asha-ullas-dr-kseb

റോഡുവക്കില്‍ ചെരുപ്പ് തുന്നാനിരിക്കുന്ന റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥനെപ്പറ്റി വൈറല്‍ കുറിപ്പുമായി ഡോ. ആഷ ഉല്ലാസ്. തന്‍റെ ബാഗിന്റെ സിബ് പൊട്ടിപ്പോയത് മാറ്റിയിടാനായി  കൊല്ലത്തേക്ക് പോകുന്ന വഴി ഇദ്ദേഹത്തിന്റ അടുത്തേക്ക് പോയപ്പോഴുണ്ടായ ഡോ. ആഷയുടെ അനുഭവമാണ് കുറിപ്പിലുള്ളത്. 

ബാഗു നന്നാക്കാന്‍ കൊടുത്തപ്പോള്‍ പത്തു മിനിറ്റ് എടുക്കും. വെയിറ്റ് പണ്ണുങ്കോ അമ്മാ എന്ന് തമിഴ് കലർന്ന മലയാളത്തിൽ എന്നോട് ഭവ്യതയോടെ പറഞ്ഞു. ബാഗ് നന്നാക്കാൻ കാത്തു നിൽക്കുന്നതിനിടയിൽ ഞാൻ വെറുതെ വിശേഷമൊക്കെ തിരക്കി.

പേര്, പരാശക്തി. നാട്, അടിമാലി ഇടുക്കി. കെഎസ്ഇബിയിൽ ആയിരുന്നു ജോലി. റിട്ടയേർഡ് ആയി. ബി എസ് സി ഡിപ്ലോമ കഴിഞ്ഞതാണ്. ഇപ്പോൾ വയസ്സ് എഴുപതിന് അടുത്തായി. കെഎസ്ഇബിയിൽ നിന്ന് റിട്ടയർ ആയപ്പോൾ  മിക്കവരും വിശ്രമിക്കുന്ന പ്രായത്തിൽ 

പക്ഷെ പരാശക്തി ബന്ധുക്കളുള്ള കൊല്ലത്തേക്ക് വണ്ടി കയറി. റിട്ടയർമെന്റ് കാശിന് ഇടുക്കിയിൽ 3 ഏക്കർ ഏലത്തോട്ടവും അതിൽ ഒരു വീടും വാങ്ങിയിട്ടു.

കൊല്ലത്ത് വന്നിട്ട് വെറുതെ ഇരുന്നില്ല. ആരോഗ്യം ഉള്ളപ്പോൾ കെട്ടിടപ്പണിക്ക് പോയി. കിട്ടിയ എല്ലാ ജോലിയും ചെയ്തു.വാർദ്ധക്യം ശരീരത്തെ തളർത്തിയപ്പോൾ വഴിയോരത്ത് ചെരിപ്പും ബാഗും നന്നാക്കുന്ന ‘ആശാന്റെ’ കൂടെ പോയിരുന്നു. പണി പഠിച്ചു. ഇന്ന് ആശാൻ ഇല്ല.  അതേ സ്ഥലത്ത് പരാശക്തി ആ ജോലി തുടർന്നു. കെഎസ്ഇബി പെൻഷൻ ഉണ്ട്. എന്നിട്ടും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വെയിലും മഴയും കൊണ്ട് ചെരിപ്പ് തുന്നുന്നു. 

കൊല്ലത്ത് വന്നു ജോലി ചെയ്ത പൈസക്ക് 5 സെന്റ് സ്ഥലം വാങ്ങി, ഒരു വീട് വെച്ചു. സ്വന്തം അധ്വാനത്തിൽ. 5 വർഷം മുൻപ് ഭാര്യ മരിച്ചു, മകൾ നഴ്സിംഗ് കഴിഞ്ഞ് പോണ്ടിച്ചേരി ജോലിക്ക് കയറി. ഇപ്പോൾ കൊല്ലത്തെ  വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. ഇടുക്കിയിലെ ഏലതോട്ടം പാട്ടത്തിന് കൊടുത്തിരിക്കുന്നു. 

കൊല്ലത്തു ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്ത് താമസം. സ്വന്തമായി പാചകം. മോൾ ഇടയ്ക് വരും. ഏലത്തോട്ടം മഹീന്ദ്ര കമ്പനി വാങ്ങാൻ വന്നിരിക്കുന്നു. “പറഞ്ഞ വില കിട്ടിയാലേ കൊടുക്കൂ” എന്ന ഉറച്ച നിലപാട്.  പെൻഷൻ ഉണ്ട്, എന്നിട്ടും ജോലി ചെയ്യുന്നു കാരണം അയാൾക്ക് അറിയാം: വിശ്രമം ശരീരത്തിനാണ്, മനസ്സിനല്ല. 

മൂന്ന് ഏക്കർ ഏലത്തോട്ടത്തിന്റെ ഉടമയാണ്, പറഞ്ഞു വന്നാൽ ചെറിയൊരു കോടീശ്വരൻ ആണ്. എന്നിട്ടും തെരുവിൽ ഇരിക്കുന്നു. കാരണം അയാൾക്ക് അറിയാം: അന്തസ്സ് കുപ്പായത്തിലല്ല, അധ്വാനത്തിലാണ്.  മകൾ നഴ്സാണ്, എന്നിട്ടും മകൾക്ക് ഭാരമാകുന്നില്ല. കാരണം അയാൾക്ക് അറിയാം: മക്കൾ നമ്മുടെ സ്വത്തല്ല, നമ്മുടെ സ്നേഹമാണ്. അവരെ വിൽക്കാനുള്ളതല്ല. 

ഭാര്യ പോയിട്ട് 5 വർഷമായി, എന്നിട്ടും തളർന്നില്ല. കാരണം അയാൾക്ക് അറിയാം: ഒറ്റയ്ക്കായാലും നട്ടെല്ല് നിവർന്നേ നിൽക്കാവൂ.

എല്ലാം ഉണ്ടായിട്ടും, ഇന്നും 6 മുതൽ 6 വരെ പണിയെടുക്കുന്നു. കാരണം അയാൾക്ക് അറിയാം: വിയർക്കുന്നത് നിർത്തുന്ന അന്ന് മരിക്കുന്നത് തുടങ്ങും. നമ്മളിൽ പലരും 25 വയസ്സിൽ പറയുന്നു “ജീവിതം മടുത്തു” എന്ന്. 30 വയസ്സിൽ പറയുന്നു “അവസരമില്ല” എന്ന്. 40 വയസ്സിൽ പറയുന്നു “ഇനി സമയമില്ല” എന്ന്. 50 വയസ്സിൽ പറയുന്നു ഇനി വയ്യെന്ന്. വാർദ്ധക്യം ഒരു അസുഖമല്ല. ഒഴിവുകഴിവാണ് അസുഖം.

പരാശക്തി സാറിന് ഒരു ബിഗ് സല്യൂട്ട്. ഇങ്ങനത്തെ മനുഷ്യരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. ഇവരെ പോലുള്ളവരാണ് ഈ ലോകത്തെ മനോഹരമാക്കുന്നതും. പ്രായം തളർത്താത്ത പോരാളി. ഇവരുടെ കഥയാണ് പാഠപുസ്തകത്തിൽ വരേണ്ടത്. – ഡോ. ആഷ ഉല്ലാസ് വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports on an inspiring story shared by Dr. Asha Ullas about a retired KSEB officer who, despite owning land and receiving a pension, continues to repair shoes on the roadside in Kollam. This narrative highlights his strong work ethic and belief in dignity through labor.