എഐ നിര്‍മിത സാങ്കല്‍പ്പിക ചിത്രം
ഗുവാഹത്തിയിലെ ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഗുവാഹത്തിയിലെ ബോറ സർവീസ് ഏരിയയിലുള്ള ഹോട്ടൽ ബിലാസ് ഇന്നിലാണ് സംഭവം. ഹോട്ടൽ ഉടമയും പാട്ടത്തിനെടുത്തയാളും തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്നും പാട്ടത്തിനെടുത്തയാളാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഹോട്ടൽ ഉടമ ഹെലന ഭരാലി, മകൻ ദേവർഷി കശ്യപ്, ദേവർഷിയുടെ ഭാര്യ റിനിക്കി കശ്യപ്, കുടുംബാംഗമായ നാരായൺ ദാസ്, ഹെലനയുടെ സഹോദരൻ ഭൂദേവ് ഭരാലി എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവുമായി ബന്ധമുള്ള സത്യേന്ദ്ര പഥകിനാണ് വെടിയേറ്റത്. ഇയാൾ ഗുവാഹത്തി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ പാട്ടത്തിനെടുത്തിരുന്ന ഘനകാന്ത ഗൊഗോയിയെ അറസ്റ്റ് ചെയ്തു. ഇയാളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച .32 ബോർ ലൈസൻസുള്ള പിസ്റ്റൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഹോട്ടലിന്റെ പാട്ടക്കരാറുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം
ഗുവാഹത്തിയിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണ് സംഭവമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പറഞ്ഞു. "പൊതുജനസുരക്ഷയെക്കുറിച്ചും ഗുവാഹത്തിയിലെ ക്രമസമാധാന നിലയെക്കുറിച്ചും ഈ സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെന്ന നിലയിൽ ഹിമന്ത ബിശ്വ ശർമ ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയാൻ കൂടുതൽ ശ്രദ്ധ ചെലുത്തുകയും വേണം", അദ്ദേഹം കൂട്ടിച്ചേർത്തു.