ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ ചോദ്യം ചെയ്ത കെ.പി. ശശികലയ്ക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. നന്ദഗോവിന്ദം ഭജൻസ് പാടിയ പാട്ടിൽ ക്ഷേത്ര കമ്മിറ്റിക്കോ വിശ്വാസികൾക്കോ പരാതിയില്ലാത്തപ്പോൾ, കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന 'കോമരങ്ങൾ' മാത്രമാണ് ഇതിൽ വിവാദം തിരയുന്നതെന്ന് അബിൻ വർക്കി പരിഹസിച്ചു.
സദ്യ മുഴുവൻ വിളമ്പിയ ശേഷം ഇലയുടെ അറ്റത്ത് അല്പം മലം വിളമ്പുന്നതുപോലെയാണ് ചിലർ നാടിന്‍റെ സമാധാനം കെടുത്തുന്നതെന്ന് അബിന്‍ ഫെയ്സ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന അയ്യപ്പഭക്തിഗാനം താൻ ആദ്യമായി കേൾക്കുന്നത് നാട്ടിലെ പള്ളി പെരുന്നാളിനാണെന്ന് അബിൻ ഓർമ്മിപ്പിച്ചു. അതുപോലെ 'ഇസ്രായേലിൻ നാഥനായി വാഴുന്ന ദൈവം' എന്ന ക്രൈസ്തവ ഭക്തിഗാനം എത്രയോ അമ്പലങ്ങളിലെ ഗാനമേളകളിൽ നാം കേട്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. ഉത്സവ പറമ്പുകളിലും പള്ളി പരിപാടികളിലും മാപ്പിളപ്പാട്ടുകൾക്ക് മതഭേദമന്യേ എല്ലാവരും ചുവടുവെക്കുന്ന സംസ്കാരമാണ് നമുക്കുള്ളത്.
'നന്ദഗോവിന്ദം ഭജൻസ്' ക്ഷേത്രത്തിൽ പാടിയ പാട്ടുകൾക്ക് അവിടെയുള്ള വിശ്വാസികൾക്കോ ക്ഷേത്ര കമ്മിറ്റിക്കോ യാതൊരു എതിർപ്പുമില്ല. എന്നാൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്ന ചില 'കോമരങ്ങൾ' മാത്രമാണ് ഇത് പ്രശ്നമാക്കുന്നത്. "നമ്മുടെ നാട് നല്ല മതേതരം ആയ ഒന്നാണ്. പത്തു കൊല്ലം മുൻപ് വരെ പാട്ടിൽ മതം ഉണ്ടെന്നുള്ള കാര്യം നമ്മൾ ചിന്തിച്ചിട്ടുപോലുമില്ല. എന്നാൽ നല്ല ഒന്നാം തരം സദ്യ വിളമ്പിയിട്ട് അതിന്റെ അറ്റത്ത് അല്പം നായ കാഷ്ടം വെച്ചാൽ എങ്ങനെയിരിക്കും? അതാണ് വിദ്വേഷം പ്രചരിപ്പിക്കുന്ന ഈ വക ആളുകളുടെ അവസ്ഥ." - അബിൻ വർക്കി കുറിച്ചു.