്ഔട്ട് സമയം ഒന്നോ രണ്ടോ മണിക്കൂർ കൂട്ടി തരും. പക്ഷേ അത് ഡിമാൻഡ് ചെയ്യാൻ നമുക്ക് അവകാശമില്ല.
ഹോട്ടൽ സ്റ്റാഫ് നമ്മെ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എങ്കിൽ Do not disturb എന്ന ബോർഡ് പുറത്തു തൂക്കിയിടുക. പുകവലിക്കുന്നുവെങ്കിൽ അത് അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രം ആയിരിക്കണം. ഒരു മുറിയിൽ കയറുമ്പോൾ തന്നെ നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് വരുന്നില്ല എങ്കിൽ നമ്മുടെ സാധനങ്ങൾ പുറത്തെടുക്കുന്നതിനു മുമ്പായി മറ്റൊരു മുറി ആവശ്യപ്പെടാം. ഒരിക്കലും നമ്മുടെ സാധനങ്ങൾ എല്ലാം പുറത്തിട്ട് , മുറി ഉപയോഗിച്ച് തുടങ്ങിയ ശേഷം മറ്റൊരു മുറി ആവശ്യപ്പെടരുത്. ഇത്രയുമൊക്കെ ശ്രദ്ധിച്ചാൽ തന്നെ ധാരാളം'.
നമുക്ക് നല്ല ഹോട്ടൽ അതിഥികൾ ആകാൻ കഴിയട്ടെയെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.