snakebite-negligence-azhur

തിരുവനന്തപുരം അഴൂരിൽ മൂർഖന്റെ കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍. ദിലീപ്– അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണ്ട ചികിൽസ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് അയച്ച ദിക്ഷൽ വഴിമധ്യേയാണ് മരിക്കുന്നത്. അതേസമയം, പാമ്പ് കടിച്ചതാണോ എന്ന് വ്യക്തമല്ലാത്തതിനാൽ ആന്റിവെനം നൽകിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

സംഭവത്തില്‍ നെഞ്ചു തകര്‍ന്നാണ് കുട്ടിയുടെ മുത്തച്ഛന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. എല്ലായിടത്തും എല്ലായിപ്പോളും കളിയും ചിരിയുമായി ഓടിനടന്നിരുന്ന കുട്ടിയായിരുന്നെന്നും ഈ സംഭവിച്ചത് തനിക്ക് സംഭവിച്ചാല്‍ മതിയായിരുന്നു. തന്‍റെ കുഞ്ഞിന് ഇനിയും ഒരുപാട് കാലം ജീവിക്കാനുള്ളതായിരുന്നുവെന്നും മുത്തഛന്‍ പറഞ്ഞു. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന ദിക്ഷലിനെ ഓർക്കുമ്പോൾ ഉറ്റവർക്ക് തേങ്ങലടക്കാനാകുന്നില്ല.

വീട് എന്ന് പോലും പറയാനാകാത്ത പ്ലൈവുഡ് ചുമരുകൾക്കുള്ളിലാണ് ദിക്ഷലും അച്ഛനും അമ്മയും കുഞ്ഞ് അനുജത്തിയും അമ്മൂമ്മയും കഴിഞ്ഞിരുന്നത്. അമ്മൂമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്നു ദിക്ഷൽ പുലർച്ചെ മൂന്നുമണിയോടെയാണ് കാലിൽ എന്തോ കടിച്ചു എന്ന് പറഞ്ഞ് ഞെട്ടി ഉണർന്ന് കരഞ്ഞത്. പാമ്പ് ആണെന്ന സംശയo തോന്നിയാണ് ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം, വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വീടിന്‍റെ മുൻവശത്ത് ഷീറ്റ് കൊണ്ട് മറച്ച അടുക്കള ഭാഗത്ത് മൂർഖനെ കണ്ടെത്തുകയും പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.

സമാനരീതിയില്‍, തൃശൂര്‍ കോടാലിയില്‍ കഴിഞ്ഞ ആഴ്ചയിലാണ് എട്ടുവയസുകാരന്‍ ആല്‍ജോ പാമ്പുകടിയേറ്റ് മരിച്ചത്. ആല്‍ജോയുടെ സഹോദരനും പാമ്പിന്‍റെ കടിയേറ്റിരുന്നു. കുട്ടി കിടന്നിരുന്ന തലയണയുടെ അടിയില്‍ നിന്നും വെള്ളിക്കെട്ടന്‍ പാമ്പിനെ കണ്ടെത്തുകയും ചെയ്തിരുന്നു. പാമ്പ് ആല്‍ജോയുടെ ചുണ്ടിലാണ് കടിച്ചത്. ഭക്ഷ്യവിഷബാധയാകുമെന്ന് കരുതി കുട്ടിക്ക് വീട്ടുകാര്‍ ജീരകവെള്ളം നല്‍കിയിരുന്നു. അബോധാവസ്ഥയിലായതോടെയാണ് ആശുപത്രിയിലെത്തിച്ചതും തുടര്‍ന്ന് പാമ്പാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചതും.

ENGLISH SUMMARY:

Dikshal, an 8-year-old boy from Azhoor, Thiruvananthapuram, died after being bitten by a cobra while sleeping. His family alleged that the Chirayinkeezhu Taluk Hospital failed to provide timely treatment and anti-venom. Though he was rushed to the Medical College Hospital, he passed away en route. The hospital authorities claimed they didn't administer anti-venom as the cause of the injury was unclear initially. This incident follows a similar tragedy in Thrissur where an 8-year-old named Aljo died from a krait bite.