File photo

 

 

 

 

തിടമ്പില്ലാതെ പൂരത്തിനില്ലെന്ന് ഉറപ്പിച്ച തൃക്കടവൂരിന്റെ മാനസപുത്രന് ഇത് കാലം കാത്തുവച്ച കാവ്യനീതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയാണ് തൃക്കടവൂരാൻ എന്ന് വിളിപ്പേരുള്ള ശിവരാജു. 2010ലാണ് പാറമേക്കാവിന് വേണ്ടി ശിവരാജു ആദ്യമായി തൃശൂർ പൂരത്തിനെത്തുന്നത്. അന്ന് പൂര പ്രേമികളെല്ലാം ശിവരാജുവിന്റെ പിന്നാലെയായിരുന്നു. 

 

കൂട്ടാനയായി നിന്ന ശിവരാജു തന്നെയായിരുന്നു അന്നും മുഖ്യ ആകർഷണം. പിന്നീട് നിരവധി തവണ തൃശൂർ പൂരത്തിന് ക്ഷണം ലഭിച്ചെങ്കിലും പോയില്ല. ഘടക പൂരങ്ങൾക്കായും കൂട്ടാനയായും മുൻ വർഷങ്ങളിലെല്ലാം ക്ഷണം ലഭിച്ചു. എന്നാൽ ഇനി തിടമ്പ് കിട്ടിയാൽ മാത്രമേ പൂരത്തിന് എത്തുകയുള്ളൂ എന്നത്, ക്ഷേത്ര ഉപദേശക സമിതിയുടെ തീരുമാനമായിരുന്നു. ആ തീരുമാനത്തിൽ ദേവസ്വം ബോർഡിനും മറുത്തൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഇക്കുറി ക്ഷണം വന്നത് തിടമ്പാനയായിട്ടാണ്. വളരെ സന്തോഷത്തോടെയാണ് പാറമേക്കാവിന്റെ ക്ഷണം സ്വീകരിച്ചത്. തൃക്കടവൂർ ഉപദേശക സമിതി ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തു നൽകി. മറ്റു പരിപാടികൾ മാറ്റി വച്ച് ശിവരാജുവിനെ പൂരത്തിന് വിടണമെന്ന് നിർദ്ദേശിച്ചു. 

 

ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃശൂർ പൂരത്തിനായി പ്രത്യേക ഉത്തരവ് ഇറക്കിയാണ് ശിവരാജുവിനെ തൃശ്ശിവ പേരൂരിലേക്ക് എത്തിച്ചത്. കേരളത്തിൽ ഏറ്റവും വലിയ ഏക്ക തുകയ്ക്ക് പോയ ദേവസ്വം ബോർഡ് ആനയും ശിവരാജു തന്നെയാണ്. 13'55'000/- (പതിമൂന്ന് ലക്ഷത്തി അൻപത്തി അയ്യായിരം) രൂപ. വനം വകുപ്പിന്റെ കണക്ക് പ്രകാരം തെക്കൻ കേരളത്തിലെ ആനകളിൽ ഏറ്റവും ഉയരം കൂടിയ ഒന്നാമനായും ആനക്കേരളത്തിൽ രണ്ടാമനായും ശിവരാജു തിളങ്ങുന്നു. 2010ന് ശേഷം പൂരത്തിടമ്പ് കാത്തിരുന്ന ശിവരാജുവിന്റെ ആരാധകർക്ക് ഇത് ആഹ്ലാദ നിമിഷങ്ങളാണ്. 

 

തൃശൂർപൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പ്രധാന ചടങ്ങായ ഇലഞ്ഞിത്തറ മേളത്തിലടക്കം ഇക്കുറി തിടമ്പേറ്റുന്നത് ശിവരാജുവാണ്. വൈകിട്ടത്തെ പ്രശസ്തമായ കുടമാറ്റത്തിനും പാറമേക്കാവിന്റെ മുഖ്യ ആനയായി ശിവരാജു തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം. മാതംഗ ഗജശാസ്ത്രത്തിൽ പറയുന്ന എല്ലാ ലക്ഷണങ്ങളോടും കൂടിയ ആന. ഒരു സെ.മീ ഉള്ള ഗജരാജന്റെ സ്വാഭാവിക നിലവാണ് വലിയ പ്രത്യേകത. ഗജരാജ രത്നം, കളഭ കേസരി അടക്കം എണ്ണിയാൽ ഒടുങ്ങാത്ത പട്ടങ്ങളുടെ ഉടയോനായി ശിവരാജു ഇന്നും തുടരുന്നു.  

ENGLISH SUMMARY:

Thrissur Pooram elephant Shivaraju, after 16 years of waiting, is finally set to carry the sacred idol. This esteemed elephant, known for its grandeur and auspicious features, is a cherished symbol of Kerala's festive spirit.