കേരളത്തിലെ നിയമസഭാ തിര‍ഞ്ഞെടുപ്പ് വിജയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അഭിനന്ദിച്ചുള്ള ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പോസ്റ്റിന് പൊങ്കാല. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ഉദയ് ഭാനുവും വേണുഗോപാലും തമ്മിലുള്ള കൂടിക്കാഴ്ചയെ പറ്റിയുള്ള പോസ്റ്റില്‍ 'കേരളത്തിലെ മികച്ച വിജയത്തിലെ വേണുഗോപാലിനെ അഭിനന്ദിച്ചു' എന്നും പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റിന്‍റെ കമന്‍റിലാകെ നിറഞ്ഞുനില്‍ക്കുന്നത് വി.ഡി.സതീശനാണ്. 

കേരളത്തിലെ വിജയശില്‍പി വിഡിയാണെന്നും കെസിക്ക് അതില്‍ റോളില്ലെന്നുമാണ് കമന്‍റില്‍ വി.ഡി.അനുകൂലികള്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന വേണുഗോപാലിന്‍റെ വാക്കുകളും പലരും ഓര്‍മിപ്പിച്ചു. വേണുഗോപാലിന് ചുമതലയുണ്ടായിരുന്ന മറ്റ് സംസ്ഥാനങ്ങളിലെ തിര‍ഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്നും കേരളത്തില്‍ വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാവണമെന്നും ആവശ്യങ്ങളുയര്‍ന്നു. 

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുമുണ്ടാവില്ല. തീരുമാനമെടുക്കും മുന്‍പ് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തും. സാഹചര്യം സങ്കീര്‍ണമായതിനാല്‍ ഘടകകക്ഷികളുടെ അഭിപ്രായവും തേടും. എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തീരുമാനം വൈകുന്നതിലെ ജനങ്ങളുടെ അതൃപ്‌തി കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. തെരുവു പോരും സോഷ്യല്‍മീഡിയ യുദ്ധവും അവസാനിപ്പിച്ച് എല്ലാവരും ശാന്തരാകാനാണ് കാത്തിരിപ്പ് എന്ന് കെ.സി പക്ഷം പറയുന്നു. കെസി വേണുഗോപാലിനെതിരായ വികാരം ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വി.ഡി അനുകൂലികളും അവകാശപ്പെട്ടു. 

ENGLISH SUMMARY:

Kerala Congress faced backlash on social media following a post by Indian Youth Congress praising KC Venugopal for the election victory. Critics argued that VD Satheesan was the true architect of the win, leading to a heated online debate and calls for Satheesan to be the next Chief Minister.