ഈ പാടത്തിന്റെ ഒത്ത നടുക്കാണ് കരിപുരണ്ട മനുഷ്യരെ വൈകീട്ടോടെ കണ്ടത്. തൃശൂര്‍ മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ പടക്കപ്പുര. തൃശൂര്‍ പൂരത്തിന് നാലുനാള്‍ ശേഷിക്കേ വിണ്ണില്‍ പൂക്കുന്ന വെടിക്കെട്ട് പൂരത്തിനായുള്ള മരുന്നു നിറക്കലും മറ്റും തകൃതിയായി തീര്‍ക്കുകയായിരുന്നു അവര്‍. വാര്‍ത്ത കൊടുക്കാനായി മനോരമ ന്യൂസ് പ്രതിനിധി പൂജ വിനോദ് ദുരന്തമുണ്ടാവുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ അവിടെയെത്തിയിരുന്നു. ഗന്ധകത്തിൻ്റെയും കരിപ്പൊടിയുടെയും നടുവിൽ പലരുടെയും യഥാർഥ മുഖങ്ങൾ തിരിച്ചറിയാൻ പൂജയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ അവരുടെ കറുത്തിരുണ്ട മുഖങ്ങളിൽ വെളുത്ത ചിരിയുണ്ടായിരുന്നു അന്നേരം. എന്നാൽ, അവരിൽ പലരും ഇന്ന് ജീവനോടെ ഇല്ല.
തിരുവമ്പാടിയുടെ പടക്കപ്പുരയിൽ അവരാകെ സന്തോഷത്തിലായിരുന്നു. (നാലു) ദിവസം കഴിഞ്ഞ് തങ്ങൾ വടക്കുംനാഥൻ്റെ ആകാശത്ത് തീർക്കാൻ പോകുന്ന വർണവിസ്മയത്തിൻ്റെ ആവേശം ആ തെളിഞ്ഞ ചിരിയിലുണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് നടുക്കുന്ന ആ വാർത്ത കേട്ടത്. സാമ്പിളായും പിന്നെ ഒറിജിനലായും ആകാശത്ത് വർണം വിരിക്കേണ്ട അവർ ഒരു തീഗോളത്തിൽ എരിഞ്ഞമർന്നുവെന്ന വാർത്ത. രാവിലെ മുഖങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെങ്കിൽ ഉച്ചകഴിഞ്ഞപ്പോൾ അവരുടെ ശരീരം പോലും തിരിച്ചറിയാനാവാതെ ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.