kerala-can

നടന്‍ ഇന്നസെന്‍റിന്‍റെ കോമഡി കണ്ട് ചിരിച്ചുമണ്ണു തപ്പാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍ അര്‍ബുദ ബാധിതന്‍ കൂടിയായിരുന്ന ഇന്നസെന്‍റിന്‍റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം വായിച്ച് രക്താര്‍ബുദത്തെ അതിജീവിച്ചിരിക്കുകയാണ് കോഴിക്കോട് വടകരയിലെ ബാബു. വടകരക്കാര്‍ക്കിടയില്‍ ഹിറ്റായ ഫ്രൂട്സ് സര്‍ബത്തിന്‍റെ റെസിപ്പി രോഗകിടക്കയിലാണ് ബാബു തയ്യാറാക്കിയത്. 

വടകര അങ്ങാടിതെരുവിലെ ടാന്‍സാനിയ ജ്യൂസ് കടയിലെ വൈറല്‍ ഐറ്റമാണ് ഫ്രൂട്‌സ് സര്‍ബത്ത്. ഓരോ സിപ്പിലും വ്യത്യസ്ത രുചികള്‍ നിറയും. ഇതുപോലെയാണ് ബാബുവിന്‍റെ ജീവിതവും. രോഗത്തിന്‍റെ കയ്പും അതിജീവനത്തിന്‍റെ മധുരവും ചേര്‍ന്നൊരു പോരാട്ടകഥ. 2023 ല്‍ ആണ് പനിയുടെ രൂപത്തില്‍ രക്താര്‍ബുദം ബാബുവിനെ കീഴ്‌പെടുത്തിയത്. മജ്ജ മാറ്റിവെക്കാന്‍ 30 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തളര്‍ന്നു. എന്നാല്‍ ബന്ധുകളും സുഹൃത്തുകളും ചേര്‍ത്തുപിടിച്ചതോടെ ശസ്ത്രക്രിയ നടത്തി. ഇതിനിടെ അണുബാധ ബാധിച്ചെങ്കിലും പതുക്കെ ജീവിതത്തിലേക്ക് പിടിച്ചുകയറി. 

വടകരക്കാര്‍ ഇതിനോടകം ഹിറ്റാക്കിയ ഫ്രൂട്സ് സര്‍ബത്തിന്‍റെ റെസിപ്പി പോലും ബാബു രോഗകിടക്കയില്‍ നിന്നാണ് തയ്യാറാക്കിയത്. അതിനും പ്രചോദനമായത് ഇന്നസെന്‍റ് തന്നെ.  ആറുമാസം മുമ്പ് മരുന്നൊക്കെ നിര്‍ത്തി, എല്ലാം സാധാരണനിലയിലായി. ‍ നാട്ടിലെ രോഗബാധിതര്‍ക്ക് ബാബുവോളം വലിയ പ്രചോദനവുമില്ല. കാന്‍സര്‍ അതിജീവിതരുടെ കൂട്ടായ്മയായ ജീവനത്തിന്‍റെ ജില്ലാ സെക്രട്ടറി കൂടിയാണ് ബാബുവിപ്പോള്‍.

ENGLISH SUMMARY:

Babu, a cancer survivor from Vadakara, has overcome blood cancer inspired by actor Innocent's book. His journey, marked by the sweet taste of survival and the bitterness of illness, is a testament to resilience, even leading to the creation of a popular fruits sarbath recipe.