ബിഹാറിലെ ബെഗുസാരായ് ജില്ലയിലുള്ള ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച യുവതിയെ ഭർത്താവും കുടുംബവും നിരന്തരം മതംമാറാൻ പ്രേരിപ്പിച്ചിരുന്നതായും അവൾ സ്വന്തം മാതാപിതാക്കളുമായി അടുത്തതോടെ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവായ മുഹമ്മദ് ആർസൂ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

2021-ലാണ് അങ്കിത കുമാരി ആർസൂവിനൊപ്പം ഒളിച്ചോടിപ്പോയ ശേഷം അദ്ദേഹത്തെ വിവാഹം കഴിച്ചത്. വിവാഹത്തിനു പിന്നാലെ, അങ്കിതയുടെ കുടുംബം ആർസൂവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇരുവരും പ്രായപൂർത്തിയായവരായതിനാൽ, ഒരുമിച്ച് ജീവിക്കാൻ കോടതി അനുമതി നൽകി. തുടർന്ന് അവർ ഭാര്യാഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങുകയായിരുന്നു. വ്യത്യസ്ത മതത്തില്‍ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. 

2023-ൽ അങ്കിത ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ സ്ഥിതി കൂടുതൽ വഷളായെന്ന് അവർ പറയുന്നു. ആർസൂവും കുടുംബവും സ്ത്രീധനമായി പണം ആവശ്യപ്പെടുകയും, ഇസ്‌ലാം മതം സ്വീകരിക്കാൻ അങ്കിതയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി യുവതിയുടെ അമ്മ ദ്രൗപദി ആരോപിച്ചു. മതം മാറാൻ വിസമ്മതിച്ചതിനാലും, ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനാലും തന്റെ മകൾ നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്നും അമ്മ പറയുന്നു.  പ്രശ്‌നം രൂക്ഷമായതോടെ അങ്കിതയുടെ കുടുംബം ഇടപെടുകയും ചർച്ചകളിലൂടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 

ഇക്കഴിഞ്ഞ ദുർഗാപൂജയ്ക്ക് മകൾ ക്ഷേത്രത്തിൽ പോകണമെന്നും വീട്ടിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചതിനും പിന്നാലെയാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ മാതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 

ഒക്ടോബർ 19-ന് ദസറ ആഘോഷത്തോടനുബന്ധിച്ച് ബഡി ബല്ലിയയിലെ ദുർഗാ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താനായി കൊണ്ടുപോകണമെന്ന് അങ്കിത ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ആർസു അങ്കിതയെ മർദ്ദിക്കുകയായിരുന്നു. അന്ന് രാത്രി 11 മണിയോടെ അങ്കിത തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചുവെന്നും വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും ദ്രൗപതി പറഞ്ഞു. എന്നാല്‍ പുലർച്ചെ 2 മണിയോടെ, അങ്കിത തൂങ്ങിമരിച്ച വിവരം ആർസു കുടുംബാംഗങ്ങളെ അറിയിച്ചു. പിറ്റേദിവസം കുടുംബാംഗങ്ങൾ ഗ്രാമത്തിലെത്തുകയും, ഒക്ടോബർ 20-ന് പ്രാദേശിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ആർസു, സഹോദരൻ, സഹോദരന്റെ ഭാര്യ, സഹോദരി, മറ്റൊരു വ്യക്തി എന്നിവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.

സ്ത്രീധന പീഡനം, മതപരിവർത്തനത്തിനായുള്ള സമ്മർദം, കൊലപാതകം എന്നീ വിഷയങ്ങളാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അങ്കിതയുടെ മൃതദേഹം കസ്റ്റഡിയിലെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദ്രൗപതി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ നിഖിൽ കുമാർ സ്ഥിരീകരിച്ചു.

ENGLISH SUMMARY:

An 23-year-old woman in Bihar's Begusarai district was found dead under mysterious circumstances at her husband's home following years of marital discord. Her family has accused her husband, Mohammad Aarzoo, and his relatives of continuous harassment, forced religious conversion, and dowry torture. The couple had eloped and married in 2021 against their families' wishes, leading to a legal clearance by the court as adults. Tensions escalated recently after the victim expressed a desire to visit a local temple during Durga Puja, prompting a formal police investigation into her death.