1. തൃശൂര്‍ മറ്റത്തൂരില്‍ ഉറങ്ങികിടന്ന കുട്ടികളെ കടിച്ച പാമ്പ്.
കേരളത്തില്‍ പാമ്പ് കടിച്ചുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2026 ഏപ്രില്‍ ആദ്യവാരം വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19 പേര്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്നാണ് കണക്ക്. കനത്ത ചൂടില്‍ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങി വീടുകളില്‍ അഭയം പ്രാപിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ചിറയിന്‍കീഴ് സ്വദേശി എട്ട് വയസുകാരന്‍ ദിക്ഷലിന്‍റെ മരണമാണ് ഈപട്ടികയില്‍ ഒടുവിലത്തേത്ത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയ്ക്ക് പാമ്പ് കടിയേറ്റത്. കാലില്‍ എന്തോ കടിച്ചെന്ന മനസിലായതോടെ ദിക്ഷല്‍ ഉണര്‍ന്ന് കരയുകയായിരുന്നു. കടിച്ചത് പാമ്പാണെന്ന സംശയത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവില്‍ ദിക്ഷല്‍ ഉറങ്ങി കിടന്നിരുന്ന മുറിയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.
തൃശൂര്‍ കൊടകര മറ്റത്തൂരില്‍ എട്ട് വയസുകാരന്‍ അല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത് ഏപ്രില്‍ 19 നാണ്. അന്ന് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന അല്‍ജോയെ കടിച്ചത് ഉഗ്ര വിഷമുള്ള ശംഖുവരയന്‍ പാമ്പാണ്. പാമ്പിന്‍റെ കടിയേറ്റ അല്‍ജോയുടെ സഹോദരന്‍ അലോജ് ഇപ്പോഴും ചികിത്സയിലാണ്. തിരുവനന്തപുരം കിളിമാനൂരില്‍ എഴുപത്തി അഞ്ചുകാരി പാമ്പ് കടിയേറ്റ് മരിച്ചതും ഈ മാസമാണ്. വീടിന് സമീപത്തെ കിണറിനടുത്ത് വച്ചാണ് സുധര്‍മ്മയ്ക്ക് പാമ്പ് കടിയേറ്റത്. 2025 ഏപ്രില്‍ മുതല്‍ 2026 ഏപ്രില്‍ ആദ്യം വരെയുള്ള ഒരു വര്‍ഷം സംസ്ഥാനത്ത് 19 പേര്‍ പാമ്പ് കടിയേറ്റ് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഏപ്രില്‍ അവസാനിക്കും മുന്‍പ് തുടരെ തുടരെ ഉണ്ടാകുന്ന പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ ഔദ്യോഗിക കണക്കില്‍ മാറ്റമുണ്ടാക്കും.
പാമ്പ് കടിയേറ്റ് മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (2025 ഏപ്രില്‍ മുതല്‍ 2026 ജനുവരി വരെ)
* 2025 ഏപ്രില്‍ 17 – കാസര്‍ഗോഡ് ബെള്ളൂര്‍ സ്വദേശി രമേശന്‍
* 2025 ഏപ്രില്‍ 29 – കാസര്‍ഗോഡ് തായന്നൂര്‍ സ്വദേശി ശ്രീധരന്‍
* 2025 മെയ് 28 – തൃശൂര്‍ മാടായിക്കോണം സ്വദേശി ഹെന്ന
* 2025 മെയ് 29 – തൃശൂര്‍ പട്ടിക്കാട് സ്വദേശി മധു
* 2025 ജൂണ്‍ 18 – എറണാകുളം കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി കൊച്ചുമുഹമ്മദ്
* 2025 ജൂണ്‍ 27 – കൊല്ലം തെന്‍മല പാലരുവി സ്വദേശി മണി
* 2025 സെപ്റ്റംബര്‍ 10 – ഇടുക്കി മൂലമറ്റം സ്വദേശി സ്വദേശി ബെറ്റി ജോസ്
* 2025 സെപ്റ്റംബര്‍ 17 – കണ്ണൂര്‍ കൊയ്യം സ്വദേശി മാധവി
* 2025 ഒക്ടോബര്‍ 9 – ഇടുക്കി മൂന്നാര്‍ അമ്പലപ്പാറക്കുടി സ്വദേശി ധനലക്ഷ്മി
* 2025 ഒക്ടോബര്‍ 29 – കണ്ണൂര്‍ ചുഴലി സ്വദേശി കെ പി മുഹമ്മദ് കുഞ്ഞി
* 2025 നവംബര്‍ 5 – കോഴിക്കോട് കുറ്റ്യാടി പൂതം സ്വദേശി കല്യാണി
* 2025 നവംബര്‍ 9 – ഇടുക്കി ദേവികുളം പൂപ്പാറ സ്വദേശി സുധീര്‍ സിംഗ്
* 2025 നവംബര്‍ 20 – മലപ്പുറം എടവണ്ണ സ്വദേശി മൂന്ന് വയസുകാരന്‍ അര്‍ജുന്‍
* 2025 ഡിസംബര്‍ 5 – തിരുവനന്തപുരം പെരിങ്ങമല സ്വദേശി വനജ
* 2025 ഡിസംബര്‍ 5 – തിരുവനന്തപുരം വര്‍ക്കല സ്വദേശി എട്ട് വയസുകാരന്‍ ആദിനാഥ്
* 2025 ഡിസംബര്‍ 15 – മലപ്പുറം എടവണ്ണ സ്വദേശി ദേവസ്യ ചാക്കോ
* 2025 ഡിസംബര്‍ 31 – മലപ്പുറം കാളിക്കാവ് സ്വദേശി രജനി
* 2026 ജനുവരി 29 – കണ്ണൂര്‍ കണ്ണവം ചുള്ളി സ്വദേശി അണ്ണേരി ശാരദ
കടുത്ത ചൂടില്‍ പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കെത്തുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പാമ്പ് കടിയേല്‍ക്കുന്നവര്‍ക്ക് പ്രാഥമിക ശുശ്രൂഷയെക്കുറിച്ച് കൃത്യമായി അറിവില്ലാത്തതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. എന്നാല്‍ മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പ് 2020 ല്‍ ആവിഷ്കരിച്ച ബോധവത്കരണ പദ്ധതികള്‍ക്കൊപ്പം മിഷന്‍ സര്‍പ്പയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത് മരണനിരക്ക് ആറിലൊന്നായി കുറയ്ക്കാന്‍ കാരണമായി എന്ന് വനംവകുപ്പ് ഉദ്യേഗസ്ഥര്‍ പറയുന്നു. 2018 – 2019 വര്‍ഷത്തില്‍ 123 പേര്‍ പാമ്പ് കടിയേറ്റ് മരിച്ച സ്ഥാനത്ത് 2025 – 2026 വര്‍ഷത്തില്‍ മരണസംഖ്യ കുറയ്ക്കാനായത് വനംവകുപ്പിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമാണ്.