കള്ള പ്രചരണങ്ങളിലൂടെ കടിച്ചു കീറാൻ തക്കംപാർത്ത് നിൽക്കുന്ന സിപിഎം വേട്ടപ്പട്ടികൾക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും, ഏതറ്റം വരെയും പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. വിഷ്ണു സുനിൽ. മന്ത്രി ബിന്ദുകൃഷ്ണ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ നടക്കുന്ന സൈബര്‍ അറ്റാക്കിന്‍റെ പശ്ചാത്തലത്തിലാണ് വിഷ്ണു സുനിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയത്.
വെറുപ്പിനെ വെറുപ്പ് കൊണ്ടല്ല നേരിടേണ്ടത്. ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിർത്തുന്നതോ അസ്പർശ്യരാക്കുന്നതോ ഗാന്ധിയൻ ആശയമല്ല. വെറുപ്പ് പ്രചരിപ്പിക്കുന്നവരെയും നമുക്ക് സ്നേഹം കൊണ്ട് കീഴ്പ്പെടുത്തനാകണം. നമ്മൾ ഉയർത്തുന്ന മതേതരത്വത്തിന്റെയും സ്നേഹത്തിന്റെയും പാതയിലേക്ക് അവരെയും നയിക്കാനാകണം. അതുകൊണ്ട് തന്നെ മന്ത്രി ബിന്ദുകൃഷ്ണ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ട്. വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ട്. എന്നുകരുതി അദ്ദേഹത്തിനോട് മിണ്ടാനും, അദ്ദേഹത്തെ കാണാനും പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതൽ അപകടകരമാണ്.
വെള്ളാപ്പള്ളി നടേശനെ മാത്രമല്ല ബിന്ദു കൃഷ്ണ സന്ദർശിച്ചത്. എൻഎസ്എസ് ആസ്ഥാനത്തും കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങളിലും ഇസ്ലാം മത നേതാക്കളെയും ഒക്കെ ബിന്ദു കൃഷ്ണ സന്ദർശനം നടത്തി. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണ് ബിന്ദു കൃഷ്ണ പിന്തുടർന്നത്. അല്ലാതെ പ്രീണനം അല്ല. സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വനിതയെ യുഡിഎഫ് മന്ത്രിസ്ഥാനം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അത് പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം ചെറുതല്ല. ഒരു വനിതാ മന്ത്രിക്ക് എതിരെ സിപിഎം നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ സമൂഹത്തിൽ നിങ്ങളോടുള്ള വെറുപ്പും വിദ്വേഷവും വർദ്ധിക്കാനേ ഇടയാക്കു.
സിപിഎമ്മിൻ്റെ കോട്ടക്കൊത്തളങ്ങൾ പൊളിച്ചടുക്കിയാണ് ബിന്ദു കൃഷ്ണ കൊല്ലം സീറ്റ് പിടിച്ചെടുത്തത്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും ഒപ്പം കെഎസ്‌യു, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെയും രക്തരൂക്ഷിത പോരാട്ടങ്ങളുടെയും വാർന്ന രക്തത്തിന്റെയും പിൻബലം ബിന്ദു കൃഷ്ണയുടെ മന്ത്രിസ്ഥാനത്തിന് ഉണ്ട് എന്ന് സിപിഎം മറന്നുപോകരുത്. ഒരു ചെറിയ നാക്കു പിഴ പോലും വാളാക്കിക്കൊണ്ട് സിപിഎം നടത്തുന്ന നെറികെട്ട സൈബർ പ്രചരണങ്ങൾ അത് നിങ്ങളുടെ നെറ്റിയിൽ തിരിഞ്ഞു കൊത്തും എന്ന സത്യം നിങ്ങൾ കൊണ്ടു തന്നെ അറിയും.
ഒരു കാര്യം കൂടി പറയട്ടേ മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ മന്ത്രി ബിന്ദുകൃഷ്ണ ടാർജറ്റ് ചെയ്യപ്പെടുന്നു. അതിന് പിന്നിലെ ഗൂഢബുദ്ധി കൂടി തിരിച്ചറിയപ്പെടണം. ഈ നെറികെട്ട നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി ബിന്ദു കൃഷ്ണയുടെ പിന്നിൽ പൂർണമായ സംരക്ഷണ കവചം ഒരുക്കി കോട്ടയായി അണിനിരക്കും. – വിഷ്ണു സുനിൽ കുറിച്ചു.